അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോളിനെ അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടി ആശുപത്രിയിലെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു ജോൺ പോളിന്റെ മരണം. ഇവിടെ എത്തിയാണ് മമ്മൂട്ടി തന്റെ പ്രിയ തിരക്കഥാകൃത്തിനെ കണ്ടത്. നിർമ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
ഉച്ചയോടെയാണ് മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് വിടവാങ്ങിയത്. രണ്ടുമാസമായി അദ്ദേഹം വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. ശ്വാസ തടസവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശനാക്കിയിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചിരുന്നു.
Also Read: John Paul: തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ അന്തരിച്ചു
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജോൺ പോൾ ചികിത്സ സഹായനിധിയിലേക്ക് നിരവധി പേർ സംഭാവനകൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.
നൂറിലധികം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ ഒരുക്കിയിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടലാണ് അവസാനമായി തിരക്കഥ രചിച്ച ചിത്രം. ചാമരം, തേനും വയമ്പും, സന്ധ്യ മയങ്ങും നേരം, ഇത്തിരി പൂവേ ചുവന്ന പൂവേ, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഓർമയ്ക്കായ്, കാതോടു കാതോരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, പുറപ്പാട്, ഒരു യാത്രാമൊഴി, ഉത്സവപ്പിറ്റേന്ന്, ആലോലം, തുടങ്ങി സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമകളും ജോൺ പോളിന്റെ തൂലികയിൽ നിന്നും പിറന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...