ISL : ഐഎസ്എൽ പ്ലേ ഓഫിൽ നാടകീയത; ഗോൾ വിവാദത്തിൽ ടീമിനെ തിരിച്ചുവിളിച്ച് വുകോമാനോവിച്ച്; സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്ത്
ISL Kerala Blasters Walk off : 97-ാം മിനിറ്റിൽ സുനിൽ ഛേത്രി നേടിയ ഗോളാണ് വിവാദത്തിന് വഴി വെച്ചത്
ബെംഗളൂരു : വിവാദങ്ങൾക്ക് വഴിതെളിയിച്ചു കൊണ്ട് ഐഎസ്എൽ 2022-23 സീസണിന്റെ ആദ്യ നോക്ക്ഔട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ബെംഗളൂരു എഫ്സിയുമായിട്ടുള്ള ആദ്യ പ്ലേ ഓഫിൽ 1-0ത്തിനാണ് കൊമ്പന്മാരുടെ തോൽവി. വിവാദ ഗോളിനെ തുടർന്ന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നാടീകയ സംഭവങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. 97-ാം മിനിറ്റിൽ റഫറി വിസ്സിൽ മുഴക്കുന്നതിന് മുമ്പ് സുനിൽ ഛേത്രി ഫ്രീ കിക്കെടുത്തത് ഗോളായി മാറുകയായിരുന്നു. ഇത് പിന്നീട് കളത്തിൽ വിവാദത്തിന് വഴി തെളിയുകയും റഫറി ഗോൾ വിധിച്ചതോടെ കോച്ച് ഇവാൻ വുകോമാനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഇതോടെ ആദ്യ നോക്ക്ഔട്ടിൽ ബിഎഫ്സി 1-0ത്തിന് ജയിച്ചതായി ഇന്ത്യൻ സൂപ്പർ ലീഗ് അറിയിച്ചു.
ഇരുപകുതിയും ഗോൾ രഹിതമായി പിരിഞ്ഞതിന് ശേഷം മത്സരം അധിക സമയത്ത് 97-ാം മിനിറ്റിൽ വിവാദ സംഭവം ഉടലെടുക്കുന്നത്. ആദ്യപകുതിയിൽ ബെംഗളൂരുവിന്റെ ആധിപത്യമായിരുന്നു കാണാൻ ഇടയായത്. പ്രത്യാക്രമണത്തിലൂടെയായിരുന്നു ബിഎഫ്സിയുടെ മുന്നേറ്റം. പന്ത് അടക്കി വച്ച് കളി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കൊമ്പന്മാർക്ക് വേണ്ടത്ര ഗോൾ അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിക്കാൻ സാധിച്ചില്ല.
ALSO READ : Lionel Messi: ഫിഫയുടെ ബെസ്റ്റായി വീണ്ടും ലയണല്‍ മെസി...!! നേട്ടങ്ങളുടെ രാജാവായി ഫുട്ബാള്‍ മിശിഹാ
എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമണം കൈയ്യിൽ എടുക്കുകയായിരുന്നു. പല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും ബിഎഫ്സിയുടെ വലയിലേക്കെത്തിയില്ല. 70-ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് പകരക്കാരാനായി എത്തിയതോടെ ബ്ലാസ്റ്റേഴ്സ് നിരയിലേക്കെത്തിയതോടെ കൊമ്പന്മാരുടെ ആക്രമണത്തിൽ ഒന്നും മൂർച്ചയേറി. ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ച പല ഗോൾ അവസരങ്ങൾ സഹലിന്റെ സബ്സറ്റിറ്റ്യൂട്ടായി ഇറങ്ങിയതിന് ശേഷമായിരുന്നു. എന്നാൽ നിശ്ചത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു.
എക്സ്ട്രാ ടൈമിലാണ് മത്സരത്തിലെ വിവാദ ഗോൾ പിറക്കുന്നത്. 96-ാം മിനിറ്റിൽ ഛേത്രിയെ ഫൗൾ ചെയ്തതിന് ബിഎഫ്സിക്ക് അനുകൂലമായി ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ഫ്രീകിക്ക് ലഭിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഫ്രീ കിക്ക് പ്രതിരോധിക്കുന്നതിനായി അണിനിരക്കുന്നതിനും റഫറി വിസ്സിൽ മുഴക്കുന്നതിന് മുമ്പായിട്ട് ഛേത്രി പന്ത് കേരളത്തിന്റെ പോസ്റ്റിലേക്ക് ചിപ്പ് ചെയ്ത് വിട്ടു. എന്നാൽ ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡഗ്ഔട്ട് ഉൾപ്പെടെ പ്രതിഷേധം അറിയിച്ചെങ്കിലും റഫറി ഗോൾ വിധിക്കുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് താരങ്ങളെ കളത്തിൽ നിന്നും തിരിച്ചു വരാൻ അഹ്വാനം ചെയ്തു. കോച്ചിന്റെ നിർദേശം അനുസരിച്ച് കെബിഎഫ്സി താരങ്ങൾ കളം വിട്ടു. മത്സരം തടസ്സപ്പെടുകയും ശേഷം 1-0ത്തിന് ബിഎഫ്സി ജയിച്ചതായി ഐഎസ്എൽ വിധിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...