ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ നിന്ന് രണ്ട് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. നടപടി കടുത്ത അനീതിയാണെന്നും അപ്പീല്‍ പോകുമെന്നും അസോസിയേഷന്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിശോധനയില്‍ താരങ്ങള്‍ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഗെയിംസ് വില്ലേജിലെ താരങ്ങളുടെ കിടപ്പുമുറിയില്‍ സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ദീര്‍ഘദൂര നടത്തക്കാരന്‍ കെ.ടി ഇര്‍ഫാന്‍, ട്രിപിള്‍ ജമ്പര്‍ രാകേഷ് ബാബു എന്നിവരെ ഫെഡറേഷന്‍ പുറത്താക്കിയിരുന്നു. താരങ്ങള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇരുവരെയും ഉടനടി ഇന്ത്യയിലേക്ക് തിരച്ചയക്കാനാണ് നിര്‍ദേശം. 


കെ.ടി ഇര്‍ഫാന്‍റെ മത്സരം പൂര്‍ത്തിയായിരുന്നു. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇര്‍ഫാന്‍ 13-ാമത് ആയാണ് ഫിനിഷ് ചെയ്തത്. ട്രിപിള്‍ ജമ്പ് താരമാണ് രാകേഷ് ബാബു. ശനിയാഴ്ച നടക്കുന്ന ട്രിപിള്‍ ജമ്പ് ഫൈനലിലേക്ക് രാകേഷ് യോഗ്യത നേടിയിരുന്നു.