കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായനികുതി പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു. സിനിമ നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന സൂചനയെ തുടർന്നാണ് പരിശോധന. രണ്ട് സിനിമാ നിർമാണ കമ്പനികൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോ​ഗമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡ്രീം ബി​ഗ് നിർമാണ കമ്പനിയെയും പറവ ഫിലിംസ് ഇന്റർനാഷണൽ പ്രൊഡക്ഷൻ കമ്പനിയെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ബിനീഷ് എന്നാണ് ഡ്രീം ബി​ഗ് സിനിമാ നിർമാണ കമ്പനി ഉടമയുടെ പേര്. ബിനീഷിന് എവിടെ നിന്നാണ് അടുത്തകാലത്തായി വലിയ രീതിയിൽ പണം ലഭിക്കുന്നതെന്ന് അന്വേഷണം നടക്കുകയാണ്.


ഈ രണ്ട് നിർമാണ കമ്പനികൾക്കും പണം ഫണ്ട് ചെയ്യുന്നതിന്റെ സ്രോതസ് ഒന്നുതന്നെയാണെന്നാണ്  സൂചന. ഒരു ഫിനാൻഷ്യൽ കമ്പനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ചില ഇടപാടുകളാണ് സിനിമാ നി‍ർമാണത്തിന്റെ മറവിൽ നടന്നതെന്നാണ് സംശയം. ചില സിനിമാ നിർമാണ കമ്പനികളെ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാൻ ഈ ഫിനാൻസ് കമ്പനി ഉപയോ​ഗിച്ചെന്നാണ് സംശയം.


ഇത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. മുൻപ് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ സൗബിൻ ഷാഹിറിനും പറവ ഫിലിംസിനും എതിരെ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനായി താൻ പണം മുടക്കിയിരുന്നുവെന്നും എന്നാൽ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചുവെന്നുമായിരുന്നു പരാതി.


ഏഴ് കോടി രൂപ താൻ ചിത്രത്തിനായി മുടക്കിയെന്നാണ് സിറാജ് പരാതി നൽകിയത്. ഈ പരാതിയിൽ ക്രിമിനൽ ​ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയായിരുന്നു കേസ്.