`ദേശീയ ടീം വിടൂ`; ആറ് ഇംഗ്ലീഷ് താരങ്ങൾക്ക് കോടികൾ വാഗ്ദാനം ചെയ്ത് ഐപിഎൽ ഫ്രാഞ്ചൈസികൾ
വിവിധ ടി20 ലീഗുകളിൽ ഇന്ത്യയിൽ നിന്നുള്ള ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ടീമുകളുണ്ട്. അവിടെ സ്റ്റാർ വാല്യു ഉള്ള താരങ്ങളെ എത്തിക്കുകയെന്നാണ് ടീമുകളുടെ ലക്ഷ്യം
രാജ്യാന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ടി20 ലീഗുകളുടെ മാത്രം ഭാഗമാകാൻ ആറ് ഇംഗ്ലീഷ് താരങ്ങൾക്ക് കോടികൾ വാഗ്ദാനം ചെയ്ത പ്രമുഖ ഐപിൽ ടീമുകൾ. പ്രതിവർഷം അഞ്ച് മില്യൺ പൗണ്ടിന്റെ പ്രത്യേക കരാറാണ് ടീമുകൾ ഇംഗ്ലീഷ് താരങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ടൈംസ് ലണ്ടൺ റിപ്പോർട്ട് ചെയ്യുന്നു. കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ), എസ്എ ടി20 (ദക്ഷിണാഫ്രിക്ക), ഗ്ലോബൽ ടി20 ലീഗ് (യുഎഇ), യുഎസിൽ ആരംഭിക്കാൻ പോകുന്ന മേജർ ലീഗ് ടി20 തുടങ്ങിയ ക്രിക്കറ്റ് ലീഗുകളിൽ ഇന്ത്യയിൽ നിന്നുള്ള പത്ത് ഐപിഎൽ ഫ്രാഞ്ചൈസികൾക്കും ടീമുകളുണ്ട്. ഈ ലീഗുകളിൽ മാത്രം താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫ്രാഞ്ചൈസികളുടെ ആവശ്യം. ഈ ലീഗുകൾക്ക് പുറമെ ഐപിഎല്ലിനെക്കാളും പണം ഒഴുക്കാൻ തയ്യാറെടുക്കുന്ന സൗദി ടി20 ലീഗിലും ഇന്ത്യൻ ഫ്രാഞ്ചൈസികൾ ടീമുകൾ രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ്. അതേസമയം ഏത് ഐപിഎൽ ഫ്രാഞ്ചൈസി ഏത് താരങ്ങളെയാണ് സമീപിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല.
അതേസമയം രാജ്യാന്തര താരങ്ങൾക്ക് പ്രതിവർഷം എത്ര ലീഗുകളിൽ കളിക്കാമെന്നതിനുള്ള നിയന്ത്രണം ഏർപ്പെടുത്താൻ പോകുകയാണ് ഐസിസി. പക്ഷെ അതുകൊണ്ട് ഫലം ഇല്ല എന്ന തന്നെ പറയേണ്ടി വരും. താരങ്ങൾ ദേശീയ ടീമുമായിട്ടുള്ള കരാർ അവസാനിപ്പിച്ച്, വിരമിച്ചതിന് ശേഷം ഈ ലീഗുകളിൽ സജീവമാകുകയും ചെയ്യു. എന്നാൽ അതാത് രാജ്യം എൻഒസി ഏർപ്പെടുത്തിയാൽ മാത്രമെ ഐസിസിക്ക് ഈ പ്രശ്നം മറികടക്കാൻ സാധിക്കൂ. ഇത്തരത്തിൽ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് ബിസിസിഐ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ സമ്മാനതുക ഇരട്ടിപ്പിച്ചത്.
ALSO READ : Viral Video : ഫീൽഡറെ വിളിച്ചിട്ട് വിളി കേട്ടില്ല; ക്യാപ്റ്റന്റെ കൂളിന്റെ കൂള് നഷ്ടമായി
ഇസിബിയിൽ നിന്നും രാജ്യാന്തര കരാർ അവസാനിപ്പിച്ച് ഐപിഎൽ ടീമിന്റെ കീഴിൽ കരാർ രൂപീകരിക്കാനാണ് ഫ്രാഞ്ചൈസികളുടെ ഉടമകൾ അടങ്ങുന്ന സംഘം ഇംഗ്ലീഷ് താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫുട്ബോളിനെ പോലെ ക്ലബ് അടിസ്ഥാനത്തിൽ ക്രിക്കറ്റ് മാറ്റുകയും പ്രമുഖ താരങ്ങളെ അത്തരത്തിൽ സ്റ്റാർ വാല്യു ഉള്ള കളിക്കാരായി ഉയർത്തികൊണ്ടുവരാനുള്ള ഫ്രാഞ്ചൈസികളുടെ പദ്ധതിയാണ് ഇതിന് പിന്നിൽ. അതായത് താരങ്ങൾ ഫ്രാഞ്ചൈസിമായി പ്രാഥമിക കരാറിൽ ഏർപ്പെടും, ദേശീയ ടീമിന്റെ ഡ്യൂട്ടിക്കായി സബ് കരാറിൽ പ്രവർത്തിക്കുകയും ചെയ്യും. ലേലം മറ്റ് നടപടികൾ ഒന്നുമില്ലാതെ താര കൈമാറ്റങ്ങൾ നടത്താനും സാധിക്കും.
ഇംഗ്ലീഷ് താരങ്ങൾക്ക് പുറമെ ഈ ടീമുകൾ ഓസ്ട്രേലിയൻ ടി20 സ്പെഷ്യലിസ്റ്റുകളുമായി ചർച്ച ചെയ്തിട്ടുണ്ട്. അതാണ് ഇപ്പോൾ ഇംഗ്ലീഷ് താരങ്ങളിലേക്ക് നീണ്ടിരിക്കുന്നത്. രണ്ട് മില്യൺ മുതൽ അഞ്ച് മില്യൺ പൗണ്ടാണ് താരങ്ങൾക്ക് ഐപിഎൽ ടീമുകൾ വാഗ്ദാനം ചെയ്യുന്നത്. അതായത് ഇസിബി നൽകുന്നതിൽ അഞ്ച് മടങ്ങ് ശമ്പളമാണ് ഫ്രാഞ്ചൈസികൾ ഈ താരങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...