കടസീലെ ബിരിയാണി, കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു കൊച്ചു തമിഴ് ചിത്രം. ഡിസംബർ 17ന് നെറ്റ്ഫ്ലിക്സിൽ പ്രദർശനം ചെയ്തോടെ ആ കൊച്ചു ചിത്രം പാൻ ഇന്ത്യ തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. പതിവ് തമിഴ് ചിത്രങ്ങളിൽ നിന്ന് അൽപം മാറി പശ്ചാത്തലത്തിലും കഥപറച്ചിലിലും അവതരണത്തിലും മികച്ചുനിൽക്കുന്ന സിനിമയ്ക്ക് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. അതോടൊപ്പം, സിനിമയിലെ ഒരു വില്ലൻ കഥാപാത്രത്തിലൂടെ എല്ലാവരേയും അമ്പരപ്പിച്ച് മലയാളി താരം ഹക്കിം ഷാജഹാന്റെ (Hakkim Shahjahan) പ്രകടനവും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹക്കിം ഷാജഹാൻ എന്ന പേര് കേട്ടാൽ പെട്ടെന്ന് ഒരു സാധാരണ സിനിമ പ്രേക്ഷകന് തിരിച്ചറിയാൻ കഴിഞ്ഞുകൊള്ളണം എന്നില്ല. എന്നാൽ എല്ലാവർക്കും പരിചിതമായ  ആ മുഖത്തിന്റെ ഉടമയെ ഇപ്പോൾ മലായളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ അറിഞ്ഞു കഴിഞ്ഞു. ABCD എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ ഒരു  കോളേജ് വിദ്യാർഥിയായി സിനിമയിലേക്കെത്തിയ ഹക്കിം,  ഇന്ന് ഏതൊരു നടനും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സൈക്കോ വില്ലനായി എത്തി മികച്ച അഭിപ്രായം നേടിയെടുക്കുകയാണ്. 



ALSO READ : വില്ലൻ വേഷങ്ങൾ കലക്കനല്ലേ, ഉ​ഗ്രൻ പരിപാടിയല്ലേ! പക്ഷേ, ഭീമന്റെ വഴിയിലെ 'കൊസ്തേപ്പ്' എങ്ങനെ ഇരിക്കും? അഭിമുഖം- ജിനു ജോസഫ്


തന്റെ പ്രകടനം ലോകം അംഗീകരിക്കുകയെന്നതാണ് ഏതൊരു കലാകാരന്റേയും ആഗ്രഹവും സ്വപ്നവും. അതിലേക്കുള്ള പ്രയാണവും അതിന്റെ വിശേഷങ്ങളുമായി ഹക്കിം ഷാജഹാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിനായി നൽകിയ അഭിമുഖം വായിക്കാം.


കടസീലെ ബിരിയാണിയിലെ സൈക്കോ വില്ലനായ ജൊഹാൻ കറിയാ ഇപ്പോൾ കേരളത്തിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. എങ്ങനെയാണ്, ഇത്തരമൊരു സിനിമയിലേക്ക് എത്തപ്പെട്ടത്?


കടസീലെ ബിരിയാണി സത്യത്തിൽ ചിത്രീകരിക്കുന്നത് കോവിഡൊക്കെ വരുന്നതിന് മുമ്പ് രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു. അന്ന് എറാണാകുളത്തെ ആക്ട് ലാബ് എന്ന സ്ഥാപനത്തിൽ അമേച്ച്വർ നാടകങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു ഞാൻ. അങ്ങനെ നിൽക്കുമ്പോഴായിരുന്നു സംവിധായകൻ നിശാന്ത്  ആക്ട് ലാബിനെ സമീപിക്കുന്നത്. ആക്ട് ലാബിലെ സജീവ് സാർ എന്നെ നിശാന്തിനെയും സംഘത്തെയും പരിചയപ്പെടുത്തി.  ഞാൻ ചെയ്ത വർക്കുകൾ കാണിക്കാൻ അപ്പോൾ നിശാന്ത് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഞാൻ തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ഇൻസോമിനിയ അവർക്ക് കാണിച്ചുകൊടുത്തു. കടസീലെ ബിരിയാണിയിലെ പോലെ  സൈക്കോ പോലെയുള്ള കഥാപാത്രമായിരുന്നു ഇൻസോമിനിയിലേത്. 


അത് അവർക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു, ഉടൻ തന്നെ എന്നെ വിളിച്ച് ജൊഹാൻ കറിയെ കുറിച്ചുള്ള വിവരണം നൽകി. ആ കഥാപാത്രം എത്രത്തോളം ഭ്രാന്തനാണെന്ന്  സംവിധായകൻ എനിക്ക് കൃത്യമായ ധാരണ നൽകി. കഥാപാത്രത്തെ കുറിച്ചുള്ള വിശദീകരണം നൽകിയപ്പോൾ തന്നെ ഞാൻ ഒരുപാട് എക്സൈറ്റഡ് ആയി, അപ്പോൾ തന്നെ സമ്മതം അറിയിക്കുകയും ചെയ്തു.


എന്നാൽ അന്ന് എനിക്ക് 23-24 വയസ്സേ ഉണ്ടായിരുന്നുള്ളു. എന്നെ കൊണ്ട് ഈ  കഥാപാത്രത്തെ ഫലിപ്പിക്കാൻ കഴിയുമോ എന്നൊരു സംശയമുണ്ടായിരുന്നു. അത് ഞാൻ നിശാന്തിനോട് തന്നെ ചോദിക്കുകയും ചെയ്തു. എന്നാൽ അവർക്ക് എന്റെ കാര്യത്തിൽ കോൺഫിഡൻസുണ്ടായിരുന്നു. എന്നാൽ ആ നാടകത്തിലെ അത്രയ്ക്ക് ഭീകരമായ അഭിനയം വേണ്ടയെന്ന് നിശാന്ത് പറയുകയും ചെയ്തു. 


സിനിമയുടെ ഷൂട്ടിങ് തുടങ്ങുമ്പോൾ തന്നെ, ഇതൊരു ലോ ബജറ്റ് ചിത്രമാണെന്ന് നിശാന്ത് അറിയിച്ചിരുന്നു. സിനിമയിലെ എല്ലാ പ്രവർത്തകരും ചേർന്ന് ഒരു വീട് എടുത്തായിരുന്നു താമസം. അങ്ങനെ വന്നപ്പോൾ ഓരോദിവസവും ഷൂട്ട് ചെയ്തതൊക്കെ വീട്ടിൽ വന്നിരുന്നു കാണുമ്പോൾ ഡയറെക്ടർക്കെന്താണ് എന്നിൽ നിന്ന് ആവശ്യം എന്നൊക്കെ മനസ്സിലാക്കാൻ സാധിച്ചു. 


ALSO READ : ചെമ്പൻ ചേട്ടനോട് പേടിയോടെയുള്ള ബഹുമാനമായിരുന്നു! പിക്നിക്ക് പോലെ ചിത്രീകരണദിനങ്ങൾ; ഭീമന്റെ വഴിയെ കുറിച്ച് ചിന്നു ചാന്ദ്നി- അഭിമുഖം



മലയാള സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയിട്ടുണ്ടെങ്കിലും, ജൊഹാൻ കറിയാ പോലെ ഒരു കഥാപാത്രത്തെ മലയാളത്തിൽ ലഭിച്ചിട്ടില്ല. ഇപ്പോൾ തമിഴിലൂടെ വന്നുചേർന്ന ഈ സ്വീകാര്യതയെ എങ്ങനെയാണ് ഹക്കീം നോക്കിക്കാണുന്നു?


ഇപ്പോൾ ഈ സിനിമയിലൂടെ ലഭിക്കുന്ന സ്വീകാര്യതയയിൽ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. സത്യം പറഞ്ഞാൽ ഈ ഒരു തലത്തിൽ എന്റെ കഥാപാത്രത്തിന് സ്വീകാര്യത ലഭിക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. 


പാൻ ഇന്ത്യ തലത്തിൽ ലഭിക്കുന്ന റീച്ചിൽ ഭയങ്കര സന്തോഷമുണ്ട്. എന്നാൽ എനിക്ക് ഏറ്റവും സന്തോഷം, അല്ലെങ്കിൽ കിളിപോയി എന്നൊക്കെ പറയുന്ന അവസ്ഥയില്ലെ? അത് ഈ സിനിമ കണ്ടിട്ട് വിജയ് സേതുപതി എന്നെ വിളിച്ച് അഭിനന്ദിച്ചതാണ്. ചിത്രത്തിന്റെ ഫസ്റ്റ് കട്ട്, സംവിധായകൻ വിജയ് സേതുപതിയെ കാണിച്ചിരുന്നു, അത് കണ്ട് ഇഷ്ടപ്പെട്ട സേതുപതി, നിശാന്തിന്റെ കൈയ്യിൽ നിന്ന് എന്റെ നമ്പർ വാങ്ങിയാണ് വിളിക്കുന്നത്. 


പുള്ളി ഏകദേശം ഒരു പത്ത് മിനിറ്റോളം സംസാരിച്ചു. അഭിനയത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചെല്ലാം അഭിനന്ദിച്ചു. കിളിപോയ ഞാനാണെങ്കിൽ ആകെ പറഞ്ഞത് താങ്ക്യു എന്ന് മാത്രമാണ്!


ഈ ഫസ്റ്റ് കട്ട് കണ്ടതിന് ശേഷം വിജയ് സേതുപതി ഞങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ആ നറേറ്റാറായും അവസാനം ഒരു പ്രധാനവേഷത്തിലും എത്തുന്നത്.  ഇപ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങളെക്കാൾ വലുതായി ഞാൻ കാണുന്നത് സിനിമ കണ്ടിട്ട് വിജയ് സേതുപതി അതിന്റെ ഭാഗമായതാണ്.


ഈ നിഷ്കളങ്കമായ മുഖത്ത് നിന്ന് എങ്ങനെ ഇത്രയ്ക്കും സൈക്കോയായ ഒരു വില്ലനെ അവതരിപ്പിക്കാൻ സാധിച്ചു?


സ്ക്രിപ്പ്റ്റിൽ ഇങ്ങനെ തന്നെയായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് അൽപം മാറ്റി പിടിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പിന്നെ സ്ക്രിപ്റ്റ് അങ്ങനെ ആവശ്യപ്പെടുമ്പോൾ ഞാൻ അത് ചെയ്തു.


സ്ക്രിപ്റ്റിന് പുറമെ കഥാപാത്രത്തിന്റെ പിന്നിലുള്ള കഥ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. പ്രധാനമായും എന്നെ സഹായിച്ചത് അതായിരുന്നു. സിനിമയിൽ ചറിയ ഒരു ഭാഗത്ത് സൂചന നൽകുന്നുണ്ടെങ്കിലും നിശാന്ത് എനിക്ക് ഏകദേശം 12 ഓളം പേജ് വരുന്ന കഥാപാത്രത്തിന്റെ വിശകലനമാണ് തന്നിരുന്നത്. അത് വായിച്ച മനസ്സിലാക്കിയതോടെ ഈ ജൊഹാൻ കറിയയ്ക്ക് എന്താണ് വേണ്ടതെന്ന്  മനസ്സിലാക്കാൻ സാധിച്ചു. 


എപ്പോഴെങ്കിലും ജീവിതത്തിൽ ചെയ്യണമെന്ന് കൊതിച്ച വേഷമാണോ കടസീലെ ബിരിയാണിയിലെ? അതോ ഒരു നായകനായി പേരെടുക്കാനാണോ ഹക്കീം ആഗ്രഹിച്ചത്?


തീർച്ചയായും, ഇത് മാത്രമല്ല അത്രയ്ക്ക് ആഴമേറിയ കഥപാത്രങ്ങൾ ചെയ്യണമെന്ന് എപ്പൊഴും ആഗ്രഹിക്കാറുണ്ട്. ഡ്രാമ ചെയ്യുന്ന സമയത്ത് സുഹൃത്തുക്കളോടായി പറഞ്ഞിരുന്നത് ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നായിരുന്നു. അങ്ങനെ ആഗ്രഹിച്ചിരുന്ന സമയത്താണ് ഈ സിനിമ എന്റെ ഇടത്തേക്ക് എത്തിച്ചേരുന്നത്. 


സിനിമയിലെ ഭാഷയും വൈലൻസും ചെറിയ തോതിൽ ഒരു വിവാദം ഉണ്ടാക്കിയിരുന്നു, അതിനെ കുറിച്ച് എന്താണ് ഹക്കീമിന്റെ അഭിപ്രായം


അങ്ങനെ ഒരു വലിയ വിവാദം എന്ന് പറയത്തക്ക ഒന്നുമില്ല, സിനിമയിൽ വയലൻസുണ്ടെങ്കിലും അതിന്റെ ട്രീറ്റ്മെന്റ് രീതിയിൽ അതൊരു വലിയ വിഷയമായി ഞാൻ കാണുന്നില്ല. ഭാഷയെ കുറിച്ചാണെങ്കിൽ ഒരു സാധാരണ മനുഷ്യന്റെ അടുത്ത് ക്യാമറ കൊണ്ട് വെച്ച് ഷൂട്ട് ചെയ്താൽ എങ്ങനെയിരിക്കും? അതാണ് ഈ സിനിമ. പിന്നെ സംവിധായകൻ പറഞ്ഞാൽ എനിക്ക് അതുപോലെ ചെയ്യാനേ സാധിക്കൂ. 


ALSO READ : ദുൽഖർ സൽമാന്റെ സല്യൂട്ട് തിയറ്ററിൽ തന്നെ; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു



രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെയാണ് ഹക്കീം മലയാള സിനിമയിലെ സാന്നിധ്യം അറിയിക്കുന്നത്  ജോസ്‌മോനിൽ നിന്ന് ജൊഹാൻ കറിയായിലേക്കുള്ള സിനിമ ജീവിതത്തെ എങ്ങനെയാണ് പരുവപ്പെടുത്തി എടുത്തത്?


മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ചാർളിയിൽ മാർട്ടിൻ പ്രാക്കാട്ടിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചതിന് ശേഷമാണ് കടസീലെ ബിരിയാണിയുടെ ഭാഗമാകുന്നത്. ഇപ്പോഴാണ് റിലീസ് ചെയ്തെങ്കിലും ഈ സിനിമ കഴിഞ്ഞിട്ട് ഇപ്പോൾ തന്നെ ഏകദേശം 4-5 വർഷമായി. അങ്ങനെയിരിക്കെ തിരിഞ്ഞു നോക്കുമ്പോൾ  കുറച്ചു കൂടി വൃത്തിയാക്കാമായിരുന്നു, ഇവിടെ ഇങ്ങനെ വേണ്ടായിരുന്നു എന്നൊക്കെ തോന്നുന്ന ഒരു അവസ്ഥയിലാണിപ്പോൾ ഞാൻ. 


ഒരുപ്രാവിശ്യം വില്ലനായി വന്നു, ഇനിയും കൂടുതൽ വില്ലൻ കഥാപാത്രങ്ങൾ വന്നാൽ എന്താകും ഹക്കീമിന്റെ തീരുമാനം.


ഇപ്പോൾ ഈ ഒരു സിനിമയ്ക്ക് ലഭ്യച്ച സ്വീകാര്യത കൊണ്ട് മറ്റൊരു തമിഴ് ചിത്രത്തിലേക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിലും ഒരു സൈക്കോ വില്ലനായ കഥാപാത്രം തന്നെയാണ് എനിക്ക് വന്നിരിക്കുന്നത്. ഇപ്പോൾ എനിക്കൊരു കൺഫ്യൂഷനുണ്ട് ചെയ്യണോ വേണ്ടയോ എന്ന്. 


എന്നാൽ നെഗറ്റീവ് കഥാപാത്രങ്ങൾ പുതുമയോട് വന്നാൽ ഞാൻ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നതാണ്. പക്ഷെ ടൈപ്പ് കാസ്റ്റായി മാറുമോ എന്നൊരു പേടിയില്ല. കാരണം അടുത്തതായി ഇറങ്ങാൻ പോകുന്ന കൊത്തിലും, അർച്ചന 31 നോട്ട്ഔട്ടിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 



ചാർളിയിൽ മാർട്ടിൻ പ്രാക്കാട്ടിന്റെ സംവിധാന സഹായി ആയിരുന്നല്ലോ. അപ്പോൾ അഭിനയത്തിന് പുറമെ സംവിധാനത്തിലും ശ്രമിക്കുമോ?


തീർച്ചയായും സംവിധാനത്തിൽ താൽപര്യമുണ്ട്. നാടകങ്ങൾ ഒക്കെ ഞാൻ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ സംവിധാനം എന്ന മേഖലയെ കുറിച്ച് പഠിക്കാനാണ് ചാർളിയിൽ മാർട്ടിൻ പ്രാക്കാട്ടിന്റെ സഹായി ചേരുന്നത്. 


ഇപ്പോൾ മനസ്സിലുള്ളത് വെബ് സീരിസാണ്. മൗഗ്ലി എന്നാണ് പേരിട്ടിരിക്കുന്നത്. അതിന്റെ സ്ക്രിപ്പ്റ്റിങ് പരിപാടികൾ ആരംഭിച്ചിട്ടേ ഉള്ളു. 


പുതിയ പ്രൊജക്ടുകൾ ഏതൊക്കെയാണ്? 


അർച്ചന 31 നോട്ട്ഔട്ട്, കൊത്ത്, പ്രിയൻ ഓട്ടത്തിലാണ് എന്നിവയൊണ് അനൗൺസ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ വിശുദ്ധ മേജോയാണ് മറ്റൊരു ചിത്രം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.