വിശാഖപട്ടണം: വിൻഡീസിനെതിരായ രണ്ടാം ഏക ദിനത്തില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍‍ത്തി ഇന്ത്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം ഏക ദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കാഴ്ചവച്ചത്. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.


രണ്ടാം ഏകദിനത്തിലെ ഓപ്പണിംഗ് കൂട്ടുകെട്ട് 37-ാം ഓവറിലാണ് തകര്‍ക്കാന്‍ വിൻഡീസിന് കഴിഞ്ഞത്. അപ്പോഴേയ്ക്കും ഓപ്പണര്‍മാരായ രോഹിതും രാഹുലും ചേര്‍ന്ന് 227 റണ്‍സ് നേടിയിരുന്നു. റെക്കോർഡുകൾ വഴിമാറിയ ബാറ്റി൦ഗ് പ്രകടനമായിരുന്നു ഇരുവരും കാഴ്ചവച്ചത്. 138 പന്തിൽ നിന്ന് രോഹിത് 159 റൺസെടുത്താണ് പുറത്തായത്. 17 ഫോറും അഞ്ചു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്‍റെ സ്കോര്‍. 104 പന്തിൽ നിന്ന് 102 റൺസെടുത്താണ് രാഹുൽ പുറത്താവുന്നത്. 


അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിഷഭ് പന്തും ശ്രേയസ് അയ്യരും വീണ്ടും ഇന്ത്യയുടെ സ്കോർ ഉയർത്തി. പന്ത് 16 പന്തിൽ നിന്ന് 39 റൺസെടുത്തപ്പോൾ ശ്രേയസ് 32 പന്തിൽ നിന്ന് 53 റൺസെടുത്തു. ആകെ 50 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 387 റൺസെടുത്തു.


ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലും ടോസ് നേടിയ വിൻഡീസ് ആദ്യം ഇന്ത്യയെ ബാറ്റി൦ഗിന് അയക്കുകയാണ് ചെയ്തത്. 
ഒന്നാം ഏകദിനത്തിലെ ടീമിൽ നിന്ന് ഒരേയൊരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ശിവം ദുബെക്ക് പകരം പേസർ ശാർദൂൽ താക്കൂറിനെ ഉൾപ്പെടുത്തി.


വെസ്റ്റ് ഇൻഡീസ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരിക്ക് കാരണം ഒന്നാം ഏകദിനത്തിൽ കളിക്കാതിരുന്ന ഓപ്പണർ എവിൻ ലെവിസ് തിരിച്ചെത്തി. സുനിൽ ആംബ്രിസിനെ ഒഴിവാക്കി. ഹെയ്ഡൻ വാൽഷ് ജൂനിയറിന് പകരം കാരി പിയറെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങുന്നു.


അതേസമയം, ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനോട് പരാജയപ്പെട്ടിരുന്നു. 8 വിക്കറ്റിനായിരുന്നു വിൻഡീസ് വിജയം നേടിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 287 റൺസ് നേടിയിട്ടും അനായാസമായി വിൻഡീസ് മറികടക്കുകയായിരുന്നു.