അബുദബി: യു .എ.ഇയിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്കു സുരക്ഷ ഉറപ്പാക്കുന്ന നിയമം ഈ വര്‍ഷം തന്നെ പ്രാബല്യത്തിലാക്കാന്‍ ആലോചിക്കുന്നതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പത്താമതു ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ യോഗത്തിലാണു നിയമപരിഷ്‌കരണത്തെക്കുറിച്ചു മന്ത്രി അറിയിച്ചത്.


ഗാര്‍ഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം മൂലം സ്‌പോണ്‍സര്‍മാര്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനാണു പുതിയ നിയമം.ഒളിച്ചോടുന്നവരെ സ്വദേശങ്ങളിലേക്കു തിരിച്ചയയ്ക്കാനുള്ള ചെലവ് സ്‌പോണ്‍സര്‍മാരാണു വഹിച്ചത്. ഇതിനു പകരം രാജ്യത്തേക്കു തൊഴിലാളികളെ കൊണ്ടുവരുന്ന കമ്പനികള്‍ ചെലവു വഹിക്കുന്ന വിധത്തിലാകും നിയമ പരിഷ്‌കാരം.തൊഴിലാളികളുടെ വിസ, വൈദ്യപരിശോധന എന്നിവയ്ക്കു ചെലവിടുന്ന തുകയാണു കമ്പനികളില്‍ നിന്ന് ഈടാക്കുക മൂന്നു വര്‍ഷത്തിനിടെ സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ 14,000 തൊഴിലാളികളെ നാടുകടത്തിയതായും ഇതിലേറെപ്പേര്‍ അനധികൃതമായി രാജ്യത്തു തങ്ങുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.