`നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു` ന്നാ താൻ കേസ് കൊട് സിനിമ ബഹിഷ്കരണത്തെ രൂക്ഷമായി വിമർശിച്ച് ബെന്യാമിൻ
Nna Thaan Case Kodu Movie Controversy : താൻ സിനിമ തിയറ്ററിൽ തന്നെ പോയി കാണുമെന്നും ഇടത് സഹയാത്രികനും കൂടിയായ ബെന്യമിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Nna Thaan Case Kodu Movie Controversy : ന്നാ താൻ കേസ് കൊട് സിനിമ പോസ്റ്റർ വിവാദത്തെ തുടർന്ന ബഹിഷ്കരണാഹ്വനത്തിൽ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ബെന്യാമിൻ. സിനിമയുടെ ഒരു പരസ്യം പോലും ഭയക്കുന്നെങ്കിൽ എന്തോ സാരമായി ബാധിച്ചിരിക്കുന്നയെന്നയെന്നും താൻ സിനിമ തിയറ്ററിൽ തന്നെ പോയി കാണുമെന്നും ഇടത് സഹയാത്രികനും കൂടിയായ ബെന്യാമിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇന്ന് ഓഗസ്റ്റ് 11ന് റിലീസായ സിനിമയുടെ പരസ്യ പോസ്റ്ററിലാണ് റോഡ് കുഴി സംബന്ധിച്ചുള്ള തലക്കെട്ട് കാണാൻ ഇടയായത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വനം ഉടലെടുക്കുകയും ചെയ്തിരുന്നു.
"ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം" ബെന്യാമിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം സിനിമ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല ഇത് സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നമാണ് അത് എടുത്ത് കാണിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോടായി കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. തമിഴ്നാട്ടിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഈ പരസ്യം കണ്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
സിപിഎം-ഇടത് പ്രഫൈലുകളിൽ നിന്നുമാണ് സിനിമയ്ക്കും ചിത്രത്തിന്റെ പോസ്റ്ററിനും നടൻ കുഞ്ചാക്കോ ബോബനുമെതിരെ രൂക്ഷ വിമർശനവും സൈബർ ആക്രമണവും ഉടലെടുത്തത്. എന്നാൽ ന്നാ താൻ കേസ് കൊട് സിനിമ ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യമിടുന്നില്ല. ചിത്രത്തിലെ ഇതിവൃത്തമാണ് പരസ്യത്തിൽ നൽകിയിരിക്കുന്നതെന്ന് നടൻ പറഞ്ഞു.
ALSO READ : Nna Thaan Case Kodu Movie : "പരസ്യത്തെ പരസ്യമായി കണ്ടാൽ മതി"; പോസ്റ്റർ വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസ്
അതേസമയം പരസ്യത്തെ പരസ്യമായി കണ്ടാൽ മതിയെന്ന് വിവാദത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ കാലത്തും സിനിമയിൽ അതാത് കാലത്തെ സംഭവങ്ങൾ വരുമെന്നും അതിനെ ക്രിയാത്മകമായി കാണണമെന്നും മന്ത്രി അറിയിച്ചു. വിമർശനങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ തയ്യാറാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.
കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായിയെത്തുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രമാണ് ന്നാ താൻ കേസ് കൊട്. അടുത്തിടെ ചിത്രത്തിന്റെ വീഡിയോ ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.