മുംബൈ: ടിവി ചാനല്‍ ടോക് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബിസിസിഐ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചുരുങ്ങിയത് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഉള്‍പ്പടെയുള്ള നടപടികള്‍ക്കാണ് ഇടക്കാല ഭരണസമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം നടപടിയുണ്ടാകും.
പരാമര്‍ശം വിവാദമായതോടെ ഇരുവരോടും ബിസിസിഐ വിശദീകരണം തേടിയിരുന്നു. 


സംഭവിച്ച് പോയതില്‍ കുറ്റബോധമുണ്ടെന്നും, ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ലെന്നുമാണ് ബിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി ഹാര്‍ദിക് പറഞ്ഞത്.


'എന്‍റെ വാക്കുകള്‍ ആരേയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ തിരിച്ചറിയാതെയാണ് ചാറ്റ് ഷോക്കിടയില്‍ ഞാന്‍ ചില പ്രതികരണങ്ങള്‍ നടത്തിയത്. സംഭവിച്ച് പോയതില്‍ എനിക്ക് അതിയായ കുറ്റബോധമുണ്ട്. ആ പ്രതികരണങ്ങളിലൂടെ ഏതെങ്കിലും വിഭാഗത്തെ മോശമായി ചിത്രീകരിക്കാന്‍ മനഃപൂര്‍വം ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഹാര്‍ദിക് ബിസിസിഐയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു'.


പരിപാടിയുടെ ഒഴുക്കില്‍ പറഞ്ഞുപോയതാണ് അതെല്ലാം. എന്‍റെ പ്രസ്താവനകള്‍ അധിക്ഷേപകരമായി ആര്‍ക്കെങ്കിലും തോന്നുമെന്നും കരുതിയില്ല. സമാനമായ സംഭവങ്ങള്‍ ഇനി എന്‍റെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നതായും, ബിസിസിഐയ്ക്ക് ഹാര്‍ദിക് പാണ്ഡ്യ നല്‍കിയ മറുപടി എന്ന നിലയില്‍ പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.


കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്ക് ഇടയിലായിരുന്നു കെ.എല്‍.രാഹുലിനേയും ഹാര്‍ദിക് പണ്ഡ്യയേയും പുലിവാല് പിടിപ്പിച്ച പരാമര്‍ശങ്ങള്‍ ഇരുവരുടേയും ഭാഗത്ത് നിന്നും വരുന്നത്.ഹാര്‍ദിക് പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ സിഒഎ തലവന്‍ വിനോദ് റായ് ഇരുവരോടും വിശദീകരണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.