Movie Gossip: മമ്മൂട്ടിയെ വേണ്ടാത്ത പ്രിയദര്‍ശനോ അതോ പ്രിയദര്‍ശനെ വേണ്ടാത്ത മമ്മൂട്ടിയോ? അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
ആകെ നാല് പ്രിയദർശൻ സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്. അതിൽ നായകനായത് മൂന്നെണ്ണത്തിൽ മാത്രം. 1999 ലായിരുന്നു അവസാന ചിത്രം
പ്രിയദര്‍ശന്റെ സിനിമകളില്‍ പാതിയില്‍ അധികവും റീമേക്കുകളോ മറ്റ് ഭാഷാ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയോ ഒക്കെ ആണ്. അതുപോലെ തന്നെ, മോഹന്‍ലാലിനെ നായകനാക്കി അത്രയധികം സിനിമകള്‍ സംവിധാനം ചെയ്ത മറ്റ് അധികം പേരും മലയാളത്തില്‍ വേറെയുണ്ടാവില്ല. പക്ഷേ, മമ്മൂട്ടിയെ വച്ച് എന്തുകൊണ്ട് പ്രിയദര്‍ശന്‍ അധികം സിനിമകളൊന്നും ചെയ്തിട്ടില്ല?
ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സൂപ്പര്‍ താരങ്ങളായി ഉയര്‍ന്നുവന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ആദ്യഘട്ടത്തില്‍ മോഹന്‍ലാലിനേക്കാള്‍ താരപരിവേഷവും മമ്മൂട്ടിയ്ക്ക് സ്വന്തമായിരുന്നു. ആ കാലഘട്ടത്തില്‍ തന്നെയാണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ഉദയവും ഉയര്‍ച്ചയും എല്ലാം തുടങ്ങുന്നത്. പക്ഷേ, പ്രിയദര്‍ശന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിരുന്നത് മോഹന്‍ലാലിനൊപ്പമായിരുന്നു. എന്നാല്‍ എണ്‍പതുകള്‍ മുതല്‍ മമ്മൂട്ടിയുമായി അടുത്ത സൗഹൃദവും പ്രിയന്‍ സൂക്ഷിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ആകെ മൂന്ന് സിനിമകളില്‍ മാത്രമാണ് പ്രിയദര്‍ശന്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയത്.
പ്രിയദര്‍ശനും മോഹന്‍ലാലും ( Priyadarshan and Mohanlal) തിരുവനന്തപുരത്തുകാരാണ്. സിനിമയില്‍ വരും മുമ്പേ പരിചയക്കാരും ആണ്. ആ സൗഹൃദം ഇപ്പോഴും ഒരു അല്ലലുമില്ലാതെ മുന്നോട്ട് പോകുന്നു. ഇതിനിടെ മലയാള സിനിമയില്‍ തിരുവനന്തപുരം ലോബി എന്നൊരു ലോബി ഉദയം കൊണ്ടതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ലോബിയില്‍ ഉള്‍പ്പെട്ടിരുന്നവര്‍ എന്ന് പറയപ്പെടുന്നവരുടെ സിനിമകളില്‍ മമ്മൂട്ടിയ്ക്ക് (Mammootty) അവസരം കിട്ടാതെ വന്നിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ ലോബിയ്ക്ക് പിന്നില്‍ മറ്റ് ചില താത്പര്യങ്ങളും ഉണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
2017 ല്‍ മമ്മൂട്ടിയേയും ദിലീപിനേയും വച്ച് ഒരു സിനിമ ചെയ്യുമെന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചിരുന്നു. എന്തായാലും അതൊന്നും പിന്നീട് സംഭവിച്ചില്ല. കഴിഞ്ഞ 23 വര്‍ഷത്തിനിടെ മമ്മൂട്ടിയെ വച്ച് ഒരു സിനിമ പോലും പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടില്ല. ഈ കാലഘട്ടത്തിനുള്ളില്‍ മോഹന്‍ലാലിനെ വച്ച് ആറ് സിനിമകള്‍ ചെയ്യുകയും ചെയ്തു.
Read Also: മോഹന്‍ലാലിനൊപ്പം നയന്‍താര അഭിനയിക്കാത്തതിന് പിന്നിലെ കാരണം? കഥകള്‍ പലത്
മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിച്ച സിനിമകള്‍ നോക്കാം
1. പറയാനും വയ്യ പറയാതിരിക്കാനും വയ്യ
1985 ല്‍ ആണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും ശങ്കറും മേനകയും ആയിരുന്നു പ്രധാന കഥാപാത്രങ്ങള്‍. മോഹന്‍ലാലും ഇതില്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. കൊച്ചിന്‍ ഹനീഫ ആയിരുന്നു ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് എന്ന പ്രത്യേകതയും ഉണ്ട്. ഫരാര്‍ എന്ന ഹിന്ദി സിനിമയുടെ റീമേക്ക് ആയിരുന്നു ഇത്. പതിവ് പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യമായിരുന്നില്ല ഇതിന്റെ സ്വഭാവം. ആക്ഷന്‍, സസ്‌പെന്‍സ്, ത്രില്ലര്‍ സ്വഭാവമായിരുന്നു ഈ സിനിമയ്ക്ക് ഉണ്ടായിരുന്നത്.
2. രാക്കുയിലിന്‍ രാഗസദസ്സില്‍
തൊട്ടടുത്ത വര്‍ഷം തന്നെ മമ്മൂട്ടിയെ വച്ച് പ്രിയദര്‍ശന്‍ അടുത്ത സിനിമയും പിടിച്ചു. 1986 ല്‍ ആണ് രാക്കുയിലിന്‍ രാഗസദസ്സില്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയ്‌ക്കൊപ്പം സുഹാസിനിയും അടൂര്‍ ഭാസിയും ജഗതി ശ്രീകുമാറും ലിസിയും എല്ലാം ഈ സിനിമയില്‍ അണി നിരന്നു. ഇതും പ്രിയദര്‍ശന്റെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു കുടുംബ ചിത്രമായിരുന്നു.
3. മേഘം
പിന്നീട് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പ്രിയദര്‍ശന്‍ ചിത്രത്തില്‍ മമ്മൂട്ടി നായികനായി എത്തുന്നത്- 1999 ല്‍ മേഘം. കോമഡിയും സസ്‌പെന്‍സും എല്ലാം ചേര്‍ത്ത ഒരു അവിയല്‍ സിനിമ ആയിരുന്നു മേഘം. വലിയ പ്രദര്‍ശന വിജയവും ആ സിനിമയ്ക്ക് നേടാന്‍ ആയില്ല.
4. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
1986 ല്‍ പുറത്തിറങ്ങിയ 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന സിനിമയിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ പ്രധാന വേഷത്തില്‍ അല്ലെന്ന് മാത്രം. അതിഥി വേഷത്തിലാണ് മമ്മൂട്ടി ഈ കോമഡി ചിത്രത്തില്‍ എത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.