അര്‍ജുന്‍ അര്‍ജുനാണ്, സച്ചിന്‍ അല്ല : സച്ചിന്‍ തെണ്ടുല്‍ക്കര്‍
ന്യൂഡല്‍ഹി: ഇരുപത്തിനാല് വര്‍ഷം ക്രിക്കറ്റിന്‍റെ വിസ്മയമായിരുന്ന തെണ്ടുല്‍ക്കര്‍ ഇന്നും ക്രിക്കറ്റിന്‍റെ അവിഭാജ്യ ഘടകം തന്നെയാണ്. അദ്ദേഹത്തിന്‍റെ പാത പിന്തുടര്‍ന്ന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ഇന്ന് ക്രിക്കറ്റില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനെന്നാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അറിയപ്പെടുന്നത്. ക്രിക്കറ്റില്‍ അര്‍ജുന്‍ ചെറിയ നേട്ടങ്ങളുണ്ടാക്കുമ്പോഴേക്കും ആരാധകര്‍ സച്ചിനുമായി താരതമ്യം ചെയ്യും. പേസ് ബൗളിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അര്‍ജുന്‍ ഇംഗ്ലണ്ടില്‍ നിന്ന് പരിശീലനവും നേടിയിട്ടുണ്ട്. മുംബൈ അണ്ടര്‍19 ക്രിക്കറ്റ് ടീമിലൂടെ തന്‍റെ ക്രിക്കറ്റ് കഴിവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് അര്‍ജുന്‍.
ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി-20 മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത അര്‍ജുന്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. 24 പന്തില്‍ 48 റണ്‍സടിച്ച അര്‍ജുന്‍ നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അണ്ടര്‍19 കുച്ച് ബിഹാര്‍ ട്രോഫിയില്‍ അര്‍ജുന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ ദിവസങ്ങളില്‍ ആണ് അര്‍ജുനെക്കുറിച്ച് വാര്‍ത്തകള്‍ ഉണ്ടായത്. ആ സമയം മാധ്യമങ്ങള്‍ അര്‍ജുനെ സച്ചിനുമായി താരതമ്യപ്പെടുത്തുകയായിരുന്നു.
ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് സച്ചിന്‍ പറഞ്ഞ മറുപടിയാണ് അര്‍ജുന്‍ ഒരിക്കലും അടുത്ത സച്ചിനാകില്ല. അവന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ്. അവന്‍ അങ്ങനെത്തന്നെ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല അവന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരു രക്ഷിതാവെന്ന നിലയില്‍ ഞാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല മാധ്യമങ്ങള്‍ തുടര്‍ച്ചയായി പിന്തുടരുന്നത് അര്‍ജുനില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ടെന്നും. സ്വന്തം വഴി തീരുമാനിക്കാന്‍ എന്‍റെ അച്ഛന്‍ എനിക്ക് നല്‍കിയ സ്വാതന്ത്ര്യം ഞാന്‍ അര്‍ജുനും നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട്തന്നെ ഞാനുമായി അര്‍ജ്ജുനെ താരതമ്യപ്പെടുത്തുന്നത് അനുചിതമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ സച്ചിന്‍ പറഞ്ഞു. അവന്‍റെ വഴി അവന്‍ കണ്ടെത്തുന്നത്തിലാണ് എനിക്ക് സന്തോഷം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.