മുംബൈ: ഇംഗ്ലണ്ടിനെതിരായ ഈ മാസം ഒന്‍പതിന് തുടങ്ങുന്ന അഞ്ചു ടെസ്റ്റ്‌ മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയില്‍ ചേരുന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക.  അസുഖം മൂലം വിശ്രമത്താലായിരുന്ന പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ ടീമില്‍ തിരിച്ചെത്തിയേക്കും. ന്യൂസിലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കിയ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമില്‍ വേറെ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇംഗ്ലണ്ടിനെതിരെ ഈ മാസം  തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം ഒന്‍പതിന് രാജ്കോട്ടില്‍ തുടങ്ങും. രണ്ടാം ടെസ്റ്റ് 17 മുതല്‍ വിശാഖപട്ടണത്തും മൂന്നാം ടെസ്റ്റ് 26 മുതല്‍ മൊഹാലിയിലും നാലാം ടെസ്റ്റ് ഡിസംബര്‍ എട്ടു മുതല്‍ മുംബൈയിലും അഞ്ചാം ടെസ്റ്റ് 16 മുതല്‍ ചെന്നൈയിലും നടക്കും.


ചിക്കുന്‍ ഗുനിയ ബാധിച്ച് ചികിത്സയിലായിരുന്നതിനാലാണ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ്‌ പരമ്പരകളില്‍ നിന്ന്‍ ഇഷാന്ത് ശര്‍മയെ ഒഴിവാക്കിയത്. വിന്‍ഡീസിനെതിരെ എട്ടു വിക്കറ്റ വീഴ്ത്തിയ ഇഷാന്ത് ശര്‍മ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. 72 ടെസ്റ്റുകളില്‍ 209 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഇഷാന്താണ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളര്‍.


അതേസമയം,  ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. ശിഖര്‍ ധവാനു പരുക്കേറ്റതോടെയാണ് ഗംഭീര്‍ ടീമിലേക്ക് തിരിച്ചെത്തിയത്.മോശമല്ലാത്ത പ്രകടനമാണ് ഗൗതം ഗംഭീര്‍ കാഴ്ച്ച വെച്ചത്. 


ദുലീപ് ട്രോഫി മത്സരത്തിലും ഒഡീഷയ്‌ക്കെതിരെ കഴിഞ്ഞദിവസം നടന്ന രഞ്ജി ട്രോഫി മത്സരത്തിലും മികച്ച പ്രകടനം ഗംഭീര്‍ കാഴ്ച്ച വെച്ചതിനാല്‍ ഇംഗ്ലണ്ടിനെതിരെയും അവസരം ലഭിക്കാനാണ് സാധ്യത. എന്നാല്‍, രാഹുലും ഭുവനേശ്വര്‍ കുമാറും പരുക്കിന് ശേഷം പിന്നീട് മത്സരങ്ങളൊന്നും കളിച്ചിട്ടില്ലാത്തതിനാല്‍ കായികക്ഷമത പരിശോധിക്കേണ്ടിവരും.


ബംഗ്ലദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ 1-1 സമനില നേടിയ ഇംഗ്ലണ്ട് ടീം ഇന്നു നഗരത്തില്‍ എത്തും. ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ്  അവര്‍ക്കു പരിശീലന മല്‍സരങ്ങളൊന്നുമില്ല. എന്നാല്‍ ഇംഗ്ലണ്ട് ടീം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ പരിശീലനത്തിന് അവസരമൊരുക്കുമെന്നു ബോര്‍ഡ് വക്താവ് അറിയിച്ചു.