ISL 2023-24 : വർഷം പത്തായി, കലിപ്പ് അടക്കുമോ അതോ കപ്പ് അടിക്കുമോ? ഐഎസ്എൽ പുതിയ സീസണിന് ഇന്ന് കിക്കോഫ്
ISL 2023-24 Kerala Blasters vs Bengaluru FC : കൊച്ചിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസറ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലാണ് ഏറ്റമുട്ടുക
ഇന്ത്യൻ ഫുട്ബോളിന് ഗ്ലാമർ പരിവേഷം നൽകിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് ഇന്ന് തുടക്കം. കൊച്ചിയിൽ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടുന്നതോടെ ഐഎസ്എൽ 2023-24 സീസണിന് തുടക്കമാകും. ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്കാണ് പുതിയ സീസണിന് കിക്കോഫ്. ഇത്തവണ ഐഎസ്എല്ലിൽ മത്സരിക്കുന്നത് 12 ടീമുകൾ.
ആദ്യ കിരീടം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ മൂന്നാം തവണയും ഐഎസ്എല്ലിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലും അതിന് മുമ്പ് ഫൈനലിലും ബ്ലാസ്റ്റേഴ്സിനെ എത്തിച്ച സെർബിയൻ കോച്ച് കൊമ്പന്മാർക്ക് ഒരു ട്രോഫി നേടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്മെന്റും. സ്ക്വാഡിൽ അടിമുടി മാറ്റം വരുത്തിയാണ് വുകോമാനോവിച്ചിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് ഇറങ്ങുന്നത്. അഡ്രിയാൻ ലൂണയ്ക്കാണ് ഇത്തവണ ക്യാപ്റ്റൻ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്. ലൂണയ്ക്ക് പുറമെ ടീമിൽ മാർക്കോ ലെസ്കോവിച്ച്, ദിമിത്രിയോസ് ഡൈമന്റകോസ് എന്നിവരയും ബ്ലാസ്റ്റേഴ്സ് ഈ സീസണിലും നിലനിർത്തി. ഇവർക്ക് പുറമെ ഘാനയിൽ ക്വാമെ, ജപ്പാനിൽ നിന്ന് ഡൈസൂക്കെ സാക്കായി എന്നിവരെ വിദേശ താരങ്ങളുടെ പട്ടികയിൽ ബ്ലാസ്റ്റേഴ്സ് എത്തിച്ചു.
ALSO READ : ISL 2023-24 : ഇത്തവണ ഐഎസ്എൽ മലയാളം കാണാൻ ഏഷ്യനെറ്റ് പ്ലസിൽ നോക്കണ്ട; പകരം ഈ ചാനലിൽ കാണാം
ഇന്ത്യൻ സൂപ്പർ താരമായിരുന്ന സഹൽ അബ്ദുൽ സമദ്, ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ, ഖബ്ര ജെസ്സെൽ കാർനീറോ തുടങ്ങിയ ഒരു കൂട്ടം താരങ്ങളെ ട്രാൻസ്ഫർ വിൻഡോയിൽ വിട്ട് നൽകിയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് ഇറങ്ങുന്നത്. വിട്ട നൽകിയ താരങ്ങൾക്ക് പകരം ഇഷാൻ പണ്ഡിത, ലാറ ശർമ, പ്രീതം കോട്ടാൽ, സൌരവ് മണ്ഡൽ തുടങ്ങിയ യുവതാരങ്ങളെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പാളയത്തിലേക്കെത്തിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ്
കോച്ച്- ഇവാൻ വുകോമാനോവിച്ച്
ഗോൾ കീപ്പർ - സച്ചിൻ സുരേഷ്, കരൺജിത് സിങ്, ലാറ ശർമ, മുഹമ്മദ് അർബാസ്
പ്രതിരോധം - മാർക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിൻച്, പ്രീതം കോട്ടാൽ, റുവാ ഹോർമിപാം, ഐബാൻബാ ഡോഹ്ലിഹ്, നാച്ച് സിങ്, സന്ദീപ് സിങ്, പ്രബീർ ദാസ്
മധ്യനിര - ജീക്ക്സൺ സിങ്, വിബിൻ മോഹനൻ, ഫ്രെഡി ലല്ലവ്മാവ്മ, യോഹിൻബാ മെയ്തി, ഡാനിഷ് ഫറൂഖ്, മുഹമ്മദ് അസർ, സൌരവ് മണ്ഡൽ, മുഹമ്മദ് ഐമെൻ, ബ്രിസ് മിറണ്ട, അഡ്രിയാൻ ലൂണ,
മുന്നേറ്റ നിര - രാഹുൽ കെപി, നിഹാൽ സുധീഷ്, ബിദ്രാസാഗർ സിങ്, ഇഷാൻ പണ്ഡിത, ഡൈസൂകെ സാക്കായി, ക്വാമെ പെപ്രാഹ്, ദിമിത്രിയോസ് ഡൈമന്റക്കോസ്
മറിച്ച് ഇന്ന് നടക്കുന്ന മത്സരത്തിൽ തങ്ങളുടെ ക്യാപ്റ്റൻ സുനിൽ ഛേത്രയില്ലാതെയാണ് ബെംഗളൂരു ഇന്ന് ഇറങ്ങുക. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ഭാഗമായതോടെയാണ് ഉദ്ഘാടന മത്സരത്തിലെ ഛേത്രിയുടെ അഭാവം. ഛേത്രിയെ കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങളും ഇന്ത്യൻ ടീമിന്റെ ഭാഗമായി ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയാണ്. മുന്നേറ്റ താരങ്ങളായ രാഹുൽ കെപിയും ബ്രിസ് മിറാണ്ടയുമാണ് ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്
ഇത്തവണ ഐഎസ്എല്ലിൽ 12 ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ സീസണിൽ ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിക്കാണ് ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ ലഭിച്ചിരിക്കുന്നത്. ഐഎസ്എല്ലിൽ പ്രൊമോഷൻ ലഭിക്കുന്ന ആദ്യ ടീമാണ് പഞ്ചാബ് എഫ് സി. 2025 സീസണിൽ മുതൽ ഐഎസ്എല്ലിൽ റെലിഗേഷൻ നടപടിയും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ കൊണ്ടുവന്നേക്കും. ഇത്തവണ ഒരു ടീം ആകെ കളിക്കുക 22 മത്സരങ്ങളാണ്.
ഐഎസ്എൽ സംപ്രേഷണത്തിലും മാറ്റമുണ്ട്. ഈ സീസൺ മുതൽ റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18 ആണ് ഐഎസ്എല്ലിന്റെ സംപ്രേഷണവകാശം നേടിയിരിക്കുന്നത്. സ്പോർട് 18 ചാനലിലൂടെ ഐഎസ്എൽ മത്സരങ്ങൾ ടെലിവിഷനിൽ കാണാൻ സാധിക്കുന്നതാണ്. ജിയോ സിനിമ ആപ്പിലൂടെ ടൂർണമെന്റ് ഓൺലൈനായി കാണാനും സാധിക്കുന്നതാണ്. മലയാളം കമന്ററിയോടെ സൂര്യ മൂവീസ് ചാനലിലും മത്സരങ്ങൾ കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...