Glass Bridge: കാലാവസ്ഥയൊന്നും പ്രശ്നമല്ല! ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ വൻ തിരക്ക്
ഇവിടെയിപ്പോൾ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രവേശന ഫീസ് വിനോദ സഞ്ചാര വകുപ്പ് പകുതിയാക്കി കുറച്ചതോടെയാണ് തിരക്ക് വർധിച്ചത്.
സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമടക്കം നൂറുകണക്കിന് ആളുകളാണ് അവധി ദിനങ്ങളിൽ ഇവിടെ എത്തുന്നത്.
പ്രതികൂല കാലാവസ്ഥയെയും അവഗണിച്ചാണ് പലരും ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ എത്തുന്നത്. ഇവരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ നന്നേ പാടുപെടുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ അടക്കം ബ്രിഡ്ജ് തരംഗമായി കഴിഞ്ഞു. ബ്രിഡ്ജിൽ കയറാൻ ആദ്യം നിശ്ചയിച്ച 500 രൂപ ഫീസ് നിരക്ക് ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിന്നു. പിന്നീട് മന്ത്രി ഇടപെട്ട് തുക 250 ആയി കുറച്ചിരുന്നു. ഇതിന് ശേഷമാണ് അവധി ദിവസത്തിൻ സഞ്ചാരികളുടെ തിരക്കേറിയത്.
രാവിലെ മുതൽ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ സഞ്ചാരികളുടെ നീണ്ട നിരയാണ്. സ്ത്രീകളും കുട്ടികളും മുതിർന്നവരും യുവാക്കളുമെല്ലാം ഇവിടെ എത്തുന്നുണ്ട്. ഗ്ലാസ് ബ്രിഡ് ജിൽ സുരക്ഷ പരിഗണിച്ച് ആളുകളെ നിയന്ത്രണ വിധേയമായാണ് കയറ്റി വിടുന്നതും.
സഞ്ചാരികൾ എത്തുന്ന വാഹനങ്ങളുടെ നീണ്ട നിര ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഡി.ടി.പി.സി. നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്.
40 മീറ്ററാണ് പാലത്തിന്റെ നീളം. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലം സഞ്ചാരികളെ ആകർഷിക്കുന്നതാണ്.