നടി കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. വലിയൊരു കാലഘട്ടത്തിലെ നടിയാണ് കെപിഎസി ലളിത ചേച്ചിയെന്നാണ് മോഹൻലാൽ പറഞ്ഞത്. ചേച്ചിയെ കുറിച്ചോർക്കുമ്പോൽ മനസിലേക്ക് വരുന്നത് മാടമ്പി എന്ന ചിത്രത്തിലെ അമ്മ മഴക്കാറിന് കൺനിറഞ്ഞു എന്ന ഗാനമാണെന്നും ലാൽ പറഞ്ഞു. ഓരോരുത്തരായി നമ്മുടെ മുന്‍പില്‍ ഇങ്ങനെ കൊഴിഞ്ഞുപോകുകയാണ്. ഒരുപാട് സിനിമകള്‍ ആ വലിയ നടിക്കൊപ്പം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഓര്‍മിച്ചു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ
പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ
ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ.
അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ.
ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ
മാടമ്പി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയായാണ് കെപിഎസി ലളിത അഭിനയിച്ചത്. ചിത്രത്തിലെ അമ്മ മഴക്കാറിന് കൺനിറഞ്ഞു എന്ന ഗാനവും അതിലെ ലളിതയുടെ അഭിനയവും എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. വളരെയേറെ വികാരങ്ങൾ ഉൾക്കൊള്ളുന്ന ആ ഗാനരംഗം ഏറെ തന്മയത്വത്തോടെയാണ് കെപിഎസി ലളിത അവതരിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ലളിത കല വിടപറയുമ്പോൾ മലയാള സിനിമയ്ക്കും മലയാളി പ്രേഷകർക്കും ഇത് തീരാനഷ്ടമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.