മെൽബൺ: ട്വന്റി20 ലോകകപ്പിൽ സെമിഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന അവസാന ഗ്രൂപ്പുമത്സരത്തിൽ 71 റൺസിന് സിംബാബ്വയെ തകർത്താണ് ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായി സെമിഫൈനലിൽ എത്തിയത്. 187 റൺസ് ആയിരുന്നു സിംബാബ്വെയ്ക്ക് മുൻപിൽ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം. ഇത് പിന്തുടർന്ന സിംബാബ്‍വെ 17.2 ഓവറിൽ 115 റൺസിന് എല്ലാവരും പുറത്തായി. സെമിഫൈനലിൽ ഒന്നാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. അഡ്‌ലെയ്ഡിൽ പത്തിനാണ് മത്സരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ തുടക്കത്തിൽ തന്നെ അടിപതറി. ആദ്യ പന്തിൽ തന്നെ ഓപ്പണർ വെസ്‌ലി മധേവേരെയെ (പൂജ്യം) സിംബാബ്‍വെയ്ക്ക് നഷ്ടമായി. ഭുവനേശ്വർ കുമാറിന്റെ പന്ത് വീശയടിക്കാൻ ശ്രമിച്ച മധേവേരെയെ, കോലി കൈകളിൽ ഒതുക്കുകയായിരുന്നു. പിന്നീട് വിക്കറ്റുകൾ വീണ് കൊണ്ടിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലായിരുന്നു സിംബാബ്‍വെ. ആറാം വിക്കറ്റിൽ സിക്കന്ദർ റാസയും (24 പന്തിൽ 34) റയാൻ ബേളും (22 പന്തിൽ 35) ചേർന്നു നേടിയ 60 റൺസാണ് സിംബാബ്‍വെയെ 100ന് മുകളിലേക്ക് എത്തിച്ചത്.
Also Read: ISL : കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിൽ തിരിച്ചെത്തി; പകരക്കാരനായിയെത്തിയ സഹലിന് ഇരട്ട ഗോൾ
തുടർന്ന് അശ്വിനാണ് 14–ാം ഓവറിൽ ബേളിലെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഭുവനേശ്വർ കുമാർ, അർഷ്‌ദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നവംബർ ഒമ്പതിന് നടക്കുന്ന ആദ്യ സെമിഫൈനലിൽ ന്യൂസിലൻഡും പാക്കിസ്ഥാനും ഏറ്റുമുട്ടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...