മസ്കറ്റ്: ഒമാനില്‍ വിദേശികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 65000 പ്രവാസികള്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വദേശീവത്കരണം നടപ്പിലാക്കാന്‍ വേണ്ടി തൊഴില്‍ വിസയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. 


2018 മെയ് മാസത്തെ ജനസംഖ്യയില്‍ നിന്നും 65397 വിദേശികളുടെ കുറവാണ് ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മെയ് 31 വരെയുള്ള ഒമാനിലെ ജനസംഖ്യയില്‍ 20 ലക്ഷം വിദേശികളാണ് രാജ്യത്ത് സ്ഥിര താമസക്കാരായിട്ടുണ്ടായിരുന്നത്.


എന്നാല്‍ സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി പത്തു വിഭാഗങ്ങളിലെ 87 തസ്തികയിലേക്കുള്ള വിസാ നിരോധനം വിദേശികളുടെ തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് കുറയുവാന്‍ കാരണമായി.


മാത്രമല്ല ഒരു തൊഴില്‍ ഉടമയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് തൊഴില്‍ കരാര്‍ മാറുന്നതിന് കര്‍ശന നിയമമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ധാരാളം വിദേശികള്‍ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.


അതിന്‍റെ കൂടെ ഉണ്ടായ എണ്ണ വിലയിടിവ് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകാന്‍ കാരണമായി. അതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ നിര്‍മ്മാണ കമ്പനികളെ ഭയങ്കരമായി ബാധിച്ചു.


പുരോഗമിച്ചു കൊണ്ടിരിക്കുന്ന സ്വദേശിവത്കരണം രാജ്യത്തെ വിദേശികളുടെ എണ്ണം ഇനിയും കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.