The Great Indian Kitchen : ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഹിന്ദി റീമേക്കും എത്തുന്നു; നായികയായി സാനിയ മല്‍ഹോത്ര
ചിത്രം സംവിധാനം ചെയ്യുന്നത് ആരതി കാദവാണ്. ചിത്രം നിർമ്മിക്കുന്നത് വിക്കി ഭാരിയാണ്.
Mumbai : 2021 വൻ വിജയമായി തീർന്ന ചിത്രം ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ നിമിഷ സജയന് പകരം കേന്ദ്ര കഥാപാത്രമായി എത്തുന്നത് ബോളിവുഡ് നടി സാനിയ മൽഹോത്രയാണ്. ഈ കഥാപാത്രമായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സാനിയ ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. മാത്രമല്ല ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അറിയിച്ചു.
ചിത്രം സംവിധാനം ചെയ്യുന്നത് ആരതി കാദവാണ്. ചിത്രം നിർമ്മിക്കുന്നത് വിക്കി ഭാരിയാണ്. ചിത്രത്തിൻറെ ഷൂട്ടിങ് എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നാണ് വിക്കി ഭാരി പറയുന്നത്. എന്നാൽ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരോക്കെയാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ചിത്രത്തിൻറെ തമിഴ് പതിപ്പിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരികെയാണ്. തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരിയിൽ പുറത്ത് വിട്ടിരുന്നു.
ALSO READ: Super Sharanya OTT Release : സൂപ്പർ ശരണ്യ ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ റൈറ്റ് ZEE5ന്
തമിഴ് പതിപ്പിൽ നിമിഷ സജയന് പകരം കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഐശ്വര്യ രാജേഷാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്. ചിത്രം നിർമ്മിക്കുന്നത് ദുർഗരം ചൗധരിയും നീൽ ചൗധരിയും ചേർന്നാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് നിരവധി നിരൂപക പ്രശംസയാണ് ലഭിച്ചത്. ബിബിസിയും വോഗുമടക്കമുള്ള അന്തരാഷ്ട്ര മാധ്യമങ്ങൾ ചിത്രത്തെ പ്രകീർത്തിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബി ആയിരുന്നു.
ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും അതോടൊപ്പം അതിന്റെ അവതരണ ശൈലിയും മൂലമായിരുന്നു സിനിമയ്ക്ക് വളരെ അധികം പ്രേക്ഷക പ്രശംസ നേടി എടുക്കാൻ സാധിച്ചത്. ലോക്ഡൗണിന്റെ സമയത്ത് ചെറിയ ചുറ്റുപാടിൽ വലിയ താരാരവങ്ങൾ ഇല്ലാതെ ചിത്രീകരിച്ച ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ശബരിമല വിഷയം, ആചാരസംരക്ഷണം തുടങ്ങിയ വിഷയങ്ങളുടെ പരാമർശം മൂലം പ്രശംസക്കൊപ്പം വിവാദവും ചിത്രത്തിന് മേലെ വന്നിരുന്നു.
ചിത്രം പൂർത്തീകരിച്ച് പല ഒടിടി പ്ലാറ്റ്ഫോമുകളെയും സമീപിച്ചപ്പോൾ ഒഴിഞ്ഞുമാറിയെന്ന് ഒടുവിലാണ് നീംസ്ട്രീം ചിത്രത്തിന്റെ റിലീസ് ഏറ്റെടുക്കാൻ തയ്യറായതെന്ന് ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി ചടങ്ങിൽ പറഞ്ഞിരുന്നു. പിന്നീട് ചിത്രത്തിന് വളരെ അധികം നിരൂപക പ്രശംസ ലഭിച്ചപ്പോൾ ആമസോൺ പ്രൈമിലും ചിത്രം സംപ്രേഷണം ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.