സലാല: സലാലയിലെ 'മെക്കുനു' ചുഴലിക്കാറ്റിൽ ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര്‍ തകര്‍ന്ന് വീണ് പരുക്കേറ്റ 12 വയസ്സുകാരി മരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ തന്നെ ഇളകിക്കിടന്നിരുന്ന ചുമര്‍ കാറ്റില്‍ തകര്‍ന്ന് ബാലികയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കൂടാതെ, ചുഴലികാറ്റിനെ തുടര്‍ന്ന് മറ്റൊരു സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ക്ക് പരിക്കേറ്റിരുന്നു. അവരില്‍ രണ്ടു പേര്‍ മരിച്ചതായാണ് സൂചന.


സലാല സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സ്വദേശി കുടുംബത്തിലെ ആറ് പേരെ സൈനികർ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെയും മറ്റൊരു സ്ഥലത്ത് ടുണീഷ്യന്‍ കുടുംബത്തിലെ ആറ് പേരെയും സൈനിക വിഭാഗം രക്ഷപ്പെടുത്തി. താഖയില്‍ നിന്നാണ് മറ്റു രണ്ട് പേരെ രക്ഷപ്പെടുത്തിയത്.


മലയാളികള്‍ അടക്കമുള്ള സലാല നിവാസികളില്‍ ചിലര്‍ താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങിയെങ്കിലും പുറത്തിറങ്ങരുതെന്ന് അധികൃതരുടെ നിര്‍ദേശം വന്നതോടെ മുഴുവന്‍ ആളുകളും താമസസ്ഥലങ്ങളിലേക്ക് മടങ്ങി. വൈകിട്ടോടെ ചില ഭാഗങ്ങളില്‍ വൈദ്യുതി നിലയ്ക്കുക കൂടി ചെയ്തതോടെ ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു പ്രദേശവാസികള്‍.


ഒഴിഞ്ഞു പോയവരേയും സുരക്ഷാസേന രക്ഷപ്പെടുത്തിയവരേയും വ്യാഴാഴ്ച രാത്രി തന്നെ സിവിൽ ഡിഫന്‍സിന്‍റെയും റോയല്‍ ഒമാന്‍ പോലീസിന്‍റെയും അഭയകേന്ദ്രത്തില്‍ എത്തിക്കുകയും ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. 


ചുഴലിക്കാറ്റിന് മുന്നോടിയായി നല്ല മഴയാണ് ഒമാനിലെങ്ങും പെയ്തത്. ദല്‍ക്കൂത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റര്‍. സദാഹ് (76.4 മില്ലിമീറ്റര്‍), മിര്‍ബാത്ത് (55.6 മില്ലിമീറ്റര്‍), സലാല തുറമുഖം (47.8) എന്നിങ്ങനെയാണ് മഴ പെയ്തത്.


അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 3,000 റിയാല്‍ പിഴ, മൂന്ന് വര്‍ഷം തടവ് എന്നിവ ലഭിക്കുന്ന രീതിയിലുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.