ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് ജയം. ഐപിഎൽ 2022 സീസണിലെ ഫൈനലിസ്റ്റുകൾ അതെ വേദിയിൽ ഏറ്റുമുട്ടിയപ്പോൾ അന്ന് കലാശപ്പോരാട്ടത്തിൽ നേരിട്ട തോൽവിക്ക് മറുപടി നൽകുകയായിരുന്നു സഞ്ജു സാംസണും സംഘവും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ഏഴിന് 177 റൺസെടുക്കുകയായിരുന്നു. രാജസ്ഥാൻ 178 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിർത്തികൊണ്ടാണ് മറികടന്നത്. കൈവിട്ട് പോയി എന്ന കരുതിയ മത്സരം തിരിച്ച് കൊണ്ടുവന്നത് ക്യാപ്റ്റൻ സഞ്ജുവിന്റെയും ഫിനിഷറായ വിൻഡീസ് താരം ഷിമ്രോൺ ഹെത്മയറുടെയും അർധ സെഞ്ചുറി ഇന്നിങ്സുകളായിരുന്നു. സീസണിൽ ഇതുവരെ പവർപ്ലെയിൽ ഏറ്റവും കുറഞ്ഞ സ്കോർ നേടിട്ടും സഞ്ജുവും ഹെത്മയറും ചേർന്ന് രാജസ്ഥാന് ത്രിസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

178 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാൻ ആദ്യം തന്നെ പണി പാളുകയായിരുന്നു. പവർപ്ലേയിലെ ഗുജറാത്തിന്റെ ബോളിങ് ആക്രമണത്തിൽ പ്രഥമ ഐപിഎൽ ചാമ്പ്യന്മാർ പതറി പോകുകയായിരുന്നു. അപകടകാരിയായ ഇംഗ്ലീഷ് ബാറ്റർ ജോസ് ബട്ലറും ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളും വലിയ സംഭാവനങ്ങൾ ഒന്നും നൽകാതെയാണ് ടൈറ്റൻസിന്റെ ബോളിങ് ആക്രമണത്തിൽ മുന്നിൽ കീഴടങ്ങിയത്. ശേഷം മലയാളി താരം ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ സഞ്ജുവും ചേർന്ന് ടൈറ്റൻസനെ പ്രതിരോധിച്ച് മെല്ലെ സ്കോർ ഉയർത്തുകയായിരുന്നു. പടിക്കൽ 26 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് സഞ്ജു രാജസ്ഥാൻ സ്കോർ ബോർഡിന്റെ പൂർണ ചുമതലയേറ്റെടുക്കുന്നത്.


ALSO READ : Sandeep Sharma : സഞ്ജു നൽകിയ കോൺഫിഡൻസ്; അതാണ് ധോണിക്കെതിരെ പ്രതിരോധിക്കാൻ സഹായിച്ചതെന്ന് സന്ദീപ് ശർമ്മ


32 പന്തിൽ ആറ് സിക്സും മൂന്ന് ഫോറുമായി 60 റൺസ് ഇന്നിങ്സാണ് നിർണായക ഘട്ടത്തിൽ രാജസ്ഥാന് സമ്മാനിച്ചത്. തുടർച്ചയായി കഴിഞ്ഞ രണ്ട മത്സരങ്ങളിൽ റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ നേരിട്ട വിമർശനങ്ങൾക്ക് രാജസ്ഥാൻ ക്യാപ്റ്റൻ മറുപടി നൽകുകയായിരുന്നു. അതിനിടെ നിർണായക ഘട്ടത്തിൽ റയാൻ പരാഗും വിക്കറ്റ് തുലച്ചപ്പോൾ രാജസ്ഥാൻ വീണ്ടും സമ്മർദ്ദത്തിന്റെ വക്കിലെത്തി. എന്നാൽ അതിൽ തളരാതെ സഞ്ജുവും ഹെത്മയറും ചേർന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ടി20 നമ്പർ വൺ ബോളറായ റാഷിദ് ഖാനെ തുടരെ മൂന്ന് സിക്സറുകൾ പറത്തി സഞ്ജു മത്സരത്തിലെ മുഴുവൻ സമ്മർദ്ദം നിലവിലെ ചാമ്പ്യന്മാരിലേക്കെത്തിച്ചു.


60 റൺസെടുത്ത് സഞ്ജു പുറത്തായതോടെ രാജസ്ഥാൻ സ്കോർ ബോർഡിന്റെ ബാറ്റൺ ശേഷം വിൻഡീസ് താരത്തിന്റെ കരങ്ങളിലേക്കെത്തുകയായിരുന്നു. 26 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറുമായിട്ടാണ് ഇടം കൈയ്യൻ ബാറ്റർ 56 റൺസും നേടികൊണ്ട് രാജസ്ഥാനെ വിജയലക്ഷ്യത്തിലേക്കെത്തിച്ചത്. ഹെത്മയർ തന്നെയായിരുന്നു മത്സരത്തിലെ താരവും. അതിനിടെ ധ്രുവ് ജുറെലും ആർ അശ്വിനും നടത്ത കാമിയോ ഇടപെടൽ രാജസ്ഥാന്റെ ജയം കുറച്ചും കൂടി അനയാസമാക്കി.


ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെയും ബാറ്റിങ് മികവിലാണ് 178 റൺസ് വിജയലക്ഷ്യമൊരുക്കിയത്. രാജസ്ഥാൻ വേണ്ടി നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് സന്ദീപ് ശർമ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ട്രെൻഡ് ബോൾട്ടും ആഡം സാമ്പയും യുസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റുകൾ വീതം നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമായി രാജസ്ഥാനാണ് പോയിന്റ് പട്ടികയിൽ ലീഡ് ചെയ്യുന്നത്. ഗുജറാത്ത് ടൈറ്റൻസ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഇന്ന് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.