വിവാദമായ ന്നാ താൻ കേസ് കൊട് സിനിമ പോസ്റ്ററിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പരസ്യത്തെ പരസ്യമായി കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. ഓരോ കാലത്തും സിനിമയിൽ അതാത് കാലത്തെ സംഭവങ്ങൾ വരുമെന്നും അതിനെ ക്രിയാത്മകമായി കാണണമെന്നും മന്ത്രി പറഞ്ഞു. വിമർശനങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സിനിമയ്ക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങളെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെയും അഭിപ്രയമെന്നും മന്ത്രി പറഞ്ഞു.
സിനിമ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല ഇത് സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നമാണ് അത് എടുത്ത് കാണിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോടായി കുഞ്ചാക്കോ ബോബൻ പ്രതികരിച്ചിരുന്നു. തമിഴ്നാട്ടിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഈ പരസ്യം കണ്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഇന്ന് ഓഗസ്റ്റ് 11ന് റിലീസായ സിനിമയുടെ പരസ്യ പോസ്റ്ററിലാണ് റോഡ് കുഴി സംബന്ധിച്ചുള്ള തലക്കെട്ട് കാണാൻ ഇടയായത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വനം ഉടലെടുക്കുകയും ചെയ്തു. സിപിഎം-ഇടത് പ്രഫൈലുകളിൽ നിന്നും സിനിമയ്ക്കും ചിത്രത്തിന്റെ പോസ്റ്ററിനും നടൻ കുഞ്ചാക്കോ ബോബനുമെതിരെ രൂക്ഷ വിമർശനം സൈബർ ആക്രമണവുമാണ് ഉടലെടുത്തത്. അതേസമയം ന്നാ താൻ കേസ് കൊട് സിനിമ ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യമിടുന്നില്ല. ചിത്രത്തിലെ ഇതിവൃത്തമാണ് പരസ്യത്തിൽ നൽകിയിരിക്കുന്നതെന്ന് നടൻ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായിയെത്തുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രമാണ് ന്നാ താൻ കേസ് കൊട്. അടുത്തിടെ ചിത്രത്തിന്റെ വീഡിയോ ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.