T20 World Cup 2022 : ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും; പരമ്പര സെപ്റ്റംബറിൽ ഇന്ത്യയിൽ വെച്ച്
India vs Austraila സെപ്റ്റംബറിൽ ഇന്ത്യയിൽ വെച്ച് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമുകൾ ഏറ്റമുട്ടുക
ന്യൂ ഡൽഹി : ഒക്ടോബറിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ടി20 പരമ്പരയുണ്ടാകുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ ഇന്ത്യയിൽ വെച്ച് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമുകൾ തമ്മിൽ ഏറ്റമുട്ടുക.
ഇന്ത്യ ഉൾപ്പെടെ സിംബാവെ, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾക്കെതിരെ ഓസ്ട്രേലിയയ്ക്ക് വൈറ്റ് ബോൾ പരമ്പരകൾ ഉണ്ടാകുമെന്ന് ഓസീസ് സ്പോർട്സ് മാധ്യമമായ ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഇവയിൽ ഇന്ത്യക്കെതിരെ മാത്രമാണ് കംഗാരുക്കൾക്ക് എവെ പരമ്പരയുള്ളതെന്ന് ഫോക്സ് സ്പോർട്സിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതിന് പുറമെ 2023 ഫെബ്രുവരിയിൽ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്കായി ഓസീസ് ടീം വീണ്ടും ഇന്ത്യ സന്ദർശിക്കും.
ഓസ്ട്രേലിയയിൽ വെച്ചാണ് ഐസിസി 2022 ടി20 ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 16ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ നവംബർ 13ന് മെൽബണിൽ വെച്ച് നടക്കും. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് തുടങ്ങിയവരാണ് പ്രധാന എതിരളികൾ. പാകിസ്ഥാനെതിരെ ഒക്ടോബർ 23നാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം.
ഐപിഎൽ 2022 സീസണിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ജൂൺ 9 മുതൽ 19 വരെ ഇന്ത്യയിൽ വെച്ച് നടക്കുന്ന പരമ്പരയിൽ 5 ടി20 മത്സരങ്ങളാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ശേഷം രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യൻ ടീം ഐർലൻഡിലേക്ക് പറക്കും.
ALSO READ : IPL 2022 : ഐപിഎല്ലിലെ മോശം ഫോം; വിരാട് കോലിയെ ഇന്ത്യൻ ടി20 ടീമിൽ നിന്നൊഴുവാക്കിയേക്കുമെന്ന് റിപ്പോർട്ട്
ഒപ്പം 2021ൽ കോവിഡിനെ തുടർന്ന് മാറ്റിവെച്ച ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റ് മത്സരം രോഹിത് ശർമയുടെ നേതൃത്വത്തിൽ ജൂലൈ ഒന്നിന് സംഘടിപ്പിക്കും. കൂടാതെ മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന, ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ തന്നെ തുടരും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.