Ambati Rayudu: `ഇത് അവസാന മത്സരം`; വിരമിക്കൽ പ്രഖ്യാപിച്ച് സിഎസ്കെ ബാറ്റ്സ്മാൻ അമ്പട്ടി റായിഡു
മുംബൈക്കൊപ്പവും അമ്പട്ടി റായിഡു ഐപിഎൽ ടൂർണമെന്റിൽ മത്സരിച്ചിട്ടുണ്ട്. 2010ലാണ് റായിഡു ഐപിഎൽ കരിയർ തുടങ്ങിത്.
ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) മധ്യനിര ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു. ഗുജറാത്തിനെതിരായ മത്സരം ഐപിഎൽ ടൂർണമെന്റിലെ തന്റെ അവസാനത്തെ മത്സരമായിരിക്കുമെന്ന് റായിഡു ട്വിറ്ററിൽ കുറിച്ചു. സിഎസ്കെ, മുംബൈ ഇന്ത്യൻ എന്നീ രണ്ട് മികച്ച ടീമുകൾക്കൊപ്പം കളിക്കാനായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
14 സീസൺ, 204 മത്സരങ്ങൾ, 11 പ്ലേഓഫ് മത്സരങ്ങൾ, 8 ഫൈനൽസ്, 5 മത്സരങ്ങളിൽ വിജയം അങ്ങനെ പോകുന്നു അമ്പട്ടി റായിഡുവിന്റെ ഐപിഎൽ ടൂർണമെന്റ്. ഇനിയൊരു യൂടേൺ ഇല്ല എന്ന് കൂടി ട്വീറ്റിൽ റായിഡു വ്യക്തമാക്കിയിട്ടുണ്ട്.
2010ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് അദ്ദേഹം ഐപിഎൽ കരിയർ ആരംഭിച്ചത്. 2018 മുതൽ സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നു. ചെന്നൈടെ കൂടെ രണ്ട് കിരീടം സ്വന്തമാക്കാൻ റാിഡുവിന് സാധിച്ചിട്ടുണ്ട്. സിഎസ്‌കെയ്‌ക്കൊപ്പമുള്ള കാലത്താണ് റായിഡു ഒരു പവർ-ഹിറ്റർ എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങിയത്. 2018-ൽ സിഎസ്‌കെ കിരീടം ഉയർത്തിയപ്പോൾ സിഎസ്‌കെയ്‌ക്കൊപ്പമുള്ള തന്റെ അരങ്ങേറ്റ സീസണിൽ 149.75 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം സ്‌കോർ ചെയ്തത്. ടീമിനായി 16 മത്സരങ്ങളിൽ നിന്ന് 602 റൺസ് നേടിയതിനാൽ റായിഡുവിന്റെ ഏറ്റവും മികച്ച സീസണായി ഇത് മാറി.
Also Read: IPL 2023: പെരിയ വിസിലോ ഗില്ലാട്ടമോ? ഗുജറാത്തും ചെന്നൈയും നേർക്കുനേർ; ഐപിഎൽ ചാമ്പ്യൻമാരെ ഇന്ന് അറിയാം
2022ൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് അമ്പട്ടി റായിഡു വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. തന്റെ അവസാന ഐപിഎൽ സീസൺ ആണിതെന്നും 13 വർഷത്തെ കരിയറിൽ രണ്ട് മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചുയെന്നും ട്വിറ്ററിൽ കുറിച്ചാണ് റായിഡു തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ആ ട്വീറ്റ് മിനിറ്റുകളുടെ ആയുസ് കൊണ്ട് ഡിലീറ്റ് ആക്കപ്പെടുകയും ചെയ്തിരുന്നു.
അതേസമയം ഐപിഎൽ 16-ാം സീസൺ ചാമ്പ്യൻമാരെ ഇന്ന് അറിയാം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് നാല് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.
ഇന്നത്തെ മത്സരത്തോടെ ധോണി തന്റെ ഐപിഎൽ കരിയർ അവസാനിപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയത്തോടെ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം എന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിന് ഒപ്പം ചെന്നൈയെ എത്തിക്കാനാകും ധോണിയുടെ ശ്രമം. മറുഭാഗത്ത്, തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന പാണ്ഡ്യയും സംഘവും ചെന്നൈയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം തുടർച്ചയായി രണ്ട് ഫൈനലുകൾ കളിക്കുന്ന ടീം എന്ന റെക്കോർഡ് ഗുജറാത്ത് സ്വന്തമാക്കി കഴിഞ്ഞു.
ഐപിഎൽ 16-ാം സീസണിലെ ഉദ്ഘാടന മത്സരവും കലാശപ്പോരാട്ടവും ഗുജറാത്തും ചെന്നൈയും തമ്മിലായത് തികച്ചും യാദൃശ്ചികം മാത്രം. സ്വന്തം കാണികളുടെ മുന്നിൽ ഫൈനലിന് ഇറങ്ങുന്നതിന്റെ ആനുകൂല്യം ഗുജറാത്തിന് ലഭിക്കും. എന്നാൽ, ഹോം ഫാൻസിനേക്കാൾ കൂടുതൽ ധോണി ആരാധകരാകും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേയ്ക്ക് ഒഴുകി എത്തുക. കാരണം ചെന്നൈയുടെ ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലുമെല്ലാം സ്റ്റേഡിയങ്ങൾ ചെന്നൈ ആരാധകരെ കൊണ്ട് നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് കാരണം. മറ്റ് ടീമുകളുടെ നായകൻമാർ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തിൽ ഗുജറാത്തിന് മുന്നിൽ ചെന്നൈയ്ക്ക് കാലിടറിയെങ്കിൽ ഒന്നാം ക്വാളിഫയറിൽ ചെന്നൈ പകരം വീട്ടിയിരുന്നു. ഇപ്പോൾ വീണ്ടും കലാശപ്പോരിന് ഇരുടീമുകളും കച്ചമുറുക്കുമ്പോൾ എന്തും സംഭവിക്കാം എന്നതാണ് സാഹചര്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...