IPL 2024: നാണംകെട്ട തോൽവി; കെ.എൽ രാഹുലിനോട് പൊട്ടിത്തെറിച്ച് ടീം ഉടമ, വീഡിയോ
LSG owner Sanjiv Goenka expresses anger at KL Rahul: 166 റൺസ് വിജയലക്ഷ്യം സൺറൈസേഴ്സ് ബാറ്റർമാർ വെറും 9.4 ഓവറുകളിൽ മറികടന്നതാണ് സഞ്ജയ് ഗോയെങ്കയെ പ്രകോപിതനാക്കിയത്.
ഹൈദരാബാദ്: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന് പിന്നാലെ ലക്‌നൗ നായകന്‍ കെ.എല്‍ രാഹുലിനോട് പൊട്ടിത്തെറിച്ച് ടീം ഉടമയായ സഞ്ജയ് ഗോയെങ്ക. സണ്‍റൈസേഴ്‌സിനോട് 10 വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു രാഹുലിനോട് സഞ്ജയ് ഗോയെങ്ക തട്ടിക്കയറിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ലക്‌നൗവിന് സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് മേല്‍ കാര്യമായ ആധിപത്യം നേടാന്‍ സാധിച്ചിരുന്നില്ല. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനേ രാഹുലിനും സംഘത്തിനും സാധിച്ചുള്ളൂ. രാഹുല്‍ ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ മെല്ലെപ്പോക്കാണ് ലക്‌നൗവിന് തിരിച്ചടിയായത്. 33 പന്തുകള്‍ നേരിട്ട രാഹുല്‍ 29 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച നിക്കോളാസ് പൂരന്റെയും (26 പന്തില്‍ 48*) ആയുഷ് ബദോനിയുടെയും (30 പന്തില്‍ 55*) പ്രകടനം മാത്രമാണ് ലക്‌നൗവിന് ആശ്വസിക്കാന്‍ വക നല്‍കിയത്.
മറുപടി ബാറ്റിംഗില്‍ പതിവു പോലെ തന്നെ സണ്‍റൈസേഴ്‌സിന്റെ പദ്ധതികള്‍ വ്യക്തമായിരുന്നു. 166 റണ്‍സ് എന്ന താരതമ്യേന ഭേദപ്പെട്ട വിജയലക്ഷ്യം മറികടക്കാന്‍ സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മ്മയ്ക്കും വെറും 9.4 ഓവറുകള്‍ മാത്രമാണ് വേണ്ടി വന്നത്. പന്തെറിഞ്ഞവരെയെല്ലാം ഇരുവരും ചേര്‍ന്ന് 'തല്ലിയോടിച്ചു'. 28 പന്തുകളില്‍ 8 ബൗണ്ടറികളും 6 സിക്‌സറുകളും സഹിതം 75 റണ്‍സുമായി അഭിഷേക് കളംനിറഞ്ഞപ്പോള്‍ ട്രാവിസ് ഹെഡായിരുന്നു കൂടുതല്‍ അപകടകാരി. 30 പന്തുകളില്‍ 8 ബൗണ്ടറികളും 8 സിക്‌സറുകളും പറത്തിയ ഹെഡ് 89 റണ്‍സുമായി പുറത്താകാതെ നിന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 150ലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.
അതേസമയം, കെ.എല്‍ രാഹുലിനോട് പബ്ലിക്കായി തട്ടിക്കയറിയ ടീം ഉടമയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ രോഷം പുകയുകയാണ്. രാഹുല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാന്‍ സഞ്ജയ് ഗോയെങ്ക തയ്യാറായിരുന്നില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. നിലവില്‍ 12 മത്സരങ്ങളില്‍ 6 വിജയവും 6 തോല്‍വിയും വഴങ്ങിയ ലക്‌നൗ പോയിന്റ് പട്ടികയില്‍ 6-ാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സിനെതിരായ കനത്ത തോല്‍വി ലക്‌നൗവിന്റെ റണ്‍റേറ്റിനെ ദോഷകരമായി ബാധിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.