മസ്‌കറ്റ്: ഗതാഗത നിയമം കര്‍ശനമാക്കി ഒമാന്‍. രാജ്യത്തെ വര്‍ധിക്കുന്ന വാഹനാപകട നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഗതാഗത നിയമഭേദഗതി വരുത്തിയിരിക്കുന്നത്. മദ്യപിച്ചോ നിരോധിത മരുന്നുകളുപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികള്‍ക്ക് 500 റിയാല്‍ പിഴയും ഒരുവര്‍ഷം വരെ തടവും ശിക്ഷയും ലഭിക്കും. അതിനുശേഷം നാടുകടത്തല്‍.ഇതേ കേസില്‍ പിടിയിലാവുന്ന സ്വദേശികള്‍ക്ക് ഒരുവര്‍ഷം തടവും 500 റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഔദ്യോഗിക ദിനപത്രമായ ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാവാഹനാപകടങ്ങളെ ഇനി ബോധപൂര്‍വമെന്നും അശ്രദ്ധമൂലവുമെന്ന് വേര്‍തിരിച്ചാകും നടപടികളെടുക്കുക. അശ്രദ്ധമൂലം അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍  2000 റിയാല്‍ പിഴയും മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും. 


പരിക്കിന്‍റെ ഗുരുതരാവസ്ഥക്കനുസരിച്ച് ജയില്‍ശിക്ഷ എത്ര വേണമെന്നതില്‍ തീരുമാനമാവുക. അതേസമയം അപകടംമൂലം ഒരാള്‍ മരണപ്പെടുകയോ പത്ത് ദിവസത്തിലധികം ജോലിയില്‍ തിരിച്ച് കയറാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍  ഒരുവര്‍ഷം വരെ തടവും പിഴയുമാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശിക്ഷ. 
വിദേശികളെ ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഉടന്‍ നാടുകടത്തുകയും ചെയ്യും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും 300 റിയാല്‍ പിഴയും ലഭിക്കും. പൊതുനിരത്തുകളില്‍ മത്സരയോട്ടം നടത്തുന്നവര്‍ക്കും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നവര്‍ക്കും മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ.


ബ്രേക്ക് ശരിയായി പ്രവര്‍ത്തിക്കാത്ത വാഹനമോടിക്കുക, ഇന്‍ഷുറന്‍സും രജിസ്‌ട്രേഷനും കാലഹരണപ്പെടുക, നിരത്തില്‍ ഗതാഗത സ്തംഭനമുണ്ടാക്കുക എന്നീ കുറ്റങ്ങളില്‍  വാഹനയുടമകള്‍ക്ക് ജയില്‍വാസം ഉറപ്പ്.  ഈ കുറ്റങ്ങള്‍ നേരിടുന്നവര്‍ക്ക് മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ. 


തെറ്റായ നമ്പര്‍പ്‌ളേറ്റും കാലഹരണപ്പെട്ട ലൈസന്‍സും ഉപയോഗിക്കുന്നവര്‍ക്ക് 500 റിയാല്‍ പിഴയും ഒരുവര്‍ഷം ജയില്‍വാസവും അനുഭവിക്കണം. ഡ്രൈവിങ്ങിനിടെ മറ്റ് വാഹനയുടമകളോട് മോശമായി പെരുമാറുന്നവര്‍ക്കും തടവും പിഴയും അനുഭവിക്കണം.വാഹനത്തിന്‍റെ കൃത്രിമ രേഖകളാണെങ്കില്‍ മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാകും ശിക്ഷയെന്നും ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. 


അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ മറികടക്കുന്നവര്‍ക്കും റോഡ് ഷോള്‍ഡറിലൂടെ മറികടക്കുന്നവര്‍ക്കും ഈ ശിക്ഷ ലഭിക്കും. റോയല്‍ ഡിക്രി 38/2016 പ്രകാരമാണ് നിലവിലുള്ള ഗതാഗതനിയമത്തിന്റെ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്ത് സുല്‍ത്താന്‍ ഉത്തരവിട്ടത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പുതിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ തലമുറക്ക് സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ടാണ് നിയമഭേദഗതിയെന്ന് ആര്‍.ഒ.പി വക്താവ് അറിയിച്ചു.