Romancham Box Office: ഈ മോഹൻലാൽ ചിത്രത്തെയും മറികടന്നോ രോമാഞ്ചം? വമ്പൻ ഹിറ്റ് നേടി രോമാഞ്ചം
Romancham Box Office Hit: കേരളത്തിലെ 144 സ്ക്രീനുകളിലാണ് രോമാഞ്ചം റിലീസ് ചെയ്തത്. 2023ൽ മലയാള സിനിമയിലെ ആദ്യ ബോക്സ് ഓഫീസ് വിജയമായിരുന്നു രോമാഞ്ചം.
വലിയ താരനിരയില്ലാതെ കൂടുതലും പുതുമുഖങ്ങളെ അണിനിരത്തി കൊണ്ട് നവാഗതനായ ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. പ്രമോഷനുകളോ വലിയ പ്രീ റിലീസ് പബ്ലിസിറ്റിയോ ഒന്നും കൂടാതെ എത്തിയ ചിത്രം ആദ്യ ദിനം മുതൽ ഹൗസ്ഫുൾ ആയിട്ടാണ് തിയേറ്ററുകളിൽ പ്രദർശനം നടത്തുന്നത്. ഒന്നല്ല, രണ്ടല്ല എത്ര തവണ കണ്ടാലും പ്രേക്ഷകർക്ക് മടുക്കില്ല. അത്രയേറെ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് രോമാഞ്ചം. സൗബിൻ ശാഹിർ, അർജുൻ അശോകൻ, ചെറിയ സീനിൽ വന്നുപോകുന്ന ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ഈ ഹൊറർ കോമഡി ചിത്രത്തിലെ പ്രേക്ഷകർക്ക് സുപരിചിതരായ ചില താരങ്ങൾ.
ഫെബ്രുവരി മൂന്നിന് കേരളത്തിലെ 144 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം 2023ൽ മലയാള സിനിമയിലെ ആദ്യ ബോക്സ് ഓഫീസ് വിജയമായി മാറി. കേരളത്തിനൊപ്പം റിലീസ് ചെയ്യപ്പെട്ട മറ്റ് മാര്‍ക്കറ്റുകളിലും ചിത്രം വിജയമായിരുന്നു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും ബോക്സ് ഓഫീസ് തകർത്തു വാരുകയാണ് രോമാഞ്ചം. പേര് പോലെ തന്നെ പ്രേക്ഷകനെ രോമാഞ്ചം കൊള്ളിക്കാൻ ചിത്രത്തിന് സാധിച്ചുവെന്നതിന്റെ തെളിവാണ് ഈ വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ. വളരെ വേഗം തന്നെ 50 കോടി ക്ലബിൽ കയറിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു. മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തില്‍ രോമാഞ്ചവും ഇടംപിടിച്ചതായാണ് പുതിയ വാർത്ത.
Also Read: Tovino Thomas : ടോവിനോയുടെ രണ്ട് ചിത്രങ്ങൾ ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും
മോഹൻലാൽ ചിത്രം ദൃശ്യത്തെ മറികടന്ന് മലയാളം ഹിറ്റുകളില്‍ രോമാഞ്ചം ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആഗോള തലത്തിൽ 65 കോടിയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തില്‍ നിന്ന് 40 കോടിയോളം രൂപയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3.80 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22 കോടിയുമാണ് ചിത്രം നേടിയെന്നാണ് വിവരം. എന്നാൽ ചിത്രത്തിന്റെ കളക്ഷൻ ദൃശ്യത്തെ മരികടന്നിട്ടില്ലെന്നാണ് ചിലർ പറയുന്നത്. ദൃശ്യം മാത്രമല്ല, ഒപ്പം എന്ന സിനിമയുടെ കളക്ഷനേയും കടന്നിട്ടില്ലെന്നും പറയുന്നു.
2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ വിളിച്ചു വരുത്തലുമൊക്കെ ചേര്‍ത്ത് ഭയവും അതിലേറെ ചിരിയും നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഉടൻ തന്നെ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...