ബംഗളൂരു: ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടിയ കര്‍ണാടക സ്വദേശിയായ ശ്രീനിവാസ ഗൗഡയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് ഓടിയെത്തിയതിനേക്കാളും കുറഞ്ഞ സമയത്തില്‍ 100 മീറ്റര്‍ ഓടിയെത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.


ഉസൈന്‍ ബോള്‍ട്ടിന് 100 മീറ്റര്‍ താണ്ടാന്‍ 9.58 സമയമാണ് വേണ്ടിയിരുന്നതെങ്കില്‍ കര്‍ണാടകയിലെ കാളയോട്ട മത്സരക്കാരന് വെറും 9.55 സെക്കന്റ്‌ മാത്രം മതിയായിരുന്നു 100 മീറ്റര്‍ കടക്കാന്‍.


സംഭവം നടന്നത് ദക്ഷിണ കര്‍ണാടകയില്‍ നടന്ന കമ്പള മത്സരത്തിലാണ്. സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത മിന്നല്‍ വേഗത്തെ ചെളിക്കണ്ടത്തിലൂടെ നടത്തിയ കാളയോട്ടത്തിലൂടെ ഈ കന്നഡക്കാരന്‍ മറികടന്നത്.


കര്‍ണാടകയിലെ പരമ്പരാഗത കായിക ഇനമായ കാളപൂട്ട് മത്സരത്തിലായിരുന്നു ശ്രീനിവാസ ഗൗഡയുടെ ഈ  മിന്നും പ്രകടനം. മൊത്തം 142.5 മീറ്റര്‍ 13.62 സെക്കന്റിനുള്ളില്‍ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. ഈ ഓട്ടത്തെ നൂറുമീറ്ററാക്കി ചുരുക്കിയുള്ള സമയം കണക്കാക്കുമ്പോഴാണ് 9.55 സെക്കന്‍ഡ്‌.


12 കമ്പളകളിലായി  ശ്രീനിവാസ ഗൗഡ 29 മെഡലുകള്‍ നേടിയിട്ടുണ്ടെന്ന്‍ റഫറിയായ വിജയകുമാര്‍ കംഗിനാമനെ പറഞ്ഞു. നിര്‍മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വര്‍ഷമായി കമ്പള മത്സരത്തില്‍ സജീവമാണ്. ഒരു മത്സരത്തില്‍ വിജയിച്ചാല്‍ 1 മുതല്‍ 2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും. 


2009 ല്‍ ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ 9.58 സെക്കന്റ് കൊണ്ട് ഓടി തീര്‍ത്താണ് ബോള്‍ട്ട് റെക്കോര്‍ഡ് സ്ഥാപിച്ചത്.


ഇതിഹാസതാരത്തിന്‍റെ റെക്കോര്‍ഡ്‌ ഭേദിച്ചതല്ല ഇപ്പോഴത്തെ വിഷയം ചെളിനിറഞ്ഞ ട്രാക്കില്‍ കൂടി ഓടി സൃഷ്ടിച്ച ഈ റെക്കോര്‍ഡ് ആണ് ഇപ്പോഴത്തെ സംസാരവിഷയം.