തിരക്കഥാകൃത്ത്, എഴുത്തുകാരന്‍, നടന്‍, നിര്‍മ്മാതാവ് അങ്ങനെ വിശേഷണങ്ങൾ ഒരുപാടാണ് ജോൺ പോളിന്. സിനിമ ആസ്വാദകരെ ഇന്നും ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത നൂറോളം സിനിമകൾക്ക് തിരക്കഥ എഴുതിയ ജോൺ പോൾ മലയാളികളുടെ പ്രിയ തിരക്കഥാകൃത്ത് ആയിരുന്നു. 1950 ഒക്ടോബർ 29ന് പുതുശ്ശേരിയിലായിരുന്നു ജോൺ പോളിന്റെ ജനനം. എറണാകുളം സെന്‍റ് ആൽബർട്സ് സ്കൂൾ, സെന്‍റ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവണ്‍മെന്‍റ് സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മഹാരാജാസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും ബിരുദവും തുടർന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ജോൺ പോൾ ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്കുമെന്‍ററികള്‍ക്കും പരസ്യങ്ങൾക്കും രചന നിർവഹിച്ചിരുന്നു. ഐ വി ശശിയുടെ ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതിയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ഭരതന്റെ ചാമരത്തിലൂടെ സിനിമാ തിരക്കഥാകൃത്തുമായി. കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ തിരക്കഥാകൃത്തായി അദ്ദേഹം മാറിയത്. ഭരതൻ, ഐവി ശശി എന്നിവരെ കൂടാതെ കെ.എസ്.സേതുമാധവൻ, കമൽ, മോഹൻ, ജോഷി, പി.എൻ. മേനോൻ, പി.ജി.വിശ്വംഭരൻ,  സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും ജോൺ പ്രവർത്തിച്ചിട്ടുണ്ട്.


ജോൺ പോളിന്റെ സിനിമ  ചരിത്രം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. 1980 മുതലാണ് മലയാളികളെ വിസ്മയിപ്പിച്ച നൂറോളം തിരക്കഥകൾ അദ്ദേഹം എഴുതിയത്. ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഓർമയ്ക്കായ്, കാതോടു കാതോരം,ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, പുറപ്പാട്, ചമയം, ഒരു യാത്രാമൊഴി, ഉത്സവപ്പിറ്റേന്ന്, ആലോലം തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നതാണ്. കമലിന്റെ പ്രണയ മീനുകളുടെ കടൽ എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി തിരക്കഥ എഴുതിയത്. ഓരോ തലമുറയ്ക്കും വ്യത്യസ്തമായി സമീപിക്കാൻ കഴിയുന്ന തിരക്കഥാകൃത്ത്‌ കൂടിയായിരുന്നു ജോൺ പോൾ.


Also Read: John Paul Demise: പ്രിയ തിരക്കഥാകൃത്തിനെ അവസാനമായി ഒരു നോക്ക് കാണാനെത്തി മമ്മൂട്ടി


 


ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’, ഐ.വി.ശശി ചിത്രം ‘ഭൂമിക’ എന്നിവയുടെ നിർമാതാവ് ജോൺ പോൾ ആയിരുന്നു. ‘ഗ്യാങ്സ്റ്റർ’, ‘സൈറാബാനു’ തുടങ്ങിയ ചിത്രങ്ങളില്‍ അ​ദ്ദേഹം അഭിനയിക്കുകയും ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗവും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായിരുന്നു. 'മാക്ട' എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 


നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. സ്വസ്തി, എന്‍റെ ഭരതൻ തിരക്കഥകൾ, ഒരു കടം കഥ പോലെ ഭരതൻ, കാലത്തിനു മുൻപേ നടന്നവർ, കഥയിതു വാസുദേവം, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, പരിചായകം: കാഴ്ചയും കഥയും, എം.ടി. ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം തുടങ്ങിയവയാണ് അദ്ദേഹം എഴുതിയത്. എം.ടി. ഒരു അനുയാത്രയ്ക്ക് മികച്ച സിനിമാഗ്രന്ഥത്തിനുളള സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.


Also Read: John Paul: തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ അന്തരിച്ചു


 


ഒട്ടനവധി അവാർഡുകളും ജോൺ പോളിനെ തേടിയെത്തിയിട്ടുണ്ട്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡിന് പുറമെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 


കൊച്ചിയിലെ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ജോൺ പോൾ ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയത് ഭരതനൊപ്പമാണ്. സിനിമാ സാംസ്കാരിക മേഖലയിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.


ഏപ്രിൽ 23 ഉച്ചയോടെയാണ് ജോൺ പോൾ വിടവാങ്ങിയത്. രണ്ടുമാസമായി വിവിധ ആശുപത്രികളിലായി അദ്ദേഹം ചികിത്സയിലായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും അദ്ദേഹത്തെ അവശനാക്കിയിരുന്നു. ജോൺ പോളിന്റെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചിരുന്നു. ജോൺ പോൾ ചികിത്സ സഹായനിധിയിലേക്ക് നിരവധി പേർ സംഭാവനകളും നൽകിയിരുന്നു.


ജോൺ പോളിന്റെ സംസ്കാരം നാളെ നടക്കും. നാളെ രാവിലെ പൊതു ദർശനത്തിനായി മൃതദേഹം എറണാകുളം ടൗൺ ഹാളിലേയ്ക്ക് കൊണ്ടുപോകും. തുടർന്ന് എറണാകുളം സൗത്ത് കാരക്കാ മുറി ചവറ കൾച്ചറൽ സെന്ററിൽ ആദരാജലികൾ. 12.30ന് അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചർച്ചിൽ അന്ത്യ ശുശ്രൂക്ഷകൾ നടക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.