ഇന്ത്യയിൽ ഇപ്പോൾ അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന വ്യാവസായിക മേഖലയാണ് ഇലക്ട്രിക്ക് വാഹനങ്ങളുടെത്. വില കുറവും, ദിനം പ്രതി വർധിച്ച് വരുന്ന ഇന്ധന വിലയുമൊക്കെ ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വർധിക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇതിനോടൊപ്പം തന്നെ ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും ഉയർന്ന് വരുന്നുണ്ട്. ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് തീ പിടിച്ച രണ്ട് സംഭവങ്ങൾ ഉണ്ടായിരുന്നു. ഇത് ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ജനപ്രീതിക്ക് കാര്യമായ മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്.
വഴിയിൽ നിർത്തിയിട്ടിരുന്ന ഒലയുടെ ഒല എസ്1 സ്കൂട്ടറിന് തീ പിടിച്ചതോടെയാണ്, ആളുകൾ ഇലക്ട്രിക് സ്കൂട്ടറുകളെ ഭയന്ന് തുടങ്ങിയത്. ഇത് കമ്പനിക്ക് ധാരാളം നഷ്ടവും ഉണ്ടാക്കിയിരിക്കുന്നു. ഇതിന് ശേഷം സഞ്ചരിച്ച് കൊണ്ടിരുന്ന ഒരു ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ച് ഒരു അച്ഛനും മകളും മരണപ്പെട്ടിരുന്നു. സ്കൂട്ടറിന് തീ പിടിക്കാനുള്ള കാരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. ചാർജിങ് പോർട്ടിൽ ഉണ്ടായത് പ്രശ്നങ്ങളാണ് തീ പിടിത്തത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്ധന വില വർധനവിന്റെ സാഹചര്യത്തിൽ ഇ സ്കൂട്ടറുകളിലേക്ക് മാറുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതേസമയം മാർക്കറ്റിൽ സ്ഥാനം പിടിക്കാനുള്ള കമ്പനികളുടെ മത്സരവും വർധിച്ച് വരികെയാണ്. പെട്ടെന്ന് ഡെലിവറി നടത്താനും, പുതിയ ഫീച്ചറുകൾ കൊണ്ട് വരാനും കമ്പനികൾ കാണിക്കുന്ന തിടുക്കം പലപ്പോഴും സുരക്ഷിതത്വത്തിൽ വീഴ്ച വരുത്താൻ കാരണമായിട്ടുണ്ടോയെന്നും സംശയമുണ്ട്. അത്പോലെ തന്നെ വർധിച്ച് വരുന്ന അന്തരീക്ഷ താപനിലയിൽ ഇ-വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും ചർച്ചയാകുന്നുണ്ട്. ഈ വേനൽക്കാലത്തിന് ശേഷം മാത്രമേ ഇ- വാഹനങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ കഴിയൂവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
മജന്തയുടെ എംഡിയും സിഇഒയുമായ മാക്സൺ ലൂയിസിന്റെ അഭിപ്രായം അനുസരിച്ച് ഇ വാഹനങ്ങൾ വളരെ സുരക്ഷിതമാണ്. ഫോണും, ലാപ്പ്ടോപ്പും ഒക്കെ പോലെ ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഇ വാഹനങ്ങളും. ഇപ്പോൾ ഉണ്ടായിരിക്കുന്ന അപകടങ്ങളുടെ കാരണം ഒന്നുകിൽ ടെക്നിക്കൽ പ്രശ്നങ്ങളോ, അല്ലെങ്കിൽ സോഷ്യോ - എക്കണോമിക് കാരണങ്ങളോ ആകാം. എത്രയും പെട്ടെന്ന്, ഏറ്റവും വില കുറവിൽ എത്തിക്കണമെന്ന കമ്പനികളുടെ വാശിയാണ് ടെക്നിക്കൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഇ - സ്കൂട്ടറുകളുടെ സുരക്ഷിത ഉറപ്പാക്കുന്നതിനാണ് ഏറ്റവും മുൻഗണന നൽകുന്നതെന്ന് കമ്പനികൾ പറയുന്നു. ഇതിനായി എച്ച്പിസിഎലുമായി ചേർന്ന് നടപടികൾ മുമ്പ് തന്നെ സ്വീകരിച്ച് കഴിഞ്ഞുവെന്ന് മജന്ത അറിയിച്ചു. അതേസമയം പ്രശ്നം പരിഹരിക്കാൻ ചില ഇന്ത്യൻ ബാറ്ററി നിർമ്മാതാക്കളുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ക്രയോൺ മോട്ടോഴ്സും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.