ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിഫൈനലില്‍ പ്രവേശിച്ചു. ഒരു മണിക്കൂറോളം നീണ്ട മത്സരത്തില്‍ ചൈനയുടെ ഷി യുഖിയെ 8-21, 21-19,21-9 എന്ന സ്കോറിനാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ സെറ്റില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം സെറ്റില്‍ മികച്ച രീതിയില്‍ കളിച്ച ശ്രീകാന്ത് 21-19ന് ജയിച്ച സെമി പ്രതീക്ഷ നിലനിര്‍ത്തി. മൂന്നാം സെറ്റില്‍ ചൈനീസ്‌ താരത്തെ നിലംതൊടിക്കാതെ ആധികാരികമായി കളിച്ച ശ്രീകാന്ത് സെറ്റും, മത്സരവും സ്വന്തമാക്കി. സെമിയില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയാണ് ശ്രീകാന്തിന്‍റെ എതിരാളി.


47 മിനിറ്റ് നീണ്ട മത്സരത്തില്‍  ജപ്പാന്‍റെ ജിയോണ്‍ ഹെയോക്ക്-ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറ പറ്റിച്ചാണ് പ്രണോയി സെമിയിലെത്തിയത്. 
ജയത്തോടെ, ലോക ബാഡ്മിന്റ്ണ്‍ റാങ്കിംഗില്‍ 31ാം സ്ഥാനത്തുള്ള ജിയോണിനോട്‌ ഈ വര്‍ഷത്തെ കാനഡ ഓപ്പണില്‍ തോറ്റത്തിന്‍റെ മധുരപ്രതികാരം കൂടി നേടാന്‍ പ്രണോയിക്ക് സാധിച്ചു. 


നേരത്തെ, ജപ്പാനിലെ അക്കാനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് റിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവും ലോക രണ്ടാം റാങ്കുകാരിയായ ഇന്ത്യയുടെ പിവി സിന്ധു സെമിയിലെത്തിയത്. സ്കോര്‍: 21-14, 21-14.  ആദ്യമായാണ് സിന്ധു ഫ്രഞ്ച് ഓപ്പണ്‍ സുപ്പര്‍ സിരീസ് സെമിയിലെത്തുന്നത്.