തിരുവനന്തപുരം: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. രണ്ട് മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ നേതൃത്വത്തിലുള്ള ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ടീമും ഉണ്ടായിരുന്നു.
നൂറിലധികം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥയെഴുതിയിട്ടുണ്ട്. പ്രണയ മീനുകളുടെ കടലാണ് അവസാനമായി തിരക്കഥ രചിച്ച ചിത്രം. ചാമരം, തേനും വയമ്പും, സന്ധ്യ മയങ്ങും നേരം, ഇത്തിരി പൂവേ ചുവന്ന പൂവേ, ഇണ,അവിടത്തെപ്പോലെ ഇവിടെയും,ഓർമയ്ക്കായ്, കാതോടു കാതോരം,ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം,പുറപ്പാട്, ഒരു യാത്രാമൊഴി,ഉത്സവപ്പിറ്റേന്ന്, ആലോലം, തുടങ്ങി സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു.
കൊച്ചിയിൽ ചികിത്സയിൽ കഴിയവേ അദ്ദേഹത്തിൻറെ ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പൊതുജനങ്ങളും പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ ചികിത്സ സഹായം നൽകിയിരുന്നു. രണ്ട് മാസത്തോളമാണ് ജോൺ പോൾ ചികിത്സയിൽ കഴിഞ്ഞത്. ഈ കാലയളവിൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്തു. ഇതിനെ തുടർന്നാണ് പൊതുജനങ്ങളുടെ സഹായത്തോടെ ഫണ്ട് സ്വരൂപിച്ചത്. ജോൺ പോൾ ചികിത്സ സഹായനിധിയിലേക്ക് നിരവധി പേരാണ് സംഭാവനകൾ നൽകിയത്.
അദ്ദേഹത്തിന്റെ സിനിമ ചരിത്രം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻസമയ തിരക്കഥാകൃത്തായി അദ്ദേഹം മാറിയത്. 1980 ത് മുതൽ മലയാളികളെ വിസ്മയിപ്പിച്ച നൂറോളം തിരക്കഥകൾ അദ്ദേഹം എഴുതി. ഓരോ തലമുറയ്ക്കും വ്യത്യസ്തമായി സമീപിക്കാൻ കഴിയുന്ന തിരക്കഥാകൃത്ത് കൂടിയായിരുന്നു ജോൺ പോൾ.
കൊച്ചിയിലെ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. സംവിധായകൻ ഭരതൻ,ഐ.വി.ശശി, കെ.എസ്.സേതുമാധവൻ,കമൽ, മോഹൻ, ജോഷി, പി.എൻ. മേനോൻ,പി.ജി.വിശ്വംഭരൻ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. ഭരതനൊപ്പമാണ് ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയത്. സിനിമാ സാംസ്കാരിക മേഖലയിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.