Ind vs Aus 3rd ODI: മൂന്നാം ഏകദിനം നിർണായകം; കോഹ്ലിയുമായും രോഹിത്തുമായും ധോണി കൂടിക്കാഴ്ച നടത്തും
Ind vs Aus updates: ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ ചെന്നൈയിൽ നടക്കുന്ന മൂന്നാം ഏകദിനമാണ് പരമ്പര വിജയികളെ നിശ്ചയിക്കുക.
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം നാളെ (22-03-2023) നടക്കും. ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചതിനാൽ മൂന്നാം ഏകദിനമാണ് പരമ്പര വിജയികളെ നിർണയിക്കുക. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.
നിർണായക മത്സരം നേരിൽ കാണാൻ ഇന്ത്യയുടെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ചെപ്പോക്കിൽ എത്തുമെന്നതാണ് ഏറ്റവും പുതിയ വാർത്ത. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുമായും വിരാട് കോഹ്ലിയുമായും ധോണി കൂടിക്കാഴ്ച നടത്തും. നിലവിൽ ഐപിഎൽ മത്സരങ്ങൾക്കായുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതിൻ്റെ ഭാഗമായി ധോണി ചെന്നൈയിലുണ്ട്.
ALSO READ: "ഇത് അദ്ദേഹത്തിന്റെ അവസാന വർഷമാണെന്ന് ആരും പറഞ്ഞിട്ടില്ല"; ധോണിയുടെ വിരമിക്കലിനെ കുറിച്ച് ദീപക് ചഹർ
സ്വന്തം കാണികൾക്ക് മുന്നിൽ ഏറെ സമ്മർദ്ദം നിറഞ്ഞ മത്സരത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ 'കൂളായി' നേരിട്ടിട്ടുള്ള എം.എസ് ധോണിയിൽ നിന്ന് ചില തന്ത്രങ്ങൾ ടീം ഇന്ത്യയ്ക്ക് ലഭിച്ചേക്കാനാണ് സാധ്യത. ചെന്നൈയിലെ സ്റ്റേഡിയവും പിച്ചും ധോണിയ്ക്ക് മറ്റാരാക്കേളും പരിചിതമാണെന്നിരിക്കെ മുൻ ഇതിഹാസ നായകനിൽ നിന്ന് പരമാവധി കാര്യങ്ങൾ ചോദിച്ചറിയാൻ തന്നെയാകും രോഹിത്തിൻറെ ശ്രമം. അടുത്തിടെ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരിലുള്ള പവലിയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ധോണിയും ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു.
ആദ്യ മത്സരത്തിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഇന്ത്യ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ പതിൻമടങ്ങ് ശക്തിയോടെയാണ് ഓസ്ട്രേലിയ തിരിച്ചടിച്ചത്. രണ്ട് മത്സരങ്ങളിലും ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളി ഉയർത്തിയത്. ആദ്യ മത്സരത്തിൽ 3 വിക്കറ്റുകൾ നേടിയ സ്റ്റാർക്ക് രണ്ടാം മത്സരത്തിൽ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.
വേഗതയ്ക്കൊപ്പം കൃത്യമായ ലൈനും ലെംഗ്തും പന്ത് സ്വിംഗ് ചെയ്യിക്കാനുള്ള കഴിവുമാണ് ഇടംകയ്യൻ ബൌളറായ സ്റ്റാർക്കിനെ അപകടകാരിയാക്കുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ 9.5 ഓവറിൽ 49 റൺസ് വഴങ്ങി 3 വിക്കറ്റുകളും വിശാഖ പട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ 8 ഓവറിൽ 53 റൺസ് വഴങ്ങി 5 വിക്കറ്റുകളുമാണ് സ്റ്റാർക്ക് സ്വന്തമാക്കിയത്. വിരലിന് പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന സ്റ്റാർക്ക് ഇന്ത്യയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലാണ് ടീമിൽ തിരികെ എത്തിയത്. ടെസ്റ്റ് പരമ്പരയിൽ കാര്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഏകദിന പരമ്പരയിൽ ഗംഭീര ഫോമിലാണ് താരം.
ഒന്നാം ഏകദിനത്തിൽ 5 വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കെ.എൽ രാഹുലിൻ്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. എന്നാൽ, രണ്ടാം മത്സരത്തിൽ ഇന്ത്യയെ 10 വിക്കറ്റിനാണ് തകർത്താണ് ഓസീസ് മറുപടി നൽകിയത്. ഈ വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഈ പരമ്പര ഇരുടീമുകൾക്കും ഒരുപോലെ നിർണായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...