പ്രശസ്ത ഹിന്ദി കവയിത്രിയും സ്വാതന്ത്ര സമരനേതാവുമായി മഹാദേവി വര്‍മ്മയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍. ആധുനിക കാലത്തെ മീര എന്നാണ് മഹാദേവി വര്‍മ്മ അറിയപ്പെട്ടിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ സാഹിത്യത്തിന് നല്‍കിയ സംഭവനകള്‍ക്ക് 1982 ഏപ്രില്‍ 27 ന് മഹാദേവിക്ക് ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ചു. 26 മാര്‍ച്ച്‌ 1907-ല്‍ ഉത്തര്‍ പ്രദേശിലായിരുന്നു മഹാദേവി ജനിച്ചത്. അവര്‍ക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ 1916 ല്‍ ആയിരുന്നു വിവാഹം.  വിവാഹത്തിന് ശേഷം പഠിത്തം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി അവര്‍ അവരുടെ വീട്ടില്‍ത്തന്നെ താമസിച്ചു.  ഒരു കവയിത്രി ആകുന്നതില്‍ അവര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയത് അവരുടെ അമ്മയായിരുന്നു.  സംസ്കൃതത്തിലും, ഹിന്ദിയിലും എഴുതാന്‍ അവരുടെ അമ്മ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.    


ആധുനിക ഹിന്ദി സാഹിത്യത്തിലെ കാല്പനികതയുടെ കാലമായ ഛായവേദി ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവയിത്രികളില്‍ ഒരാളായിരുന്നു മഹാദേവി വര്‍മ്മ‍.


ഭഗല്‍പ്പൂരില്‍ കോളേജ് അധ്യാപകനായിരുന്ന ഗോവിന്ദപ്രസാദ് വര്‍മ്മയുടേയും ഹേംറാണി ദേവിയുടെയും മകളായിരുന്നു മഹാദേവി വര്‍മ്മ. ഏഴു തലമുറകള്‍(ഏകദേശം 200 വര്‍ഷങ്ങള്‍)ക്ക് ശേഷമായിരുന്നു, ആ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞു ജനിക്കുന്നത്. അത് ദേവിയുടെ അനുഗ്രഹമായി കരുതിയ ഗോവിന്ദ പ്രസാദിന്‍റെ അച്ഛനാണ് കുഞ്ഞിനു മഹാദേവി എന്നു പേര് നല്‍കിയത്.


1956-ല്‍ ഭാരത സര്‍ക്കാര്‍ പദ്മഭൂഷണ്‍ നല്‍കി ഇവരെ ആദരിച്ചു. 1979-ല്‍ ഭാരത സര്‍ക്കാരിന്‍റെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണിവര്‍. 1982-ല്‍ ജ്ഞാനപീഠവും ലഭിച്ചു. മരണാനന്തരം, 1988-ല്‍ പത്മവിഭൂഷണ്‍ നല്‍കി മഹാദേവി വര്‍മ്മയെ രാഷ്ട്രം ആദരിച്ചു. 11 സെപ്റ്റംബര്‍ 1987 ല്‍ അവര്‍ ലോകത്തോട്‌ വിടപറഞ്ഞു.