തിരുവനന്തപുരം: തൊഴിൽ തേടി കേരളത്തിലേക്ക് കുടിയേറിയ ഇതര സംസ്ഥാനക്കാരെ മൊത്തത്തിൽ ബംഗാളികൾ എന്നു വിളിക്കുന്നത്  സാധാരണമായിക്കഴിഞ്ഞു. ഉത്തർപ്രദേശിൽ നിന്നോ അസമിൽ നിന്നോ വന്നവരും ഇവിടെ ബംഗാളിയായി അറിയപ്പെടും. കുടുസ്സുമുറികളിൽ കൂട്ടമായി താമസിച്ചും ഭക്ഷണമുണ്ടാക്കി കഴിച്ചും തകരഭിത്തികൾക്കുള്ളിൽ പൊളളുന്ന ഷീറ്റിനടിയിൽ വെന്തും ദൂരെയുളള കുടുംബത്തിന് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന അതിഥി തൊഴിലാളികൾ. ഗൾഫ് രാജ്യങ്ങളിലെ ബ്ലൂകോളർ ജോലിക്കാരായ മലയാളികൾക്കും ഇങ്ങനെയൊക്കെത്തന്നെ. മേൽപ്പറഞ്ഞവ മലയാളിക്ക് കണ്ടും അനുഭവിച്ചും കൂടുതലറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭയാർത്ഥിയുടെ ജീവിതം ഏതു തൊഴിലിടത്തിലും ദുരിതപർവമാണ്. കുടിയേറിയെത്തുന്നവർ ഏത് നാട്ടിലും ന്യൂനപക്ഷവും രണ്ടാം തരക്കാരുമാണ്. മിക്കപ്പോഴും തൊഴിലിടത്തിൽ  അവകാശങ്ങളില്ലാത്തവർ. മുതലാളിമാരുടെ അപ്രഖ്യാപിത അടിമകൾ. അടിമകളെ തല്ലിക്കൊന്നാലും ആരും ചോദിക്കാനെത്തില്ല. എത്രയൊക്കെ പീഢനം നേരിട്ടാലും അതിൽ നിന്ന് ഒരു രക്ഷപ്പെടൽ പലർക്കും സാധിക്കാറില്ല. ഇനി രക്ഷപ്പെട്ടാലും പട്ടിണിയില്ലാത്ത ഒരു ജീവിതം പലർക്കും സാധ്യമാകാറുമില്ല. ഇത്തരത്തിൽ എത്രയൊക്കെ ഒഴിവാക്കാൻ ശ്രമിച്ചാലും തൊഴിലാളികളെ ചുറ്റിപ്പിടിക്കുന്ന ദുരിതങ്ങളെ ആസ്പദമാക്കിയുള്ള റഷ്യൻ ചിത്രമാണ് കൺവീനിയൻസ് സ്റ്റോർ. 


ALSO READ: IFFK 2022: രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച 66 ചിത്രങ്ങൾ; കിം കി ഡുക്ക് ചിത്രം കാൾ ഓഫ് ഗോഡിന്റെ ആദ്യ പ്രദർശനം


മൈക്കൽ ബോറോഡിൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുഖറ സാൻസിസ്ബേ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മോസ്കോയിലെ ഒരു സൂപ്പർ മാർക്കറ്റാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. ഇവിടെ ജോലി ചെയ്യുന്നത് ഉസ്ബക്കിസ്ഥാനിൽ നിന്ന് വന്ന ഏതാനും അഭയാർത്ഥികളാണ്. ഒരേ കുടുസ്സുമുറിയിലാണ്  സ്ത്രീകളും പുരുഷന്മാരും  കുട്ടികളുമുൾപ്പെടെ പല കുടുംബങ്ങളും താമസിക്കുന്നത്. സൂപ്പർ മാർക്കറ്റിന്‍റെ ഉടമയായ സന്ന എന്ന സ്ത്രീ നയപരമായി നടപ്പാക്കുന്ന മുതലാളിത്ത നടപടികൾക്ക് ആഗോള സ്വഭാവമുണ്ട്.


'ഞാൻ നിങ്ങളെ എന്‍റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കാണുന്നത്' എന്ന്  ഇടയ്ക്കിടെ തൊഴിലാളികളോട് പറയാറുണ്ടവർ. തൊഴിലാളികളെ മർദ്ദിക്കുന്നത് തൻ്റെ അവകാശമാണെന്ന ബോധം അവർക്കുണ്ടാക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. തൊഴിലാളികളുടെ ആ ബോധത്തിൻ്റെ ആനുകൂല്യത്തിൽ സന്ന അവരെ ക്രൂരമായി മർദ്ദിക്കും, അസഭ്യം പറയും, വനിതാ തൊഴിലാളികളെ മറ്റ് പുരുഷന്മാർക്ക് കാഴ്ച്ച വയ്ക്കും, ഇതിന് പുറമേ നിർബന്ധപൂർവം അവരുടെ വിവാഹം നടത്തും. ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ ക്രൂരമർദ്ദനമാകും ശിക്ഷ. സന്നയുടെ പിടിയിൽ അകപ്പെട്ടുപോയ മുഖബ്ബത്ത് എന്ന അഭയാർത്ഥി തൊഴിലാളിയാണ് കൺവീനിയൻസ് സ്റ്റോറിലെ പ്രധാന കഥാപാത്രം. 


ALSO READ: IFFK 2022 Nanpakal Nerathu Mayakkam: നൻപകൽ നേരത്ത് മയക്കം ഇന്ന് ഐഎഫ്എഫ്കെയിൽ; ചിത്രം പ്രദർശിപ്പിക്കുന്നത് ടാ​ഗോർ തിയേറ്ററിൽ


പൂർണമായും റിയലിസ്റ്റിക്കല്ല ചിത്രം. കാൽപ്പനികത കൂടി ഉൾപ്പെടുത്തിയാണ് കൺവീനിയൻസ് സ്റ്റോർ അവതരിപ്പിച്ചിരിക്കുന്നത്. മുഖബ്ബത്ത് എന്ന പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. മോസ്കോയിൽ നിന്ന് മുഖബ്ബത്തിന് ഏൽക്കേണ്ടിവരുന്ന പീഢനങ്ങൾ  അവളുടെ മനസ്സിലുണ്ടാക്കുന്ന വിചിത്രമായ ചിന്തകളെയും സ്വപ്നങ്ങളെയും പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. താൻ നേരിടാൻ പോകുന്ന ഭവിഷ്യത്തുകൾ അറിഞ്ഞിട്ടും മറ്റു വഴികളില്ലാതെ മുഖബ്ബത്ത് ചെയ്യുന്ന പ്രവൃത്തികൾ വേദനയോടെ മാത്രമേ കണ്ടിരിക്കാൻ സാധിക്കുകയുള്ളൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.