അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയതിന് ശേഷം മതി വിവാഹം : റാഷിദ് ഖാൻ
21 വയസ് മാത്രം പ്രായമുള്ള റാഷിദിന്റെ അക്കൗണ്ടിൽ 296 ട്വന്റി-20 വിക്കറ്റുകളുണ്ട്. അതോടൊപ്പം അഫ്ഗാൻ ടീമിന്റെ ക്യാപ്റ്റനുമായി.
അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂവെന്ന ‘ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി അഫ്ഗാൻ താരം റാഷിദ് ഖാൻ. ആസാദി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാഷിദ് ഇക്കാര്യം പറഞ്ഞത്. ഇതുവരെ രണ്ട് ഏകദിന ലോകകപ്പുകളിലും നാല് ട്വന്റി20 ലോകകപ്പുകളിലും മാത്രം കളിച്ചിട്ടുള്ള ടീമാണ് അഫ്ഗാനിസ്ഥാൻ. ഒരു തവണ പോലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുമില്ല. ഇതിനിടെയാണ്, അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന ഇരുപത്തൊന്നുകാരനായ റാഷിദ് ഖാന്റെ പ്രഖ്യാപനം.
2015, 2019 ഏകദിന ലോകകപ്പുകളിൽ മാത്രമാണ് ലീഗ് ഘട്ടം കടക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞിട്ടുള്ളത്. ഇതുവരെ ഏകദിന ലോകകപ്പിൽ കളിച്ച 15 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാന് നേടാനായത് ഒരേയൊരു ജയം മാത്രമാണ്. 2015 ലോകകപ്പിൽ കുഞ്ഞൻ രാജ്യമായ സ്കോട്‌ലൻഡിനെതിരെ ആയിരുന്നു അവരുടെ ഏക ജയം.
Also Read: 'ബ്രസീൽ വനിത ഫുട്ബാളിൽ സ്വവർഗ വിവാഹം', ആശംസകൾ നേർന്ന് ആരാധകർ
എന്നാൽ നിലവിൽ ക്രിക്കറ്റിലെ മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളാണ് റാഷിദ് ഖാൻ. ട്വന്റി-20യിൽ ഒന്നിലധികം ബൗളിങ് റെക്കോഡുകൾ ഈ അഫ്ഗാൻ സ്പിന്നറുടെ പേരിലുണ്ട്. 21 വയസ് മാത്രം പ്രായമുള്ള റാഷിദിന്റെ അക്കൗണ്ടിൽ 296 ട്വന്റി-20 വിക്കറ്റുകളുണ്ട്. അതോടൊപ്പം അഫ്ഗാൻ ടീമിന്റെ ക്യാപ്റ്റനുമായി.
റാഷിദിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാല ആരാധകർ ട്രോളുമായി രംഗത്തെത്തി. വിവാഹം കഴിക്കാതിരിക്കാനുള്ള റാഷിദിന്റെ സൂത്രമാണ് ഇതെന്ന് ചിലർ പറഞ്ഞപ്പോൾ ബോളിവുഡ് താരം സൽമാൻ ഖാന്റെ അവസ്ഥയാകും റാഷിദിനെന്നാണ് മറ്റു ചിലർ പറയുന്നത്. വിവാഹം കഴിക്കാനായി അഫ്ഗാന്റെ ലോകകപ്പ് വിജയത്തിനായി കാത്തിരിക്കുന്ന റാഷിദ് എന്ന കുറിപ്പോടുകൂടി വൃദ്ധനായ റാഷിദിന്റെ ചിത്രവും ആരാധകർ ട്വീറ്റ് ചെയ്തിട്ടുണ്ട്.