ഐപിഎൽ 16-ാം സീസൺ ചാമ്പ്യൻമാരെ ഇന്ന് അറിയാം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് നാല് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ഇന്നത്തെ മത്സരത്തോടെ ധോണി തന്റെ ഐപിഎൽ കരിയർ അവസാനിപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയത്തോടെ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം എന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിന് ഒപ്പം ചെന്നൈയെ എത്തിക്കാനാകും ധോണിയുടെ ശ്രമം. മറുഭാഗത്ത്, തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന പാണ്ഡ്യയും സംഘവും ചെന്നൈയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം തുടർച്ചയായി രണ്ട് ഫൈനലുകൾ കളിക്കുന്ന ടീം എന്ന റെക്കോർഡ് ഗുജറാത്ത് സ്വന്തമാക്കി കഴിഞ്ഞു.
ALSO READ: ഫൈനലിന് മഴ ഭീഷണി; മത്സരം ഉപേക്ഷിച്ചാൽ ആര് കിരീടം നേടും? അറിയേണ്ടതെല്ലാം
ഐപിഎൽ 16-ാം സീസണിലെ ഉദ്ഘാടന മത്സരവും കലാശപ്പോരാട്ടവും ഗുജറാത്തും ചെന്നൈയും തമ്മിലായത് തികച്ചും യാദൃശ്ചികം മാത്രം. സ്വന്തം കാണികളുടെ മുന്നിൽ ഫൈനലിന് ഇറങ്ങുന്നതിന്റെ ആനുകൂല്യം ഗുജറാത്തിന് ലഭിക്കും. എന്നാൽ, ഹോം ഫാൻസിനേക്കാൾ കൂടുതൽ ധോണി ആരാധകരാകും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേയ്ക്ക് ഒഴുകി എത്തുക. കാരണം ചെന്നൈയുടെ ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലുമെല്ലാം സ്റ്റേഡിയങ്ങൾ ചെന്നൈ ആരാധകരെ കൊണ്ട് നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് കാരണം. മറ്റ് ടീമുകളുടെ നായകൻമാർ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തിൽ ഗുജറാത്തിന് മുന്നിൽ ചെന്നൈയ്ക്ക് കാലിടറിയെങ്കിൽ ഒന്നാം ക്വാളിഫയറിൽ ചെന്നൈ പകരം വീട്ടിയിരുന്നു. ഇപ്പോൾ വീണ്ടും കലാശപ്പോരിന് ഇരുടീമുകളും കച്ചമുറുക്കുമ്പോൾ എന്തും സംഭവിക്കാം എന്നതാണ് സാഹചര്യം.
ഫൈനലിൽ ധോണിയും ശുഭ്മാൻ ഗില്ലുമായിരിക്കും ശ്രദ്ധാ കേന്ദ്രങ്ങൾ. ഇതിനോടകം തന്നെ 16 ഇന്നിംഗ്‌സുകളിൽ നിന്ന് 851 റൺസുമായി ഓറഞ്ച് ക്യാപ് ശുഭ്മാൻ ഗിൽ സ്വന്തമാക്കി കഴിഞ്ഞു. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് ഗിൽ മറികടക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 2016 സീസണിൽ 973 റൺസാണ് കോഹ്ലി അടിച്ചു കൂട്ടിയത്. ഇന്നത്തെ മത്സരത്തിൽ ഗിൽ 122 റൺസ് കൂടി നേടാനായാൽ അഹമ്മദാബാദിൽ പുതുചരിത്രം പിറക്കും. മുംബൈ ഇന്ത്യൻസിനെതിരെ നടന്ന രണ്ടാം ക്വാളിഫയറിൽ 60 പന്തിൽ 10 സിക്‌സറുകളും 7 ബൗണ്ടറികളും പറത്തിയ ഗിൽ 129 റൺസ് നേടിയിരുന്നു.
6 മണിയ്ക്ക് സമാപന ചടങ്ങുകളോടെയാണ് കലാശപ്പോരാട്ടത്തിന് തുടക്കമാകുക. സമാപന ചടങ്ങുകൾ അവസാനിക്കാൻ വൈകിയാൽ 7.30ന് നടക്കേണ്ട മത്സരം 30 മിനിട്ടെങ്കിലും വൈകി 8 മണിയ്ക്ക് ആരംഭിക്കാനാണ് സാധ്യത.
സാധ്യതാ ടീം
ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ടീം : വൃദ്ധിമാൻ സാഹ (WK), ശുഭ്മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (C), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി.
ചെന്നൈ സൂപ്പർ കിംഗ്സ് സാധ്യതാ ടീം : റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (C & WK), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...