T20 WC 2024: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം, ബംഗ്ലാദേശിനെയും തകര്‍ത്തു; സെമി അരികെ
T20 WC 2024, Ind vs Ban scorecard: ടി20 ലോകകപ്പിൽ ടീം ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലാണ്.
ആന്റിഗ്വ: ടി20 ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ടീം ഇന്ത്യ. സൂപ്പര്‍ 8 റൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തു. 50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിന് 146 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശിന് പുറത്തേക്കുള്ള വഴി തുറന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ വിരാട് കോഹ്ലിയും നായകന്‍ രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ്മ 11 പന്തില്‍ 23 റണ്‍സും കോഹ്ലി 28 പന്തില്‍ 37 റണ്‍സും നേടി. മൂന്നാമനായി ക്രീസിലെത്തിയ റിഷഭ് പന്തും ഫോമിലായതോടെ ഇന്ത്യയുടെ സ്‌കോറിംഗിന് വേഗം കൂടി. 24 പന്തുകള്‍ നേരിട്ട പന്ത് 36 റണ്‍സ് നേടി. നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തിയ സൂര്യകുമാര്‍ യാദവ് രണ്ടാം പന്തില്‍ പുറത്തായത് ആരാധകരെ ഞെട്ടിച്ചു.
ALSO READ: മോഷ്ടാക്കളുടെ ആക്രമണം: മുൻ ഇറ്റാലിയൻ ഫുട്‌ബോൾ താരം റോബർട്ടോ ബാജിയോയ്ക്ക് പരിക്ക്
മധ്യനിരയില്‍ 24 പന്തില്‍ 34 റണ്‍സുമായി ശിവം ദുബെ തിളങ്ങിയതോടെ ഇന്ത്യയുടെ സ്‌കോര്‍ മുന്നോട്ട് പോയി. ഫോമിലേയ്ക്ക് തിരിച്ചെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 27 പന്തില്‍ 4 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 50 റണ്‍സ് നേടിയ പാണ്ഡ്യ പുറത്താകാതെ നിന്നു. പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിന് വേണ്ടി തന്‍സിം ഹസന്‍ സകിബ്, റിഷാദ് ഹൊസൈന്‍ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും ഷക്കിബ് അല്‍ ഹസന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ആന്റിഗ്വയിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും (10) തന്‍സിദ് ഹസനും (29) ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സ് നേടി. മൂന്നാമനായി ക്രീസിലെത്തിയ നജ്മുല്‍ ഹൊസൈന്‍ 32 പന്തില്‍ 40 റണ്‍സ് നേടി. നജ്മുല്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 11 റണ്‍സ് നേടിയ ഷക്കീബ് അല്‍ ഹസനും 13 റണ്‍സ് നേടിയ മഹ്മുദുല്ലയും നിറം മങ്ങിയതോടെ ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. 10 പന്തില്‍ 24 റണ്‍സ് നേടിയ റിഷാദ് ഹൊസൈന്റെ പ്രകടനം പാഴാകുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കുല്‍ദീപ് യാദവ് 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് നേടി. ഇതോടെ സൂപ്പര്‍ 8 ഘട്ടത്തില്‍ 2 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. നേരത്തെ, അഫ്ഗാനിസ്താനെ ഇന്ത്യ 47 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy