ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മേരി കോം, സോണിയ ചാഹല്‍, ലൗലിന, സിമ്രാന്‍ജിത്ത് എന്നിവര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ നാലുതാരങ്ങളും മെഡലുറപ്പിച്ചു. ഇതേസമയം മനീഷ മൗന്‍, ഭാഗ്യബതി കച്ചേരി, പിങ്കി റാണി, സീമ പുണിയ എന്നിവര്‍ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചുവട്ടം ലോകചാമ്പ്യനായ മേരി കോം 48 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ വു യുവിനെ തോല്‍പ്പിച്ചാണ് (5-0) സെമിയില്‍ കടന്നത്. ഇതോടെ മണിപ്പൂരി താരം ലോകചാമ്പ്യന്‍ഷിപ്പില്‍ ഏഴാമത്തെ മെഡല്‍ ഉറപ്പാക്കി. അഞ്ചു സ്വര്‍ണവും ഒരു വെള്ളിയുമാണ് താരത്തിന്റെ ക്രെഡിറ്റിലുള്ളത്. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമായി മേരി കോം മാറി.


ഉത്തര കൊറിയയുടെ കിം ഹയാങ്ങാണ് സെമിയില്‍ മേരികോമിന്‍റെ എതിരാളി. കൊറിയയുടെ ബാക് ചൊറോങ്ങിനെ തോല്‍പ്പിച്ചാണ് ഹയാങ് സെമിയിലെത്തിയത്. 2001-ല്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയപ്പോള്‍ മേരി കോം വെള്ളി നേടിയിരുന്നു. പിന്നീട് 2002 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ മുപ്പത്തിയഞ്ചുകാരി അഞ്ചു സ്വര്‍ണ്ണം നേടി. 


ഓസ്ട്രേലിയയുടെ കായെ സ്‌കോട്ടിനെ കീഴടക്കിയാണ് 61 കിലോഗ്രാം വിഭാഗത്തില്‍ ലൗലിന ബോര്‍ഗോഹെയ്ന്‍ അവസാന നാലില്‍ ഇടം നേടിയത്. തായ്വാന്‍റെ നീന്‍ ചിന്‍ ചെന്നാണ് അടുത്തറൗണ്ടിലെ എതിരാളി. 64 കിലോഗ്രാം വിഭാഗത്തില്‍ അയര്‍ലന്‍ഡിന്‍റെ ആമി സാറ ബ്രോഡ്ഹസ്റ്റിനെയാണ് സിമ്രാന്‍ജിത്ത് ക്വാര്‍ട്ടറില്‍ കീഴടക്കിയത് (4-1). 57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ചാഹല്‍ കൊളംബിയയുടെ യെനി കസ്റ്റെന്‍ഡയെ മറികടന്നു (4-1).