പണം പിൻവലിക്കാൻ ഇനി എ.ടി.എം കാർഡ് വേണ്ട; എളുപ്പത്തിൽ പണം പിൻവലിക്കാൻ ഈ 4 കാര്യങ്ങൾ കൂടി
യുപിഐ ഉപയോഗിച്ചുള്ള കാർഡ് രഹിത പണം പിൻവലിക്കൽ എല്ലാ ബാങ്കുകളിലും ലഭ്യമാക്കും
എടിഎം കാർഡുകൾ ഉപയോഗിച്ചുള്ള പണമിടപാട് രീതികൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ ബാങ്കിങ് മേഖലയിൽ മറ്റൊരു ചുവടു വയ്പ്പിന് കൂടി കളമൊരുങ്ങുകയാണ് ഇപ്പോൾ. ഇനി പണം പിൻവലിക്കാൻ എടിഎം കാർഡുകളും ആവശ്യമില്ല. യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎം നെറ്റ്‌വർക്കുകളിൽ നിന്നും കാർഡ് രഹിത രീതിയിൽ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത ബാങ്കുകളിൽ നിന്ന് മാത്രമാണ് കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളത്.
എന്നാൽ പുതിയ സാമ്പത്തിക വർഷത്തെ ആദ്യത്തെ വായ്പാനയം അവതരിപ്പിക്കവേ ആർബിഐ ഗവർണർ കാർഡ്‌ലെസ്സ് പേയ്‌മെന്റുകൾ ഉയർത്താൻ നിർദേശിക്കുകയായിരുന്നു. യുപിഐ ഉപയോഗിച്ചുള്ള കാർഡ് രഹിത പണം പിൻവലിക്കൽ എല്ലാ ബാങ്കുകളിലും ലഭ്യമാക്കുമെന്ന് ആർബിഐ ഗവർണർ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.
1.എന്താണ് കാർഡ് രഹിത പണം പിൻവലിക്കൽ രീതി
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെ ഉപഭോക്താവിന് എ ടി എമുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ് കാർഡ് രഹിത പണം പിൻവലിക്കൽ രീതി. കോവിഡ് കാലഘട്ടത്തിൽ ആളുകള്‍ എ ടി എമുകളില്‍ പോകാന്‍ വിമുഖത കാണിച്ചപ്പോഴാണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ അവതരിപ്പിക്കുന്നത് . എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വിവിധ ബാങ്കുകളുടെ കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍, ഡെബിറ്റ് കാര്‍ഡില്ലാതെയും പണം പിന്‍വലിക്കാൻ സാധിക്കുന്നതാണ്.
2.പുതിയ രീതി എന്തിന്
യുപിഐ വഴിയും എടിഎമ്മുകൾ വഴിയും നടക്കുന്ന വഞ്ചനാപരമായ ഇടപാടുകൾ തടയുന്നതിന് വേണ്ടിയാണ് പുതിയ നിർദേശം. യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎം നെറ്റ്‌വർക്കുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യം ഇനി മുതൽ ലഭിക്കും. ഇടപാടുകൾ എളുപ്പമാക്കുന്നതിന് പുറമേ കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് മുതലായ തട്ടിപ്പുകൾ തടയാനും ഇത്തരം കാർഡ് രഹിത ഇടപാടുകൾ സഹായിക്കും.
3.പണം പിൻവലിക്കൽ എങ്ങനെ
ഇതിനായി ഉപഭോക്താവിന്റെ കൈവശം ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉള്ള മൈബൈല്‍ ഫോണ്‍ ഉണ്ടായിരിക്കണം.കാര്‍ഡുകള്‍ കൈവശം ഇല്ലാത്ത സാഹചര്യത്തിൽ എ ടി എമുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള അഭ്യര്‍ഥന നിങ്ങളുടെ മൊബൈല്‍ ഫോണിൽ ലഭ്യമാകും. മൊബൈല്‍ ബാങ്കിംഗ് ആപ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാവുന്നതാണ്. അതിന് ഉപയോക്താക്കൾ അക്കൗണ്ട് ഉള്ള ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം.
ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കുന്നതിനായി ബന്ധപ്പെട്ട ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം, നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക ബാങ്കിന്റെ പിൻവലിക്കൽ പരിധിക്കുള്ളിൽ നൽണം. തുടർന്ന് ഇടപാട് പ്രക്രിയ ആരംഭിക്കുന്നതിനും ഇടപാട് സ്ഥിരീകരിക്കുന്നതിനുമായി നിങ്ങൾ ബാങ്കിംഗ് ആപ്ലിക്കേഷന്റെ പാസ്‌വേഡ് നൽകേണ്ടതുണ്ട്. ഇടപാടിനായി ബാങ്ക് ഒരു ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) സൃഷ്ടിക്കും. ഈ ഒടിപി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സന്ദേശമായി അയയ്ക്കും. ഈ നമ്പര്‍ ഉപയോഗിച്ച് എ ടി എമില്‍ കാണിക്കുന്ന ബാര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പണം ലഭ്യമാകുന്നതാണ്.
4. എത്ര രൂപ വരെ പിൻവലിക്കാം
5,000 മുതൽ 20,000 രൂപ വരെയാണ് ഇങ്ങനെ കാർഡില്ലാതെ പിൻവലിക്കാൻ സാധിക്കുന്നത്. ബാങ്കുകൾക്ക് അനുസരിച്ച് ഈ പരിധി വ്യത്യാസപ്പെടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA