Jaladhara Pumpset: ആളുകള്‍ അറിയുന്ന നടനാകണം, `ജലധാര പമ്പ്സെറ്റി`ല്‍ പ്രതീക്ഷ; വിശേഷങ്ങള്‍ പങ്കുവെച്ച് സാഗര്‍
Jaladhara Pumpset actor Sagar: വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിന്‍സ് 1962. ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. നിര്‍മ്മാതാക്കളില്‍ ഒരാളായ സാഗര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജലധാര പമ്പ്സെറ്റ് എന്ന ചിത്രത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമെല്ലാം സീ മലയാളം ന്യൂസുമായി പ്രതീക്ഷകള്‍ പങ്കുവെയ്ക്കുകയാണ് സാഗര്‍.
- സിനിമയിലെ ഒരുവിധം എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള വ്യക്തിയാണ് സാഗര്‍. സംവിധാനമാണോ നിര്‍മ്മാണമാണോ അതോ അഭിനയമാണോ കൂടുതല്‍ ഇഷ്ടം?
ഒരു ആക്ടര്‍ ആകണമെന്ന ആഗ്രഹം തന്നെയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. സിനിയില്‍ എത്തിപ്പെടാന്‍ ഒരുപാട് കഷ്ടപ്പെട്ടു. സിനിമയില്‍ എത്തിയപ്പോള്‍ എന്റെ ആഗ്രഹം പോലെ തന്നെ അഭിനയത്തിലൂടെയാണ് തുടങ്ങിയത്. അതിന് ശേഷം അസിസ്റ്റന്റ് ഡയറക്ടറായി സിനിമ സംവിധാന മേഖലയിലേയ്ക്ക് എത്തി. ഇപ്പോള്‍ ഞാനൊരു സിനിമയുടെ പ്രൊഡ്യൂസര്‍ പങ്കാളി കൂടിയാകുന്നുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചാല്‍ കുട്ടിക്കാലം മുതല്‍ തന്നെ ഒരു നടനാകണം എന്നുള്ള ആഗ്രഹം തന്നെയായിരുന്നു. ഒരു നല്ല നടനാകുക എന്നത് തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. എന്നും സിനിമയുടെ ഭാഗമായി നിന്ന് മുന്നോട്ട് പോകണം എന്നും ആഗ്രഹമുണ്ട്.
ALSO READ: കൂൾ..! ജയിലർ റിലീസിനിടെ രജനികാന്ത് ഹിമാലയത്തിലേക്ക്
- സംവിധാന മേഖലയില്‍ നിന്ന് നടനിലേയ്ക്കും നിര്‍മ്മാതാവിലേയ്ക്കും എത്തിയപ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ആഗ്രഹം പോലെ തന്നെ ഒരു നടനായാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഭഗവാന്‍ എന്ന സിനിമയില്‍ ലാലേട്ടന്റെ കൂടെയാണ് ആദ്യം അഭിനയിച്ചത്. ഡയലോഗുകള്‍ ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ, അദ്ദേഹത്തിന്റെ കൂടെയായിരുന്നു ഫസ്റ്റ് സ്‌ക്രീന്‍ സ്‌പേസ്. അതിന് ശേഷമാണ് ഞാന്‍ ലെനിന്‍ സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറാകുന്നത്. പിന്നെ ഒരു സിനിമയില്‍ കൂടി അസിസ്റ്റന്റ് ഡയറക്ടറായി. റേസ് എന്നാണ് ആ പടത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് ഏട്ടന്‍, മംമ്ത എന്നിവരായിരുന്നു ആ ചിത്രത്തില്‍ അഭിനയിച്ചത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുമ്പോഴാണ് ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടാകുന്നത്. അത് ഒരു അവാര്‍ഡ് മൂവി ആയിരുന്നു.
അങ്ങനെയാണ് ഞാന്‍ സിനിമയില്‍ ആക്ടര്‍ എന്ന നിലയിലില്‍ മുന്നോട്ട് വരുന്നത്. അതിന് ശേഷം അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റായും നായകനായും വില്ലനായും സഹനടനായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ജലധാര പമ്പ്‌സെറ്റില്‍ എത്തുമ്പോള്‍ ഞാന്‍ ഒരു സിനിമയുടെ പ്രൊഡക്ഷന്‍ പങ്കാളി കൂടി ആകുന്നുണ്ട്. ഞങ്ങളുടെ കമ്പനിയാണ് വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡ്. ഞാനും ബൈജു ചെല്ലമ്മ, സനിത ശശിധ രന്‍ എന്നിവരാണ് വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡ് എന്ന കമ്പനിയുടെ പാര്‍ട്‌ണേഴ്‌സ്.
എല്ലാവരും സിനിമ സ്വപ്നം കണ്ട് വരുന്നവരാണ്. ഇതില്‍ വന്ന് ആദ്യം നമ്മള്‍ സിനിമയിലെത്താന്‍ വേണ്ടി ആഗ്രഹിച്ച് അതിന് വേണ്ടി ഓടി നടന്ന് ഒരു അവസരം കിട്ടി. ഏത് സെക്ഷനാണെങ്കിലും അവസരം ലഭിക്കുക എന്നതാണ് പ്രധാനം. ഉള്ളില്‍ വന്നതിന് ശേഷം ഈ ഫീല്‍ഡില്‍ നിന്നുപോകുക എന്നത് മറ്റ് ഫീല്‍ഡുകള്‍ പോലെ അല്ല. ഓരോ സിനിമ കഴിഞ്ഞും അടുത്ത സിനിമകള്‍ നമ്മള്‍ കണ്ടെത്തണം. അല്ലെങ്കില്‍ നമ്മളെ തേടി എത്തണം. അങ്ങനെ ഓരോ സിനിമകളുടെയും ഭാഗമായി ഭാഗമായി നമ്മള്‍ മുന്നോട്ട് പോകണം. മറ്റ് ജോലികളാണെങ്കില്‍ ഒരു സ്ഥലത്ത് ജോലിയ്ക്ക് കയറിയാല്‍ പിന്നെ എന്താണോ ചെയ്യുന്നത് അത് തുടര്‍ന്ന് കൊണ്ടുപോയാല്‍ മതി. സിനിമയിലാകുമ്പോള്‍ ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേയ്ക്ക്, അടുത്ത ടീമിലേയ്ക്ക് നമ്മള്‍ എത്തുക. അല്ലെങ്കില്‍ ഈ സിനിമ ചെയ്ത ആളുകളുടെ കൂടെയാണെങ്കിലും പുതിയ സിനിമ ഉണ്ടാകുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്.
15 വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഒരുപാട് സന്തോഷവും സങ്കടവുമൊക്കെ അനുഭവിച്ച് പല പല സാഹചര്യങ്ങളിലൂടെ കടന്നുവന്നാണ് ഇത് വരെ എത്തിനില്‍ക്കുന്നത്. ഒരുപാട് ഇഷ്ടപ്പെടുന്ന തൊഴിലായതിനാല്‍ എല്ലാം എന്‍ജോയ് ചെയ്ത് പോകുന്നു. ഓരോ സാഹചര്യങ്ങളിലൂടെയും കടന്നുപോയി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രൊഡക്ഷനില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ 15 വര്‍ഷത്തെ അനുഭവങ്ങള്‍ ഒരുപാട് സഹായിച്ചു എന്നതാണ് സത്യം. ഒരുപാട് കടമ്പകള്‍ കടന്നാണ് ഈ ഒരു സ്റ്റേജിലേയ്ക്ക് എത്തിയിരിക്കുന്നത്.
- നായകനായും വില്ലനായുമെല്ലാം അഭിനയിച്ചു കഴിഞ്ഞപ്പോള്‍ സാഗറിന് സ്വയം തോന്നിയത് എന്താണ്? താങ്കളൊരു നായകനാണോ അതോ വില്ലനാണോ?
സിനിമയിലെ അഭിനയം വെച്ചാണെങ്കില്‍ എനിക്ക് അങ്ങനെ നായകന്‍, വില്ലന്‍ എന്നൊരു വ്യത്യാസം തോന്നിയിട്ടില്ല. ചെയ്യുന്ന ക്യാരക്ടര്‍ അത് എന്ത് തന്നെയായാലും നന്നായി ചെയ്യണം എന്ന് മാത്രമേയുള്ളൂ ആഗ്രഹം. എനിക്ക് നായകനാകാനും വില്ലനാകാനും സഹനടനാകാനുമെല്ലാം കഴിയും എന്നാണ് തോന്നിയത്. ഞാനെന്ന വ്യക്തിയെ കുറിച്ചാണ് ചോദ്യമെങ്കില്‍ എല്ലാ തരം ഗുണങ്ങളുമുള്ള, എല്ലാ മനുഷ്യരെയും പോലെ തന്നെ വില്ലനിസവും ഹീറോയിസവുമുള്ള ഒരു സാധാരണ വ്യക്തിയാണ് ഞാന്‍. ഒരു നടനെന്ന നിലയില്‍ എല്ലാ കഥാപാത്രങ്ങളും നമുക്ക് ചെയ്യാന്‍ കഴിയണം എന്ന് തന്നെയാണ് ആഗ്രഹം. അങ്ങനെ ചെയ്യാനായി പാകപ്പെട്ട് വരിക. അതിന് വേണ്ടി ശ്രമിക്കുക എന്നത് തന്നെയാണ് പ്രധാനം. നിരന്തരമായ തൊഴില്‍ ലഭിച്ചാലേ പാകപ്പെട്ട ഒരു നടനാകാന്‍ സാധിക്കൂ. തുടര്‍ച്ചയായി വര്‍ക്ക് ചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങളെല്ലാം സാധ്യമാകൂ.
- കുട്ടിക്കാലം മുതല്‍ തന്നെ സിനിമയോടായിരുന്നോ താത്പ്പര്യം?
കുട്ടിക്കാലം മുതല്‍ തന്നെ സിനിമയോടായിരുന്നു താത്പ്പര്യം. കാരണം എന്റെ അച്ഛന്‍ ഒരു ഫോട്ടോഗ്രാഫറാണ്. സിനിമയില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഓര്‍മ്മ വെച്ച കാലം തൊട്ട് അച്ഛന്റെ ക്യാമറയ്ക്ക് മുന്നിലാണ് നിന്നിട്ടുള്ളത്. അതൊക്കെ തന്നെയായിരിക്കാം നടനാകണമെന്ന ആഗ്രഹം തോന്നാന്‍ കാരണം.
- 15 വര്‍ഷമായി താങ്കള്‍ മലയാള സിനിമയുടെ ഭാഗമാണല്ലോ..മലയാളം ഇന്‍ഡസ്ട്രിയുടെ മുന്നോട്ടുള്ള യാത്രയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരണമെന്ന് തോന്നിയിട്ടുണ്ട്?
നമ്മുടെ മലയാളം ഇന്‍ഡസ്ട്രി ഓരോ സമയത്തും ക്യത്യമായ അപ്‌ഡേഷനുകള്‍ വരുത്താറുണ്ട്. മറ്റ് ഇന്‍ഡസ്ട്രികളെ പോലെ 400 കോടി രൂപയുടെയോ 150 കോടി രൂപയുടെയോ ബിഗ് ബജറ്റ് സിനിമകള്‍ ഇല്ലെങ്കിലും നമുക്ക് ഒരു കണ്ടന്റ് ക്വാളിറ്റിയുണ്ട്. നമ്മുടെ ഇന്‍ഡസ്ട്രിയിലുള്ളവരാണ് പുറത്തും വര്‍ക്ക് ചെയ്യുന്നത്. കണ്ടന്റിന്റെ കാര്യത്തില്‍ എന്നും മലയാളം ഇന്‍ഡസ്ട്രി ടോപ്പാണ്. ടെക്‌നോളജിയിലും നമ്മള്‍ അപ്‌ഡേറ്റ് ആകുന്നവരാണ്. സിനിമയുടെ ഭാഷ സിനിമ തന്നെയാണ്. മറ്റ് ഭാഷകളിലെ ബിഗ് ബജറ്റ് സിനിമകള്‍ക്ക് വേണ്ടി ഇന്ത്യ മുഴുവനുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. അത് പോലെ തന്നെ മലയാള സിനിമയ്ക്ക് വേണ്ടിയും കാത്തിരിക്കുന്ന ഒരു കാലം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തീര്‍ച്ചയായും അത് ഉണ്ടാകുക തന്നെ ചെയ്യും.
ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഫിലിം ക്യാമറയായിരുന്നു. ആ കാലഘട്ടത്തില്‍ തന്നെയാണ് അസിസ്റ്റന്റ് ഡയറക്ടറാകുന്നതും. ഡിജിറ്റലിലേയ്ക്ക് മാറുന്ന സമയമായിരുന്നു. റേസ് എന്ന ചിത്രത്തില്‍ ഡിജിറ്റല്‍ ക്യാമറയാണ് ഉപയോഗിച്ചത്. വലിയൊരു മാറ്റമായിരുന്നു അത്. അന്ന് അതിനെ കുറിച്ച് ഒന്നും അറിയില്ല. തമിഴ് ഇന്‍ഡസ്ട്രിയിലെ ക്യാമറാമാനാണ് അന്ന് വര്‍ക്ക് ചെയ്തത്. ഇന്ന് അതിലൊക്കെ വലിയ മാറ്റം ഉണ്ടായിക്കഴിഞ്ഞു. ഒരുപാട് അപ്‌ഡേറ്റഡാണ്. ഇന്ന് ഒടിടിയും കഴിഞ്ഞ് അടുത്ത ലെവലിലേയ്ക്ക് പോകുകയാണ്.
- മലയാളത്തിന് പുറമെ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുള്ള നടനാണല്ലോ താങ്കള്‍..മലയാളം, തമിഴ് ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള വ്യത്യാസം എന്താണ്?
വ്യത്യാസം ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല. ഞാന്‍ ഫിലിം പഠനം കഴിഞ്ഞതിന് ശേഷം ചെന്നൈയിലേയ്ക്കാണ് വണ്ടി കയറിയത്. ഏകദേശം 2007ലാണ് ചെന്നൈയിലെത്തുന്നത്. തമിഴ് ഇന്‍ഡസ്ട്രിയിലാണ് ആദ്യമായി എത്തിപ്പെടുന്നത്. അന്ന് മലയാള സിനിമകളിലെ ഒട്ടുമിക്ക പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ചെന്നൈയിലാണ് നടന്നിരുന്നത്. അതുകൊണ്ട് മലയാളത്തിലെ ടെക്‌നീഷ്യന്‍മാരെല്ലാം ചെന്നൈയിലുണ്ടായിരുന്നു. അന്നും ഇന്നും തമിഴ് ഇന്‍ഡസ്ട്രിയുമായി ബന്ധമുണ്ട്. മലയാളം, തമിഴ് സിനിമകള്‍ തമ്മില്‍ കള്‍ച്ചറിലുള്ള വ്യത്യാസമുണ്ട്. നമ്മുടെ മേക്കിംഗ്, പ്രീ പ്രൊഡക്ഷന്‍ മുതല്‍ റിലീസ് വരെയുള്ള നമ്മുടെ ഫോര്‍മുലയും അവരുടേതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. തമിഴ് ഒരു വലിയ ഇന്‍ഡസ്ട്രിയാണ്. നമ്മുടെ ഇന്‍ഡസ്ട്രി കണ്ടന്റ് കൊണ്ട് സമ്പന്നമാണ്. തമിഴില്‍ ഒരുപാട് പണം ഇന്‍വെസ്റ്റ് ചെയ്യും. അത് തന്നെയാണ് പ്രധാന വ്യത്യാസമായി തോന്നിയിട്ടുള്ളത്.
- ഏറ്റവും പുതിയ പ്രോജക്ടായ ജലധാര പമ്പ്സെറ്റ് എന്ന സിനിമയെ കുറിച്ച് പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962 സറ്റയര്‍ കോമഡി കോര്‍ട്ട് ഡ്രാമയാണ്. ഇന്ദ്രന്‍സ് ഏട്ടനും ഉര്‍വ്വശി ചേച്ചിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൃണാളിനി ടീച്ചര്‍ എന്ന കഥാപാത്രത്തെ ഉര്‍വ്വശി ചേച്ചിയും മണി എന്ന കഥാപാത്രത്തെ ഇന്ദ്രന്‍സ് ചേട്ടനും അവതരിപ്പിച്ചിരിക്കുന്നു. ഉണ്ണി എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഉര്‍വ്വശി ചേച്ചിയുടെ കഥാപാത്രത്തിന്റെ കൂടെ എല്ലാ കാര്യത്തിനും ഒരു സാരഥിയെ പോലെ നില്‍ക്കുന്ന കഥാപാത്രമാണ് ഉണ്ണി. വിജയരാഘവന്‍ ചേട്ടന്‍, സനുഷ, ജോണി ആന്റണി ചേട്ടന്‍, ടി.ജി രവി ചേട്ടന്‍, നിഷ സാരംഗ്, അഞ്ജലി, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, സജിന്‍ അങ്ങനെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഈ സിനിമയിലുണ്ട്.
എല്ലാവര്‍ക്കും സന്തോഷത്തോടെ കാണാന്‍ പറ്റുന്ന സിനിമയായിരിക്കും ജലധാര പമ്പ്സെറ്റ്. നമുക്ക് പണ്ടുതൊട്ടേ കണ്ട് ഇഷ്ടമുള്ള ഇന്ദ്രന്‍സ് ചേട്ടനും ഉര്‍വ്വശി ചേച്ചിയും ഒരുമിച്ച് കോംബോ ആയുള്ള മുഴുനീള സിനിമ എന്ന പ്രത്യേകതയുണ്ട്. ബാക്കിയുള്ള കാര്യങ്ങളെല്ലാം സിനിമ കണ്ട് പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്.
- നിര്‍മ്മാണ രംഗത്തേയ്ക്ക് കടക്കാനുണ്ടായ സാഹചര്യം?
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആനിമേഷന്‍ വര്‍ക്കുകളൊക്കെ ചെയ്യുമായിരുന്നു. എന്റെ ബാക്ക് ഗ്രൗണ്ടും ഒരു ഫോട്ടോഗ്രാഫിക് ഫാമിലിയാണ്. അതുകൊണ്ട് തന്നെ സ്റ്റുഡിയോ എന്ന ആശയം എന്നും മനസിലുണ്ടായിരുന്നു. വര്‍ക്കില്ലാത്ത സമയത്ത് ആഡ് ഫിലിംസ് ഒക്കെ ഷൂട്ട് ചെയ്യാം എന്നൊരു ആശയം മനസില്‍ വെച്ചാണ് വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡ് എന്ന കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചത്. 2019ല്‍ കോവിഡിന് തൊട്ടുമുമ്പ് അരം എന്ന ഷോര്‍ട്ട് മൂവിയില്‍ അഭിനയിച്ചിരുന്നു. വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡ് ആദ്യമായി കോ പ്രൊഡക്ഷന്‍ ചെയ്യുന്നത് ഇതിലാണ്. ബൈജു ചെല്ലമ്മയും സനിത ചേച്ചിയും ഈ ഷോര്‍ട്ട് മൂവി കണ്ടിരുന്നു. പിന്നീട് ബൈജു ചേട്ടനുമായുള്ള ചര്‍ച്ചയിലാണ് ഒരു ഫിലിം പ്രൊഡക്ഷന്‍ തുടങ്ങിയാലോ എന്ന തീരുമാനത്തിലെത്തിയത്. അങ്ങനെയാണ് സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് എത്തിയത്.
- കോമഡി സറ്റയര്‍ സ്വഭാവമുള്ള സിനിമ തന്നെ ആദ്യം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?
കോവിഡിന് ശേഷമാണ് പ്രൊഡക്ഷനിലേയ്ക്ക് വരുന്നത്. കോവിഡിന് ശേഷം ഒരുപാട് മാറ്റങ്ങളുണ്ടായി. ഒടിടി പ്ലാറ്റ്‌ഫോംസ് വന്നു, കുറച്ച് കാലം തിയേറ്ററുകള്‍ അടച്ചിട്ടു. ആ സമയത്താണ് നമ്മള്‍ സിനിമ ചെയ്യാനുള്ള പ്ലാനിലേയ്ക്ക് എത്തിയത്. 2021ലാണ് സബ്ജക്ടുകള്‍ കേട്ട് തുടങ്ങിയത്. കോവിഡ് ശേഷം മനസിന് സന്തോഷം നല്‍കുന്ന, കുടുംബത്തോടൊപ്പം കാണാവുന്ന ഒരു സിനിമ വേണമെന്നായിരുന്നു ആഗ്രഹം. 2019ല്‍ സനു കെ ചന്ദ്രന്‍ എന്ന സുഹൃത്തില്‍ നിന്ന് കേട്ട ഒരു ത്രെഡാണ്. ആശിഷ് ചിന്നപ്പ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്റെ ക്ലാസ്‌മേറ്റായിരുന്നു. സുഹൃത്തുക്കളെല്ലാം കൂടി ഒരു കൂട്ടായ്മയില്‍ നിന്നുണ്ടായ സബ്ജക്ടാണ്. പ്രധാന കഥാപാത്രങ്ങള്‍ ഇന്ദ്രന്‍സ് ചേട്ടനും ഉര്‍വ്വശി ചേച്ചിയും ചെയ്യണമെന്നായിരുന്നു ആഗ്രഹം. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം അങ്ങനെ തന്നെ സംഭവിച്ചു. ഇന്ന് ഇവിടം വരെ എത്തി. അങ്ങനെയാണ് ഈ രീതിയിലൊരു സിനിമ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
- ഒരു നിര്‍മ്മാതാവെന്ന നിലയില്‍ റിയല്‍ ലൈഫ് സ്റ്റോറികള്‍ സിനിമകളാകുന്നതിന്റെ പോസിറ്റീവ്സ് എന്തൊക്കെയാണ്?
റിയല്‍ ലൈഫ് സ്റ്റോറീസ് ചെയ്യുമ്പോള്‍ അതിന് ഒരു ലൈഫ് ഉണ്ട്. സിനിമാറ്റിക് ആയി അതിനെ ആളുകളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അത്തരം കണ്ടന്റുകള്‍ക്ക് ഒരു ലൈഫ് ഉണ്ട് എന്നതാണ് പോസിറ്റീവ്. ഡോക്യുമെന്ററി പോലെ അകാതെ സിനിമാറ്റിക് ആയി എത്തണം. സിനിമയുടെ എല്ലാ റെസിപ്പിയും വേണമല്ലോ. അത് കുറച്ച് ബുദ്ധിമുട്ടാണ്. ആളുകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടാനും സാധ്യതയുള്ളവയാണ് റിയല്‍ ലൈഫ് സിനിമകള്‍.
- വളരെ സീനിയര്‍ താരങ്ങളായ ഇന്ദ്രന്‍സ്, ഉര്‍വ്വശി എന്നിവരോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം?
ഇന്ദ്രന്‍സ് ചേട്ടനോടൊപ്പം മുമ്പ് 2012,2013 കാലഘട്ടങ്ങളില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് തൊട്ടേ നല്ല സൗഹൃദമുണ്ട്. ഉര്‍വ്വശി ചേച്ചിയ്‌ക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. പ്രിയദര്‍ശന്‍ സാറിന്റെ അപ്പാത്ത എന്ന ചിത്രത്തിന്റെ പൊള്ളാച്ചിയിലെ സെറ്റില്‍ പോയാണ് ഉര്‍വ്വശി ചേച്ചിയോട് കഥ പറയുന്നത്. അന്ന് തൊട്ട് ഇന്ന് വരെ നല്ല ബന്ധമുണ്ട്. 700 സിനിമകള്‍ ചെയ്തയാളാണ് ചേച്ചി. അതിന്റെ ഒരു ജാഡയുമില്ല. വലിയ ഒരു അനുഭവം തന്നെയായിരുന്നു. പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. വളരെ ആത്മാര്‍ത്ഥമായാണ് ചേച്ചി ഓരോ സിനിമകളും ചെയ്യുന്നത്. സഹതാരങ്ങളെ സഹായിക്കും. ടി.ജി രവി ചേട്ടന്‍, ജോണി ആന്റണി ചേട്ടന്‍ എന്നിവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
- 2023 എന്ന വര്‍ഷത്തെ കുറിച്ച്..എന്തൊക്കെയാണ് പ്രതീക്ഷകള്‍?
15 വര്‍ഷത്തിനിടെ കുറച്ച് കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. വളരെ പോപ്പുലറായ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. കെ എല്‍ 10, ഇടക്കാട് ബറ്റാലിയന്‍, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചു. ഉസ്താദ് ഹോട്ടലില്‍ ഒന്നും ഡയലോഗ്‌സ് ഉണ്ടായിരുന്നില്ല. ദുല്‍ഖറിന്റെ കൂടെ നില്‍ക്കുന്ന ഷെഫിന്റെ വേഷമാണ് ചെയ്തത്. ചില സിനിമകള്‍ റിലീസാകാനുണ്ട്. എന്നാലും ഒരു നടന്‍ എന്ന നിലയില്‍ എന്നെ ആര്‍ക്കും അറിയില്ല. ജലധാര പമ്പ്സെറ്റ് എന്ന സിനിമയിലൂടെ ആളുകള്‍ക്ക് അറിയുന്ന ഒരു നടനാകണം എന്ന് ആഗ്രഹമുണ്ട്. എവിടെയെങ്കിലുമൊക്കെ ചെല്ലുമ്പോള്‍ എന്താ ചെയ്യുന്നത് എന്ന് ചോദിക്കുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്നാണ് പറയാറുള്ളത്. ഒരു നടനെ എല്ലാരും അറിഞ്ഞിരിക്കണമല്ലോ. ഈ സിനിമ ഇറങ്ങി കഴിയുമ്പോള്‍ ചിലരെങ്കിലും എന്നെ കാണുമ്പോള്‍ സാഗര്‍ അല്ലെ എന്ന് ചോദിക്കുമെന്ന പ്രതീക്ഷയുണ്ട്. അതുപോലെ തന്നെ വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡിന് മുന്നോട്ട് ഇനിയും നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. നിരന്തരമായി സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ല നല്ല കഥാപാത്രങ്ങള്‍ ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. ആ സ്വപ്നം കണ്ട് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്.
- ഭാവി പ്രോജക്ടുകള്‍ എന്തെല്ലാം?
സുഹൃത്തുമായി ഒരു പ്രോജക്ട് സംസാരിച്ചിട്ടുണ്ട്. പിന്നെ കോവിഡിന് മുന്നെ ചെയ്യാനിരുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്. മറ്റൊരു സുഹൃത്തുമായി ഒരു സബ്ജക്ട് സംസാരിച്ചിട്ടുണ്ട്. നിലവില്‍ ഇതൊക്കെയാണ് ഭാവി പ്രോജക്ടുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...