റിയാദ്: ആറു മാസത്തിനിടെ 40,000 വനിതകള്‍ക്കണ് ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്തത് എന്ന് സൗദിയിലെ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നവയാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച നിലവാരമുള്ള ഡ്രൈവിങ് ആണ് വനിതകളുടേതെന്നാണ് ട്രാഫിക് വകുപ്പിന്‍റെ  മൊത്തത്തിലുള്ള വിലയിരുത്തല്‍. പരിശീലന കേന്ദ്രങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ട്രാഫിക് വകുപ്പ് മേധാവി കേണല്‍ മുഹമ്മദ് അല്‍ ബസാമി പറഞ്ഞു. 


കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ്‌ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയത്. ഒരു മാസം ശരാശരി 6500 വനിതകളാണ് ലൈസന്‍സ് നേടുന്നത്. വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ അഭാവം ഉണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുമെന്നും ബസാമി പറഞ്ഞു.


ട്രാഫിക് നിയമങ്ങളും സിഗ്‌നലുകളും അനുസരിക്കാന്‍ ഡ്രൈവര്‍മാര്‍ ബാധ്യസ്ഥരാണ്. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ റോഡുകളിലും മൊബൈല്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച ക്യാമറകളുടെ നിരീക്ഷണം ഫലപ്രദമാണ്. 


അമിത വേഗതയും ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും തടയാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും മുഹമ്മദ് അല്‍ ബസാമി പറഞ്ഞു