Bheemante Vazhi | ചെമ്പൻ ചേട്ടനോട് പേടിയോടെയുള്ള ബഹുമാനമായിരുന്നു! പിക്നിക്ക് പോലെ ചിത്രീകരണദിനങ്ങൾ; ഭീമന്റെ വഴിയെ കുറിച്ച് ചിന്നു ചാന്ദ്നി- അഭിമുഖം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ (Kunchacko Boban) ചിത്രമാണ് 'ഭീമന്റെ വഴി' (Bheemante Vazhi). സിനിമയുടെ പേരും, പുറത്തിറങ്ങിയ ട്രെയ്‌ലറും ടീസറും എല്ലാം പ്രേക്ഷകരിൽ അത്രയേറെ ആകാംക്ഷയുണർത്തുന്നുണ്ട്. തമാശ പോലെ സാമൂഹിക പ്രസക്തമായ ഒരു സിനിമ ഒരുക്കിയ അഷ്‌റഫ് ഹംസയാണ് 'ഭീമന്റെ വഴി'യും ഒരുക്കിയിട്ടുള്ളത്.

Written by - Binu Phalgunan A | Last Updated : Feb 18, 2022, 04:19 PM IST
  • തമാശ 'വൺസ് ഇൻ എ ലൈഫ് ടൈം' ഒക്കെ സംഭവിക്കാവുന്ന ഒരു സിനിമയായിട്ടാണ് ഞാൻ കാണുന്നത്
  • 'ഭീമന്റെ വഴി'യിലെ ഓരോ സ്ത്രീ കഥാപാത്രത്തിനും അവരുടേതായിട്ടുള്ള ഒരു സ്ഥാനമുണ്ട്, അവരുടേതായിട്ടുള്ള ഒരു നിലപാടുണ്ട്
  • 'ഭീമന്റെ വഴി'യുടെ ചിത്രീകരണം തുടങ്ങുന്നതുവരെ ചെമ്പൻ ചേട്ടനോട് പേടിയോട് കൂടിയ ഒരു ബഹുമാനമായിരുന്നു
Bheemante Vazhi | ചെമ്പൻ ചേട്ടനോട് പേടിയോടെയുള്ള ബഹുമാനമായിരുന്നു! പിക്നിക്ക് പോലെ ചിത്രീകരണദിനങ്ങൾ; ഭീമന്റെ വഴിയെ കുറിച്ച് ചിന്നു ചാന്ദ്നി- അഭിമുഖം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ (Kunchacko Boban) ചിത്രമാണ് 'ഭീമന്റെ വഴി' (Bheemante Vazhi). സിനിമയുടെ പേരും, പുറത്തിറങ്ങിയ ട്രെയ്‌ലറും ടീസറും എല്ലാം പ്രേക്ഷകരിൽ അത്രയേറെ ആകാംക്ഷയുണർത്തുന്നുണ്ട്. തമാശ പോലെ സാമൂഹിക പ്രസക്തമായ ഒരു സിനിമ ഒരുക്കിയ അഷ്‌റഫ് ഹംസയാണ് 'ഭീമന്റെ വഴി'യും ഒരുക്കിയിട്ടുള്ളത്.

'തമാശ'യിൽ പ്രധാന വേഷത്തിൽ എത്തിയ ചിന്നു ചാന്ദ്‌നി (Chinnu Chandni), അഷ്‌റഫ് ഹംസയുടെ രണ്ടാം സിനിമയിലും പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുന്നുണ്ട്. അഞ്ജു എന്ന ജൂഡോ ഇൻസ്ട്രക്ടറുടെ വേഷമാണ് ചിന്നു അവതരിപ്പിക്കുന്നത്.  അഷ്‌റഫ് ഹംസ വിളിച്ച് എന്ത് കഥാപാത്രം തന്നാലും താൻ സ്വീകരിക്കും എന്നാണ് ചിന്നു പറയുന്നത്. ഭീമന്റെ വഴിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ സംഭവങ്ങളും ചെമ്പൻ വിനോദിനെ  (Chemban Vinod) കുറിച്ചുണ്ടായിരുന്നു മുൻവിധി എങ്ങനെ മാറിയെന്നും ചിന്നു വിശദീകരിക്കുന്നു. സീ ഹിന്ദുസ്ഥാൻ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖം വായിക്കാം...

അഷ്‌റഫ് ഹംസയുടെ രണ്ടാമത്തെ സിനിമയിൽ ആണ് ചിന്നു ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്.തുടർച്ചയായി രണ്ടാം സിനിമയിലെ ചിന്നുവിനെ തന്നെ പ്രധാന വേഷത്തിലേക്ക് തിരഞ്ഞെടുത്തു എന്നതിനെ എങ്ങനെ കാണുന്നു?

അഷറഫിക്ക എന്നെ വിളിച്ചു എന്നത് എനിക്ക് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയിലും ഇങ്ങനെ ഒരു കഥാപാത്രം തന്നതിൽ ഏറെ സന്തോഷമുണ്ട്. അഷറഫിക്ക വിളിച്ച് എന്ത് കഥാപാത്രം തന്നാലും ഞാൻ അത് സ്വീകരിക്കും. 'തമാശ' (Thamaasha) എന്ന സിനിമ തന്നെ സംബന്ധിച്ച് അത്രയേറെ പ്രധാനപ്പെട്ടതായിരുന്നു. അത് മാത്രമല്ല കാരണം, അഷറഫിക്ക എന്ന വ്യക്തിയും അങ്ങനെയാണ്. ഒരുപാട് സ്‌നേഹമുള്ള ആളാണ്. നമുക്ക് നന്മ മാത്രം വരണം എന്ന് കുറച്ച് ആളുകളുണ്ടാവില്ലേ, അങ്ങനെ ഒരാളാണ് അദ്ദേഹം. 

അങ്ങനെ അഷറഫിക്ക വിളിച്ച് പറഞ്ഞു, ഒരുപാട് സന്തോഷം തോന്നി. അതും ഒരു ജൂഡോ ഇൻസ്ട്രക്ടറുടെ റോൾ. 'തമാശ' യുമായി താരതമ്യം ചെയ്യുമ്പോൾ  'ഭീമന്റെ വഴിയിൽ' എന്റെ സാധ്യതകൾ കുറവായിരുന്നു. എന്നാലും ഉള്ള കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഞാൻ ഹാപ്പിയും ആണ്. 

Also Read: 'മാമനോടൊന്നും തോന്നല്ലേ മക്കളെ'! കരിക്കിലെ അർജുൻ രത്തൻ വിവാഹിതനാകുന്നു

'തമാശ' എന്ന സിനിമ,  പൊതുസമൂഹത്തിന്റെ സാമാന്യ യുക്തികളെ പൊളിക്കുന്നതും വലിയൊരു സന്ദേശം കൈമാറുന്നതും ആയിരുന്നു. 'ഭീമന്‌റെ വഴി' എത്തരത്തിലുള്ളതായിരിക്കും?

തമാശ 'വൺസ് ഇൻ എ ലൈഫ് ടൈം' ഒക്കെ സംഭവിക്കാവുന്ന ഒരു സിനിമയായിട്ടാണ് ഞാൻ കാണുന്നത്. സെൻസിറ്റിവിറ്റിയും പൊളിറ്റിക്കൽ കറക്ട്‌നെസ്സും എല്ലാം ഒരുപാട് ശ്രദ്ധിച്ച് നിർമിച്ച ഒരു സിനിമ ആയിരുന്നു അത്. 'ഭീമന്റെ വഴി' പൂർണമായും ഒരു എൻർടെയ്‌നർ ആണ്. സിനിമയുടെ ടീസറും ട്രെയ്‌ലറും ഒക്കെ സൂചിപ്പിക്കുന്നത്, ഈ സിനിമയിൽ ചാക്കോച്ചൻ അത്ര 'മാന്യൻ' അല്ല എന്നാണ്. പക്ഷേ, സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ എല്ലാം സെൻസിറ്റിവിറ്റിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. 'ഭീമന്റെ വഴിയിലെ' ഓരോ സ്ത്രീ കഥാപാത്രത്തിനും അവരുടേതായിട്ടുള്ള ഒരു സ്ഥാനമുണ്ട്, അവരുടേതായിട്ടുള്ള ഒരു നിലപാടുണ്ട്. അത് ഈ സിനിമയിൽ എടുത്തുകാണാൻ പറ്റും.

'തമാശ'യെ അപേക്ഷിച്ച് നോക്കുമ്പോൾ ഭീമന്റെ വഴിയിൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ചെമ്പൻ വിനോദും എല്ലാം അടക്കം വലിയൊരു താരനിര തന്നെ ഉണ്ട്. ആ അനുഭവം എങ്ങനെ ആയിരുന്നു?

'ഭീമന്റെ വഴി'യുടെ ചിത്രീകരണം തുടങ്ങുന്നതുവരെ ചെമ്പൻ ചേട്ടനോട് പേടിയോട് കൂടിയ ഒരു ബഹുമാനമായിരുന്നു. എന്നാൽ അതിന് ശേഷം എല്ലാം മാറി. സീനിയർ ആയിട്ടുള്ള ഒരു ആർട്ടിസ്റ്റ് ആയിട്ടോ, പ്രൊഡ്യൂസർ ആയിട്ടോ ഒന്നും ആയിരുന്നില്ല അദ്ദേഹത്തിന്റെ ഇടപെടൽ. എല്ലാവരോടും സംസാരിച്ച്, ഭയങ്കര സ്‌നേഹത്തോടുകൂടി തമാശയൊക്കെ പറഞ്ഞ് വളരെ രസകരമായി മാറി. പൊതുവേ, ചാക്കോച്ചൻ അടക്കം സിനിമയുടെ ചിത്രീകരണത്തിൽ എല്ലാവരും ഇതുപോലെ ആയിരുന്നു. അതുകൊണ്ടുതന്നെ, ഒരുപാട് സീനിയർ ആയിട്ടുള്ള താരങ്ങളാണെന്നൊരു തോന്നൽ ഉണ്ടാകാത്ത രീതിയിൽ തന്നെ ആയിരുന്നു അവർ എല്ലാവരും സെറ്റിൽ ഇടപെട്ടിരുന്നത്. എല്ലാവരും ഒരുമിച്ച് അമ്പതോളം ദിവസം ഉണ്ടായിരുന്നു. ഒരേ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞാൽ ഒരുമിച്ചുള്ള ചർച്ചകളും തമാശകളും ഗെയിമുകളും ഒക്കെ ഉണ്ടായിരുന്നു. ഇതെല്ലാം അത്തരത്തിൽ ഒരു അടുപ്പത്തിന് കാരണമായിട്ടുണ്ടാകാം. അങ്ങനെ ഒരു കുടുംബം പോലെ ആയിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

ചിത്രീകരണത്തിനിടെ സംഭവിച്ച, ഓർത്തെടുക്കാനാവുന്ന, അല്ലെങ്കിൽ ഓർമയിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന രസകരമായ സംഭവങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ? അതിനെ കുറിച്ച് ഒന്ന് പറയാമോ

സിനിമയുടെ എല്ലാ ദിവസവും എന്തെങ്കിലും ഒക്കെ രസകരമായിട്ടോ വിചിത്രമായിട്ടോ ഒക്കെ സംഭവിക്കുന്നുണ്ടായിരുന്നു. എല്ലാവരും ഓരോ ദിവസവും എഴുന്നേൽക്കുന്നത് തന്നെ, ഇന്ന് ആരെ കളിയാക്കാം, ആരെ ട്രോൾ ചെയ്യാം എന്ന് ആലോചിച്ചുകൊണ്ടായിരുന്നു. അതിൽ ഏറ്റവും അധികം ഇരയാകുന്നത് അഷ്റഫിക്ക തന്നെ ആയിരിക്കും. എല്ലാവരുടേയും സോഫ്റ്റ് ടാർജറ്റ് ആയിരുന്നു അഷ്റഫിക്ക. എല്ലാ ദിവസവും രസകരമായിരുന്നു. ഏതെങ്കിലും പ്രത്യേക സംഭവം ആയി എടുത്ത് പറയാൻ ആവില്ല. ശരിക്കും ഒരു പിക്‌നിക്ക് പോലെ ഫണ്ണി ആയിരുന്നു സിനിമയുടെ ചിത്രീകരണകാലം. 

ഇനി റിലീസ് ചെയ്യാനുള്ള സിനിമകൾ ഏതൊക്കെയാണ്? പുതിയ പ്രൊജക്ടുകൾ? മറ്റ് പ്രതീക്ഷകൾ... 

ഭീമന്റെ വഴിയാണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത്. വേറെ രണ്ട് പ്രൊജക്ടുകൾ ഉണ്ട്. ഡിസംബർ അവസാനത്തോട് കൂടിയോ ജനുവരിയിലോ അതിന്റെ പ്രഖ്യാപനം വരും എന്നാണ് കരുതുന്നത്. ഇപ്പോൾ ഒരു ഹിന്ദി സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആണ്. അതിന്റെ ഒരു തയ്യാറെടുപ്പിലാണ് ഇപ്പോഴുള്ളത്. ഈ സിനിമയുടെ  അനൗൺസ്‌മെന്റും അധികം വൈകില്ല. 

 

കുഞ്ചാക്കോ ബോബനേയും ചിന്നു ചാന്ദ്‌നിയേയും കൂടാതെ ഭീമന്റെ വഴിയില്‍ ചെമ്പന്‍ വിനോദ്, സുരാജ് വെഞ്ഞാറമൂട്, ജിനു ജോസഫ്, വിന്‍സി അലോഷ്യസ്,  നിര്‍മല്‍ പാലാഴി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് എഴുതുന്ന സിനിമ എന്ന പ്രത്യേകതയും ഭീമന്റെ വഴിയ്ക്കുണ്ട്. ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സും റിമ കല്ലിങ്കല്‍- ആഷിക് അബു ദമ്പതിമാരുടെ ഒപിഎം സിനിമാസും ചേര്‍ന്നാണ് ഭീമന്റെ വഴി നിര്‍മിച്ചിരിക്കുന്നത്. സംഗീതം വിഷ്ണു വിജയ്, ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News