കുതിച്ചുകയറുന്ന ഇന്ധനവില താങ്ങാനാവാതെ ജനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്ന കാലമാണിത്. ഒരു വലിയ വിഭാഗം ജനതയുടെ ആശ്രയമായ സ്‌കൂട്ടറുകൾ തന്നെയാണ് ഇലക്ട്രിക് വിപണിയിലേക്കും ആദ്യം ഓടിക്കയറിയത്. എന്നാൽ രാജ്യത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഇലക്ട്രിക് സ്‌കൂട്ടറുകൾ തീപിടിക്കുന്ന നിരവധി സംഭവങ്ങൾ ഇത്തരത്തിലുള്ള ഇരുചക്രവാഹനങ്ങളുടെ ജനപ്രീതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ മാത്രം നാല് സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വളരെയധികം സവിശേഷതകളോടെ വിപണിയിലെത്തിയ ഒല സ്‌കൂട്ടർ കത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒലയുടെ മാത്രമല്ല മറ്റ് ഇ-സ്കൂട്ടർ നിർമാതാക്കളായ ഒകിനാവയുടെയും പ്യുവറിന്റെയും സ്‌കൂട്ടറുകളും സമാനമായ രീതിയിൽ കത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 


ALSO READ : E - Scooters : ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുന്നത് സുരക്ഷിതമാണോ?


മാർച്ച് 27നാണ് ഒലയുടെ സ്‌കൂട്ടറിന് തീപിടിച്ച സംഭവം റിപ്പോർട്ട് ചെയ്തത്. പൂനെയിലെ പോർവാളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒല എസ് 1 പ്രോ മോഡൽ കത്തിയത്. സംഭവം അന്വേഷിക്കുകയാണെന്നാണ് കമ്പനി നൽകിയ
വിശദീകരണം. 


തൊട്ടുപിന്നാലെ മാർച്ച് 29 ന് പ്യുവർ ഇവിയുടെ സ്‌കൂട്ടറിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു. ഇടി ഓട്ടോ (ET Auto) ജേണലിസ്റ്റ് സുമന്ത് ബാനർജി ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ ചുവന്ന നിറത്തിലുള്ള സ്‌കൂട്ടറിൽ നിന്ന് കനത്ത പുകയും തീയും ഉയരുന്നത് ദൃശ്യമാണ്. 


ALSO READ : Audi A6 Avant e-tron : പത്ത് മിനിറ്റ് ചാർജിൽ 300 കിലോമീറ്റർ യാത്ര ചെയ്യാം ; ഔഡി എ6 അവന്റ് ഇ-ട്രോൺ ഇലക്ട്രിക് കാർ


മാർച്ച് 25നും 28 നും ഒകിനാവ കമ്പനിയുടെ സ്‌കൂട്ടറുകളുടെ ഊഴമായിരുന്നു. ഏറ്റവും ദാരുണമായ സംഭവമുണ്ടായത് മാർച്ച് 25 ന് തമിഴ്‌നാട്ടിലാണ്. പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ ബാറ്ററിയിൽ നിന്ന് പടർന്ന തീ 45 കാരനായ പിതാവിന്റെയും മകളുടെയും ജീവനെടുത്തു. രാത്രി ചാർജ് ചെയ്യാനിട്ടിരുന്ന വാഹനത്തിൽ നിന്ന് തീ പടരുകയായിരുന്നു. അലക്ഷ്യമായ ചാർജിംഗ് കാരണമുണ്ടായ ഷോർട്ട് സർക്യൂട്ടെന്നായിരുന്നു കമ്പനിയുടെ ആദ്യപ്രതികരണം. വിശദമായ അന്വേഷണ റിപ്പോർട്ട് വരേണ്ടതുണ്ടെന്നും ഒകിനാവ അറിയിച്ചു. 


മാർച്ച് 28ന് മറ്റൊരു ഒകിനാവ സ്‌കൂട്ടർ കൂടി കത്തിയതായി തമിഴ്‌നാട്ടിലെ മോട്ടോവാഗൺ മീഡിയ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറ എന്ന സ്ഥലത്താണ് സംഭവമെന്നും മോട്ടോവാഗൺ റിപ്പോർട്ട് ചെയ്തു. 


ALSO READ : ന്യൂ ജെൻ ബ്രെസ്സ മുതൽ 5 ഡോർ ജിംനി വരെ ; മാരുതി കാത്ത് വെച്ചിരിക്കുന്ന ഗംഭീര സർപ്രൈസുകൾ


കേന്ദ്രത്തിന്റെ ഇടപെടൽ:


ആശങ്കാജനകമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കേന്ദ്രം വിഷയത്തിൽ ഇടപെട്ടു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് രൂപകൽപനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പിഴവുകളുണ്ടോ എന്നതടക്കം പരിശോധിക്കാനാണ് നീക്കം. അതേസമയം ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഉപയോഗിക്കുന്ന ബാറ്ററി തന്നെയാണ് വില്ലനെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്തായാലും വിശദമായ അന്വേഷണത്തിലൂടെ തീപിടിത്തത്തിന്‍റെ യഥാർത്ഥ കാരണം  ഉടൻതന്നെ വ്യക്തമായേക്കും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.