അന്ന് അവസരം ലഭിക്കാത്തപ്പോൾ വിഷമം സഹിക്കാനാവതെ ബീച്ചിൽ ഒറ്റയ്ക്കിരുന്നു; ഇന്ന് ഓസ്ട്രേലിയയിൽ ആറാടുകയാണ് ഇന്ത്യയുടെ `SKY`
Suryakumar Yadav ഇന്ത്യയുടെ സ്കോർ ബോർഡ് 150-160തിലേക്ക് ഒതുങ്ങേണ്ട സാഹചര്യത്തിൽ 180തിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കും സൂര്യകുമാറിന്റേതാണ്
ഏഷ്യ കപ്പ് മുതൽ ഇങ്ങോട്ടുള്ള ഇന്ത്യൻ ടീമിന്റെ പ്രകടനം എടുത്ത് നോക്കുമ്പോൾ ബാറ്റിങ് ലൈനപ്പിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന രണ്ട് താരങ്ങളെ ഉള്ളൂയെന്ന് പറയാം. വിരാട് കോലിയും പിന്നീട് സൂര്യകുമാർ യാദവും. ലോകകപ്പിലെ സ്ഥിരതയാർന്ന പ്രകടനവും ബാറ്റിങ് മികവും കൂടിയായപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ അയാൾക്കൊരു പേരും നൽകി, ഇന്ത്യയുടെ മിസ്റ്റർ 360 ഡിഗ്രി. സാധാരണയായി പവർ പ്ലെ കഴിഞ്ഞ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് സൂര്യകുമാർ യാദവ് ബാറ്റുമേന്തി വരുന്നത്. ഒരു ഘട്ടത്തിൽ 150-160ത് വരെ ഒതുങ്ങേണ്ട ഇന്ത്യയുടെ സ്കോർ ബോർഡ് 180തിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കും സൂര്യകുമാറിന്റേതാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല.
ഇന്ത്യയുടെ ട്വന്റി20 ബാറ്റിങ് ലൈനപ്പിൽ ടി20 ശൈലിയിൽ ബാറ്റ് വീശുന്ന താരം നിലവിൽ സൂര്യകുമാർ മാത്രമാണെന്ന് പറയേണ്ടി വരും. എന്നാൽ ഏകദേശം 30 വയസ് വേണ്ടി വന്നിരുന്നു സൂര്യകൂമാർ എന്ന് അതുല്യ പ്രതിഭയ്ക്ക് ഇന്ത്യൻ ടീമിന്റെ അഭിവാജ്യഘടകമാകുന്നതിന് വേണ്ടി. 2010 മുതൽ ആഭ്യന്തര ക്രിക്കറ്റിൽ പല ഘട്ടങ്ങളിലായി തിളങ്ങിയെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഒരു വിളി വരാൻ മുംബൈ ഇന്ത്യൻസ് താരത്തിന് 2021 വരെ കാത്തിരിക്കേണ്ടി വന്നു.
ALSO READ : T20 World Cup: സിംംബാബ്‌വെക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; സെമിയിൽ എതിരാളികൾ ഇംഗ്ലണ്ട്
2020 ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ ടീം സെലക്ടർമാർ സൂര്യകുമാറിനെ സ്ക്വാഡിലേക്ക് പരിഗണിക്കാൻ തയ്യാറായിരുന്നില്ല. 2020 ഐപിഎൽ സീസൺ തുടരവെയാണ് അന്ന് ഓസ്ട്രേലിയയിൻ പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നത്. ആ സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തിരുന്ന താരങ്ങളിൽ ഒരാളായിരുന്നു എസ്കെവൈ. അന്ന് ടീമിൽ അവസരം ലഭിക്കാതെ വന്നപ്പോൾ തനിക്ക് നിരാശ തോന്നിയെന്നും തുടർന്ന് ബീച്ചിൽ പോയി ഒറ്റയ്ക്കിരുന്നുയെന്നു സൂര്യകുമാർ യാദവ് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ ബോറിയ മജുംധാറിന്റെ സ്പോർട്സ് ടുഡേ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സൂര്യകുമാറിനെതിരെ എവിടെ പന്തെറിയണമെന്ന് ആശങ്കയാണ് എതിർ ടീം ബോളർമാർക്ക്. അതിന് ഉദ്ദാഹരണമാണ് കഴിഞ്ഞ ദിവസം സിംബാബ്വെയ്ക്കെതിരെയുള്ള മത്സരത്തിൽ അവസാന ഓവറിൽ റിച്ചാർഡ് എൻഗരാവെയുടെ പതർച്ച. ഓഫ് സൈഡിൽ വൈഡ് ലെങ്തിൽ പന്തെറിഞ്ഞ സിബാബ്വെ താരം കണ്ടത് തന്റെ പന്ത് ഓൺസൈഡിൽ സിക്സറായി പറക്കുന്നതാണ്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ മാത്രമാണ് സ്കൈയ്ക്ക് ഒന്ന് പിഴച്ചതെന്ന് പറയാം. ചെറിയ ഒരു പിഴവ് മാത്രമാണ് സൂര്യകുമാറിന് സംഭവിച്ചത്. പാക് പേസർ ഹാരിസ് റൗഫിന്റെ ബൗൺസ് ജഡ്ജ് ചെയ്യുന്നതിൽ പഴിച്ചതാണ് സൂര്യയ്ക്ക് ക്യാച്ച് ഔട്ടിലൂടെ ഇന്ത്യൻ ഡ്രസ്സിങ് റൂമിലേക്ക് പോകേണ്ടി വന്നത്.
എന്നാൽ പിന്നീട് അങ്ങോട്ടോ സൂര്യയുടെ പ്രകടനമായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ നിന്നും കാണാനിടയായത്. ഇന്ത്യൻ ബാറ്റർമാർ ട്വന്റി20യിൽ ഏകദിന ശൈലി തുടരുമ്പോൾ ടി20യ്ക്കൊത്തവണം ബാറ്റ് വീശുന്നത് സ്കൈ മാത്രമാണ്. പെർത്തിൽ ദക്ഷിണാഫ്രിക്കൻ പേസ് നിരയോട് ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ പിടിച്ച് നിന്നത് സൂര്യകുമാർ മാത്രമായിരുന്നു. അതും ഒരു ടി20 ശൈലിയിൽ തന്നെയായിരുന്നു മുംബൈ ഇന്ത്യൻസ് താരത്തിന്റെ ചെറുത്ത് നിൽപ്പ്. ബംഗ്ലാദേശിനെതിരെയും മറിച്ചല്ലായിരുന്നു സൂര്യകുമാറിന്റെ പ്രകടനം. 16 പന്തിൽ 30 റൺസെടുത്ത് ഏകദേശം 200 റൺസ് സ്ട്രൈക് റേറ്റിലാണ് സൂര്യകുമാർ ഇന്ത്യൻ ഡ്രസ്സിങ് റൂമിലേക്ക് പോയത്. അഥവാ സൂര്യ ക്രീസിൽ തന്നെയുണ്ടായിരുന്നെങ്കിൽ ലിട്ടൺ ദാസ് റൺഔട്ടാകുന്നത് വരെയുള്ള സമ്മർദം ചിലപ്പോൾ ഇന്ത്യക്കുണ്ടാകേണ്ടി വരില്ലായിരുന്നു.
ഇനി സെമി പോരാട്ടത്തിന് ഇറങ്ങുമ്പോഴും മുഖത്ത് ലാഘവമുണ്ടെങ്കിലും സൂര്യകുമാറിന്റെ ഉള്ളിൽ സമ്മർദം ഇല്ലെന്ന് പറയാതെ ഇരിക്കാൻ സാധിക്കില്ല. കാരണം ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് സൂര്യയുടെ പ്രകടനത്തെ ആശ്രയിച്ചാണ് നിൽക്കുന്നതെന്ന് തോന്നിപ്പോകും. അവിടെ സൂര്യയ്ക്ക് ഏതെങ്കിലും തരത്തിൽ പിഴച്ചാൽ രോഹിത്തിനും സംഘത്തിനും ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഉറപ്പണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...