ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ്.ധോണിയുടെ ഫോമിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പരിശീലകന്‍ രവി ശാസ്ത്രി. ധോണിയുടെ പ്രകടനത്തെക്കുറിച്ച് ഓര്‍ത്ത് ആരും ചിന്തിക്കേണ്ട ആവശ്യം ഇല്ലെന്നും, ധോണിയെക്കാള്‍ പത്തുവയസ്സുകുറവുള്ള താരങ്ങളെക്കാള്‍ ഫിറ്റ്‌നസും വേഗതയും അദ്ദേഹത്തിനുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.


മുന്‍ താരങ്ങളുടെ വിമര്‍ശനത്തെക്കുറിച്ച് പ്രതികരിച്ച ശാസ്ത്രി ധോണിയെ വിമര്‍ശിക്കുന്ന താരങ്ങള്‍ മുപ്പത്തിയാറാമത്തെ വയസ്സില്‍ അവരുടെ ഫോം എത്രത്തോളമുണ്ടായിരുന്നെന്ന് ആദ്യം മനസിലാക്കണമെന്നും പറഞ്ഞു. പിന്നെ ആരെയാണ് ധോണിക്ക് പകരമായി ഇറക്കുകയെന്നും അദ്ദേഹം ചോദിച്ചു.  ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ധോണിയുടെ മികച്ച ഫോം അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങളെ ചെറിയ രീതിയിലെങ്കിലും കുറച്ചിട്ടുണ്ട്. ഞങ്ങള്‍ മണ്ടന്മാരല്ല. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ക്രിക്കറ്റ് കാണുന്നുണ്ട്. വിരാട് കൊഹ്‌ലി പത്തുവര്‍ഷമായി ടീമിലുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഇപ്പോഴും ധോണിക്ക് 26 വയസുള്ള താരങ്ങളെക്കാള്‍ മികച്ച പ്രകടനം നടത്താനാകുമെന്നത്. വിമര്‍ശിക്കുന്നവര്‍ അവരുടെ മുപ്പത്തിയാറാമത്തെ വയസില്‍ ധോണിയെപ്പോലെ വേഗതയില്‍ രണ്ടു റണ്‍സ് ഓടിയെടുക്കാനാകുമായിരുന്നോയെന്ന് പരിശോധിക്കണം.  രണ്ടു ലോകകപ്പുകള്‍ സ്വന്തമാക്കിയ താരമാണ് അദ്ദേഹം. പ്രകടനം മികച്ചതായതിനാല്‍ ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന് പകരക്കാരനാക്കാന്‍ പാകത്തില്‍ മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു. നേരത്തെ ധോണിയുടെ വിരമിക്കല്‍ പ്രായത്തെ കളിയാക്കി പല പ്രമുഖരും രംഗത്ത് വന്നപ്പോഴും രവി ശാസ്ത്രി ധോണിക്ക് പിന്തുണ നല്‍കിയിരുന്നു