Happy New Year 2023 : 2022 ൽ വാഹനലോകത്ത് നിന്ന് പിൻവാങ്ങിയ താരങ്ങൾ ആരൊക്കെ?
Yearender 2022 : ഡാറ്റ്സൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മാതൃ കമ്പനിയായ നിസാൻ പ്രഖ്യാപിച്ചത് ഈ വർഷം ഏപ്രിലിലാണ്. ഇന്ത്യയിൽ 12 വര്‍ഷത്തെ വിൽപന ചരിത്രം അവസാനിപ്പിച്ചാണ് പോളോ പിൻവാങ്ങിയത്.
കോവിഡ് തീർത്ത പ്രതിസന്ധികൾക്ക് ശേഷം വാഹന വിപണിക്ക് നേട്ടങ്ങൾ ഏറെ ഉണ്ടായ വർഷമായിരുന്നു 2022. കോവിഡിന് പുറമേ ചിപ്പ്ക്ഷാമത്തിനും ശേഷം വാഹന വിപണി ഈ വർഷം ടോപ് ഗിയറിലെത്തി. മിക്ക വാഹനങ്ങൾക്കും ഈ വർഷം നേട്ടങ്ങളുടേതായിരുന്നെങ്കിൽ വിപണിയിൽ നിന്ന് പിൻവാങ്ങിയ പ്രമുഖ വാഹനങ്ങളുമുണ്ട്. ചിലത് പുതിയ മോഡലുകളുടെ പുറത്തിറങ്ങൽ കൊണ്ടാണെങ്കിൽ മറ്റു ചിലത് ബദൽ മോഡലുകളുടെ വരവാണ്. 2022 ൽ വിട പറഞ്ഞ വാഹനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
ഡാറ്റ്സൺ ഗോ, ഗോ പ്ലസ്, റെഡിഗോ
ഡാറ്റ്സൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മാതൃ കമ്പനിയായ നിസാൻ പ്രഖ്യാപിച്ചത് ഈ വർഷം ഏപ്രിലിലാണ്. രാജ്യാന്തര വിപണിയിൽ നിന്ന് ഡാറ്റ്സണ് മോഡലുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേയും നീക്കം. ഡാറ്റ്സൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ചെറു വാഹനങ്ങളായ ഗോ, ഗോ പ്ലസ്, റെഡിഗോ തുടങ്ങിയ വാഹനങ്ങളും വിപണിയിൽ നിന്ന് പിൻവാങ്ങും.
ALSO READ: Toyota Innova Hycross: ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു
മഹീന്ദ്ര ആൾട്ടൂറാസ് ജി4
ഇന്ത്യൻ വാഹന ഭീമന്മാരായ മഹീന്ദ്രയുടെ ഫുൾസ് സൈസ് എസ്‍യുവി ആൾട്ടൂറാസിനെ മഹീന്ദ്ര അനൗദ്യോഗികമായി വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. മഹീന്ദ്രയുടെ വെബ് സൈറ്റിൽ നിന്ന് അടക്കം ആൾട്ടൂറാസ് ജി 4 നീക്കം ചെയ്തിരുന്നു.മഹീന്ദ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊറിയൻ വാഹന നിർമാതാക്കളായ സാങ്‌യോങ്ങിന്റെ എസ്‍യുവിയായിരുന്നു ആൾട്ടൂറാസ്. സാങ്‌യോങ്ങിനെ മഹീന്ദ്ര വിറ്റതോടെ സികെഡി യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ആൾട്ടൂറാസ് ജി 4 ലഭിക്കാതെ വരും അതും വിപണിയിൽ നിന്ന് പിൻവാങ്ങുന്നതിന്റെ കാരണം ആയി. കൂടാതെ വിൽപ്പനയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനും വാഹനത്തിന് കഴിഞ്ഞില്ല.
മാരുതി സുസുക്കി എസ് ക്രോസ്
പ്രീമിയം ഡീൽർഷിപ്പായ നെക്സ വഴി മാരുതി സുസുക്കി വിൽപനയ്ക്ക് എത്തിച്ച ക്രൊസോവറാണ് എസ് ക്രോസ്. 2015 ൽ വിപണിയിലെത്തിയ വാഹനത്തിന്റെ 1.6 ലക്ഷം യൂണിറ്റുകൾ നിരത്തിലുണ്ട്. തുടക്കത്തിൽ 1.6 ലീറ്റർ ഡീസൽ, 1.3 ലീറ്റർ ഡീസൽ, 1.5 ലീറ്റർ പെട്രോൾ എൻജിനുകളോടെയാണ് വാഹനം വിപണിയിലെത്തിയത്. പിന്നീൽ 1.3 ലീറ്റർ ഡീസൽ, 1.5 ലീറ്റർ പെട്രോൾ എൻജിൻ എന്നിവയായി ചുരുക്കി. ബിഎസ് 6ന് ശേഷം 1.5 പെട്രോൾ എൻജിൻ മാത്രമായി എത്തിയ വാഹനത്തിനെ ഗ്രാൻഡ് വിറ്റാരയുടെ പിറവിയോടെ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 ഡീസൽ, ഓറ ഡീസൽ
മറ്റു വാഹന നിർമാതാക്കൾ ചെറു ഡീസൽ എൻജിനുകൾ പിൻവലിച്ചപ്പോഴും ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10, ഓറയും ഡീസൽ എൻജിനുമായി തുടർന്നു. സെഗ്മെറിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ചെറു ഡീസൽ കാറുകളായിരുന്നു ഇവരുവും. ബിഎസ് 6 ഫെയ്സ് 2 ന്റെ ഭാഗമായി വരുന്ന മലിനീകരണ നിഷ്കർഷതയാണ് ഇരുവാഹനങ്ങളുടേയും പിൻമാറ്റത്തിന് കാരണം.
ഹ്യുണ്ടേയ് എലൻട്ര
ഹ്യുണ്ടേയ്‌യുടെ ഏറ്റവും വലിയ സെഡാൻ മോഡലായ എലൻട്രയെ ഹ്യുണ്ടേയ് ആരുമറിയാതെ ഈ വർഷം പിൻവലിച്ചു. വെബ്സൈറ്റിൽ നിന്ന് അടക്കം നീക്കം ചെയ്ത കാറിന്റെ പുതിയ മോഡലിനെ പുറത്തിറക്കുന്നതിനെപ്പറ്റി ഹ്യുണ്ടേയ് ഒരു വാർത്തയും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഹ്യുണ്ടേയ് സാൻട്രോ
ഹ്യുണ്ടേയിയുടെ ഏറ്റവും ജനപ്രിയ മോഡലായ സാൻട്രോയുടെ പുതിയ പതിപ്പിന് ആദ്യ മോഡലിന്റെ സ്വീകര്യത വിപണിയിൽ ലഭിച്ചിരുന്നില്ല. കൂടാതെ ആർഡിഇ നോമ്സിന്റെ ഭാഗമായി കാറിൽ ആറ് എയർബാഗുകള്‍ അടക്കമുള്ളവ ഘടിപ്പിക്കുമ്പോൾ വീണ്ടും വില വർധിക്കുമെന്നത് സാൻട്രോയെ പിൻവലിക്കാൻ ഹ്യുണ്ടേയ്‌യെ പ്രേരിപ്പിച്ചു.
റെനോ ഡസ്റ്റർ
ഒരുകാലത്ത് ഇന്ത്യൻ കോംപാക്ട് എസ്‍യുവി വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു റെനോ ഡസ്റ്റർ. 2012 ൽ നിരത്തിലെത്തിയ ഡസ്റ്ററിന്റെ ഡീസൽ മോഡലായിരുന്നു സ്റ്റാർ. പുറത്തിറങ്ങി ആദ്യ വർഷം തന്നെ 40000 യൂണിറ്റ് ഡസ്റ്ററാണ് വിറ്റുപോയത് അന്ന് അത് റെക്കോഡായിരുന്നു. ഡീസൽ എൻജിന്റെ പിൻമാറ്റവും പുതിയ മോഡൽ എത്തിക്കാതിരുന്നതും ഡസ്റ്ററിന്റെ ജനപ്രീതി കുറച്ചു. എന്നാൽ ഉടനെയില്ലെങ്കിലും ഡസ്റ്ററിന്റെ പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ടൊയോട്ട അർബൻ ക്രൂസർ
മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ ബ്രെസയുടെ ടൊയോട്ട റീബാഡ്ജ്ഡ് മോഡൽ അർബൻ ക്രൂസർ ഈ വർഷം വിപണിയിൽ നിന്ന് പിൻവാങ്ങിയ മറ്റൊരു താരമാണ്. ബ്രെസയുടെ പുതിയ മോഡൽ വിപണിയിലെത്തിയെങ്കിലും അർബൻ ക്രൂസറിന്റേത് ഇതുവരെ ഇറങ്ങിയിട്ടില്ല. സമീപഭാവിയിൽ അർബൻ ക്രീസറിനെ വീണ്ടും എത്തിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
ഫോക്സ്‌വാഗൻ പോളോ
പോളോയെ പോലെ ഇന്ത്യയില്‍ യുവാക്കൾക്കിടയിൽ ഓളം ഉണ്ടാക്കിയ കാറുകൾ വേറെ ഉണ്ടാവില്ല. ഫോക്‌സ്‌വാഗണ്‍ എന്ന ജര്‍മന്‍ കാര്‍ കമ്പനിയെ ഇന്ത്യക്കാര്‍ക്ക് വിപുലമായി പരിചയപ്പെടുത്തിയ, സ്വന്തമായി ആരാധകവൃന്ദത്തെ സൃഷ്ടിച്ച കാറാണ് പോളോ. ഇന്ത്യയിൽ 12 വര്‍ഷത്തെ വിൽപന ചരിത്രം അവസാനിപ്പിച്ചാണ് പോളോ പിൻവാങ്ങിയത്. രാജ്യാന്തര വിപണിയിൽ പോളോയുടെ പുതിയ മോഡൽ അവതരിപ്പിച്ചെങ്കിലും ഇന്ത്യയിൽ നിന്ന് പിൻവലിക്കാൻ തന്നെയായിരുന്നു ഫോക്സ് വാഗണിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...