കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണില്‍ എടികെയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടനം ഗംഭീരമാക്കി. പോപ്ലാറ്റ്‌നിച്ച്, സ്റ്റൊജാനോവിച്ച് എന്നിവരുടെ സുന്ദരന്‍ ഗോളുകളില്‍ 2-0 ന് എകപക്ഷീയമായിരുന്നു മഞ്ഞപ്പടയുടെ വിജയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യമായാണ് കൊല്‍ക്കത്തയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെയെ മുട്ടുകുത്തിക്കുന്നത്. ഇതോടെ അഞ്ചാം സീസണിന്‍റെ തുടക്കം മഞ്ഞപ്പടയ്ക്ക് ത്രിസിപ്പിക്കുന്നതായി. മുന്‍ പരിശീലകന്‍ കോപ്പലാശാന്‍റെ ടീമിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെന്നത് മഞ്ഞപ്പടയ്ക്ക് ഇരട്ടിമധുരമായി.


നേരത്തെ, ആദ്യ പകുതി ഗോള്‍രഹിത സമനിലയ്ക്ക് പിരിഞ്ഞിരുന്നു. ഇരുടീമുകളും ആക്രമത്തോടെ തുടങ്ങിയപ്പോള്‍ അഞ്ചാം സീസണിലെ ആദ്യ മത്സരം ആവേശഭരിതമായി. ആദ്യ ഇലവനിലെ ഏക മലയാളി താരമായ സഹല്‍ അബ്ദുള്‍ സമദ് മികച്ച ചില ഷോട്ടുകളുതിര്‍ത്ത് ആദ്യ പകുതിയില്‍ കയ്യടിവാങ്ങി. 



മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫിനിഷിംഗില്‍ പിഴയ്ക്കുകയായിരുന്നു മഞ്ഞപ്പടയ്ക്ക്. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോള്‍രഹിത സമനില തുടരും എന്ന് തോന്നിച്ച ഘട്ടത്തില്‍ ഇരട്ട ഗോള്‍നേടി ബ്ലാസ്റ്റേഴ്‌സ് കളി എടികെയില്‍ നിന്ന് പിടിച്ചെടുത്തു. 


71 മത്തെ മിനിറ്റില്‍ പകരക്കാരനായി മലയാളി സൂപ്പര്‍ താരം സികെ വിനീത് കളത്തിലിറങ്ങി. 76 മത്തെ മിനിറ്റില്‍ സ്റ്റൊജാനോവിച്ചിന്‍റെ ഗോളെന്നുറച്ച ഷോട്ട് പ്രതിരോധത്തില്‍ തട്ടി വഴിതിരിഞ്ഞെത്തിയപ്പോള്‍ പോപ്ലാറ്റ്‌നിച്ച് തലകൊണ്ട് വലയിലിട്ടു. ഇതോടെ സീസണിലെ ആദ്യ ഗോള്‍ മഞ്ഞക്കുപ്പായത്തില്‍ എഴുതിച്ചേര്‍ത്ത് മഞ്ഞപ്പട വരവറിയിച്ചു. 



86 മത്തെ മിനിറ്റില്‍ സെര്‍ബിയന്‍ താരം സ്റ്റൊജാനോവിച്ച് ലോകോത്തര ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന്‍റെ ലീഡ് രണ്ടിലെത്തിച്ചു. എടികെ പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോള്‍ബാറിന്‍റെ വലതുമൂലയിലേക്ക് സ്റ്റൊജാനോവിച്ച് പന്ത് വളച്ചിറക്കുകയായിരുന്നു. എന്നാല്‍ നാല് മിനിറ്റ് അധികസമയം ലഭിച്ചിട്ടും ഒരു ഗോള്‍പോലും മടക്കാന്‍ എടികെയ്ക്ക് ആയില്ല.