Gen Beta: ജെൻ സിയും ഔട്ട്, 2025 ജെൻ ബീറ്റയുടെ കാലം; ഇവരെ കാത്തിരിക്കുന്നത് എന്ത്?
2025 ജനുവരി 1 മുതൽ ജനിക്കുന്ന കുട്ടികളാണ് ജനറേഷൻ ബീറ്റ (Gen Beta) എന്നറിയപ്പെടും. 22ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുമെന്ന് ഗവേഷകർ പറയുന്നു.
പൊതുവായ സാമൂഹികവും ചരിത്രപരവുമായ അനുഭവങ്ങൾ പങ്കിടുകയും ഒരേ സമയം ജീവിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെയാണ് ഒരു തലമുറയെന്ന് വിശേഷിപ്പിക്കുന്നത്.
മനുഷ്യ ചരിത്രത്തിലെ യുഗങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിൽ നിന്ന് പേരുകൾ എടുക്കുന്ന ഒരു പതിവുണ്ട്. അതനുസരിച്ച് Gen Z (1996-2010 നുമിടയിൽ ജനിച്ചവർ), മില്ലേനിയൽസ് (1981-1996), Gen Alpha ( 2010, 2024) എന്നീ തലമുറകളാണ് ഉള്ളത്. ഇവരുടെ പിൻഗാമിയാണ് ജെൻ ബീറ്റ.
ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ഇവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും സ്മാർട്ട് ടെക്‌നോളജിയും ആൽഫ ജനറേഷൻ അനുഭവിച്ചിട്ടുണ്ടെങ്കിലും എഐ ,ഓട്ടോമേഷൻ എന്നിവ ദൈനംദിന ജീവിതത്തിൽ പൂർണ്ണമായി ഉൾപ്പെടുത്തുന്ന കാലഘട്ടം ജനറേഷൻ ബീറ്റ തന്നെയായിരിക്കും.
ആരോഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും കൂടുതൽ പുരോഗതി കൈവരിക്കുന്നതിലൂടെ ഈ കാലയളവിൽ ജനിക്കുന്ന കുട്ടികൾക്ക് ആയുസ്സ് കൂടുതലായിരിക്കും.
കാലാവസ്ഥാ വ്യതിയാനം, ആഗോള ജനസംഖ്യാ വ്യതിയാനം, നഗരവൽക്കരണം തുടങ്ങിയ പ്രശ്നങ്ങൾ വലിയ രീതിയിൽ ജനറേഷൻ ബീറ്റ നേരിടേണ്ടി വരും. ഒപ്പം 21-ാം നൂറ്റാണ്ടിലെ പാരിസ്ഥിതിക ആശങ്കകൾക്ക് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ജനറേഷൻ ബീറ്റയുടേതാണ്.