P R Sreejesh | മലയാളി താരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം
മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷ് ഉള്‍പ്പടെ 12 പേര്‍ക്ക് ഖേല്‍ രത്‌ന പുരസ്കാരം. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്.
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം (Major DhyanChand Khel Ratna) കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മലയാളി ഹോക്കി (Hockey) താരം ഒളിമ്പ്യൻ പി.ആര്‍. ശ്രീജേഷ് (P R Sreejesh) ഉള്‍പ്പടെ 12 പേര്‍ക്ക് ആണ് ഖേൽരത്ന പുരസ്കാരം. ടോക്കിയോ ഒളിംപിക്‌സില്‍ (Tokyo Olympics) ഇന്ത്യയ്ക്ക് വെങ്കലം നേടിക്കൊടുക്കാന്‍ ശ്രീജേഷ് നടത്തിയ പ്രകടനമാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌നയ്ക്ക് അര്‍ഹനാക്കിയത്.
ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിൻ ത്രോയിൽ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയ, ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്‌ലിന ബോൾഗൊഹെയിൻ, ക്രിക്കറ്റര്‍ മിതാലി രാജ്, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി തുടങ്ങിയവരെയും ഖേല്‍ രത്‌നയ്ക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് ഛേത്രി. നവംബര്‍ 13 ന് പുരസ്‌കാരം സമ്മാനിക്കും. പാരലിമ്പ്യന്‍മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരും അവാര്‍ഡ് ജേതാക്കളായി.
ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍.
നേരത്തെ രാജീവ് ഗാന്ധി (Rajiv Gandhi) ഖേല്‍രത്ന പുരസ്‌കാരമെന്നായിരുന്നു അവാര്‍ഡ് അറിയപ്പെട്ടിരുന്നത്. അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ മോദി (Narendra Modi) ഇതില്‍ മാറ്റം വരുത്തിയത്. രാജീവ് ഗാന്ധിക്ക് പകരം മുന്‍ ഹോക്കി ഇതിഹാസവും ഒളിമ്പ്യനുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ (Major Dhyanchand) പേര് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...